5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Banking Strike: വരുന്നു ബാങ്ക് ജീവനക്കാരുടെ സമരം , മാർച്ചിൽ സേവനങ്ങളിൽ പ്രശ്നം

Bank Strike Date and Time: നിലവിലുള്ള ജീവനക്കാരുടെ ജോലി ഭാരം ലഘൂകരിക്കുന്നതിനും മെച്ചപ്പെട്ട ഉപഭോക്തൃ സേവനം ഉറപ്പാക്കുന്നതിനും എല്ലാ കേഡറുകളിലും മതിയായ സ്റ്റാഫിംഗ് വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം

Banking Strike: വരുന്നു ബാങ്ക് ജീവനക്കാരുടെ സമരം , മാർച്ചിൽ സേവനങ്ങളിൽ പ്രശ്നം
Banking StrikeImage Credit source: Getty Images
arun-nair
Arun Nair | Published: 18 Mar 2025 12:34 PM

മാർച്ചിൽ ഏതെങ്കിലും സുപ്രധാന കാര്യം ബാങ്ക് മുഖേന ചെയ്ത് തീർക്കാനുണ്ടോ? എങ്കിൽ അൽപ്പം ഒന്ന് കരുതിയിരിക്കണേ. മാർച്ച് 24, 25 തീയതികളിൽ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) നേതൃത്വത്തിൽ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തതിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി മാർച്ച് 22 മുതൽ മാർച്ച് 25 വരെ രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങൾ മുടങ്ങിയേക്കുമെന്നാണ് സൂചന.  എല്ലാ കേഡറുകളിലും മെച്ചപ്പെട്ട നിയമനം, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ, ബാങ്കിംഗ് മേഖലയിൽ ആഴ്ചയിൽ അഞ്ച് ദിവസം ജോലി തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

മാർച്ച് 23 ബാങ്ക് അവധിയായതിനാൽ മാർച്ച് 22 മുതൽ നാല് ദിവസത്തേക്ക് ബാങ്കിംഗ് സേവനങ്ങളെ ബാധിച്ചേക്കും. പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ എന്നിവയിൽ നിന്നുള്ള എട്ട് ലക്ഷത്തിലധികം ജീവനക്കാരെയും ഉദ്യോഗസ്ഥരെയും പ്രതിനിധീകരിക്കുന്ന ഒമ്പത് ബാങ്ക് യൂണിയനുകൾ ഉൾക്കൊള്ളുന്ന സംഘടനയാണ് യുഎഫ്ബിയു. നിലവിലുള്ള ജീവനക്കാരുടെ ജോലി ഭാരം ലഘൂകരിക്കുന്നതിനും മെച്ചപ്പെട്ട ഉപഭോക്തൃ സേവനം ഉറപ്പാക്കുന്നതിനും എല്ലാ കേഡറുകളിലും മതിയായ സ്റ്റാഫിംഗ് വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും പെർഫോമൻസ് അവലോകനങ്ങൾ, പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീം എന്നിവയെക്കുറിച്ചുള്ള സർക്കാർ നിർദ്ദേശങ്ങൾ ഉടൻ പിൻവലിക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെടുന്നു.

ALSO READ: Credit Score-Cibil Score: സിബില്‍ സ്‌കോറും ക്രെഡിറ്റ് സ്‌കോറും ഒന്നാണോ? വ്യത്യാസം മനസിലാക്കാം

ഗ്രാറ്റുവിറ്റി പരിധി 25 ലക്ഷമായി ഉയർത്തുക, ആദായനികുതിയിൽ നിന്ന് ഒഴിവാക്കുക, സ്റ്റാഫ് വെൽഫെയർ ആനുകൂല്യങ്ങൾക്ക് നികുതി ചുമത്തുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഐഡിബിഐ ബാങ്കില് കുറഞ്ഞത് 51 ശതമാനം ഓഹരി നിലനിര്ത്തണമെന്നും ബാങ്കുകളിലെ സ്ഥിരം ജോലികള് ഔട്ട്സോഴ്സ് ചെയ്യുന്നത് നിർത്തണമെന്നും യൂണിയനുകൾ സർക്കാരിനോട് ആവശ്യപ്പെടുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഇൻഷുറൻസ് കമ്പനികളും ഉൾപ്പെടെയുള്ള സാമ്പത്തിക മേഖല ഇതിനകം തന്നെ ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തി പിന്തുടരുന്നുണ്ടെന്ന് യുഎഫ്ബിയു പറഞ്ഞു. ഇന്ത്യൻ ബാങ്കുകൾ ഇതിനകം ഇത് അംഗീകരിക്കുകയും ഒരു വർഷം മുമ്പ് സർക്കാരിന് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു, പക്ഷേ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല,ഈ വിഷയങ്ങളിൽ സർക്കാർ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.