Bank Strike March 2025: ബാങ്കുകൾ ഇന്നുണ്ടോ ? ജീവനക്കാരുടെ പണിമുടക്കിൽ അറിയേണ്ടത്
Bank Employees Strike Updates: ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായി വിവിധ ആവശ്യങ്ങളടക്കം ചൂണ്ടിക്കാണിച്ച് മാർച്ച് 23 രാത്രി മുതൽ മാർച്ച് 25 വരെയാണ് യുഎഫ്ബിയു പണിമുടക്ക് പ്രഖ്യാപിച്ചത്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ തലത്തിൽ ബാങ്ക് ജീവനക്കാർ സമരം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലുടനീളമുള്ള ഒമ്പത് യൂണിയനുകളിലായി എട്ട് ലക്ഷത്തിലധികം ബാങ്ക് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് സമരത്തിന് ആഘ്വാനം നൽകിയത്. എന്നാൽ ഇതിൽ ചില മാറ്റങ്ങൾ പുതിയതായി വന്നിട്ടുണ്ട്. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം വെള്ളിയാഴ്ച ചീഫ് ലേബർ കമ്മീഷണറുമായുള്ള ചർച്ചയോടനുബന്ധിച്ച് പണിമുടക്ക് മാറ്റി വെച്ചതായി വാർത്താ ഏജൻസിയായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ന് ബാങ്ക് തുറക്കുമോ?
ബാങ്ക് ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്നാണ് കേന്ദ്രം ഉറപ്പുനൽകിയിരിക്കുന്നത്, ഇതിനാൽ പണിമുടക്ക് റദ്ദാക്കിയെന്നാണ് പ്രാഥമിക വിവരം. അതു കൊണ്ട് തന്നെ ബാങ്കിംഗ് മേഖല പതിവ് പോലെ തന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കാം. മാർച്ച് 24 തിങ്കളാഴ്ചയും ബാങ്കുകൾ പ്രവർത്തിക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായി വിവിധ ആവശ്യങ്ങളടക്കം ചൂണ്ടിക്കാണിച്ച് മാർച്ച് 23 രാത്രി മുതൽ മാർച്ച് 25 വരെയാണ് യുഎഫ്ബിയു പണിമുടക്ക് പ്രഖ്യാപിച്ചത്.
മാർച്ച് 22 മുതൽ നാല് ദിവസത്തേക്ക് ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടുമെന്നും മാർച്ച് 23 ബാങ്ക് അവധിയാണെന്നും മാർച്ച് 24-25 തീയതികളിൽ പണിമുടക്കായിരിക്കുമെന്നും ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ (എഐബിഒസി) വൈസ് പ്രസിഡന്റ് പങ്കജ് കപൂർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ബാങ്ക് ജീവനക്കാരുടെ ആവശ്യങ്ങൾ
1. ആർബിഐ, ഇൻഷുറൻസ് കമ്പനികൾ, സർക്കാർ എന്നിവയുൾപ്പെടെ മുഴുവൻ ധനകാര്യ മേഖലയ്ക്കും അഞ്ച് ദിവസത്തെ പ്രവൃത്തി ദിവസമാക്കണം
2. എല്ലാ താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തണം, എല്ലാ കേഡറുകളിലും മതിയായ നിയമനം നടത്തണം
3. പൊതുജനങ്ങളിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്നും അധിക്ഷേപങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
4. ഗ്രാറ്റുവിറ്റി നിയമത്തിൽ ഭേദഗതി വരുത്തി നികുതി ഇളവ് നൽകണം
5. ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും ഇളവ് വ്യവസ്ഥകളിൽ നൽകുന്ന സ്റ്റാഫ് വെൽഫെയർ ആനുകൂല്യങ്ങൾക്ക് ആദായനികുതി ഈടാക്കരുത്
6. ബാങ്കുകളിലെ സ്ഥിരം ജോലികൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നത് അവസാനിപ്പിക്കണം