First CNG-powered bike: ലോകത്തിലെ ആദ്യ സിഎൻജി ബൈക്ക് പുറത്തിറക്കി ബജാജ്; അറിയാം വിലയും മറ്റ് വിവരങ്ങളും
Freedom 125: സിഎൻജിക്കും പെട്രോളിനുമുള്ള പ്രത്യേക ഇന്ധനടാങ്ക്, വലിയ സീറ്റ്, റൗണ്ട് എൽഇഡി ടെയിൽ ഹെഡ്‌ലാംപ് എന്നിവയും ഇതിനൊപ്പമുണ്ട്. ഫ്രീഡം 125 എന്ന് വിളിക്കുന്ന ബൈക്കിന്റെ പ്രാരംഭ വില 125 95,000 രൂപയാണ്.
മുംബൈ: ലോകത്തിലെ ആദ്യ സിഎൻജി ബൈക്ക് പുറത്തിറക്കി ബജാജ്. സിഎൻജിയിൽ നിന്ന് പെട്രോളിലേക്കും തിരിച്ചും മാറാനുള്ള കഴിവ് ഈ ബൈക്കിനുണ്ട് എന്നതാണ് പ്രധാന സവിശേഷത. ഇതിനായി ഒരു സ്വിച്ച് ആണ് ഉള്ളത്. സിഎൻജിക്കും പെട്രോളിനുമുള്ള പ്രത്യേക ഇന്ധനടാങ്ക്, വലിയ സീറ്റ്, റൗണ്ട് എൽഇഡി ടെയിൽ ഹെഡ്‌ലാംപ് എന്നിവയും ഇതിനൊപ്പമുണ്ട്. ഫ്രീഡം 125 എന്ന് വിളിക്കുന്ന ബൈക്കിന്റെ പ്രാരംഭ വില 125 95,000 രൂപയാണ്.
ആദ്യ ഘട്ടത്തിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉള്ള ഷോറൂമുകളിലാണ് ഇതെത്തുക. പിന്നീട് മറ്റ് നഗരങ്ങളിലേക്കും എത്തിക്കും. അംഗീകൃത ബജാജ് ഷോറൂമുകളിലും അതിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ബൈക്ക് ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്.
പൂനെയിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിൽ ബജാജ് ഓട്ടോയുടെ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജാണ് ബൈക്ക് പുറത്തിറക്കിയത്. വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹർദ്ദമായും ഒരു ബൈക്ക് അവതരിപ്പിക്കുക എന്ന വെല്ലുവിളിയാണ് കമ്പനി അഭിമുഖീകരിച്ചതെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ്മ പറഞ്ഞു.
ALSO READ: ബ്രെസ്സക്ക് വെല്ലുവിളി, നെക്‌സോൺ സിഎൻജി കളം നിറയും, മൈലേജാണ് പൊളി
ഒരു കിലോ സിഎൻജിയിൽ 102 കിലോമീറ്റർ ഇത് ഓടും. ഫുൾ ടാങ്ക് സിഎൻജിയിൽ ഏകദേശം 200 കിലോമീറ്റർ മൈലേജ് നൽകും. സിഎൻജി ടാങ്ക് ശൂന്യമായാൽ 2 ലിറ്രറിന്റെ പെട്രോൾ ടാങ്കിൽ നിന്ന് ഇന്ധനമെടുത്ത് 130 കിലോമീറ്ററിലധികം ഓടാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള എൽസിഡി ഇൻസ്ട്രുമെൻ്റ് കൺസോൾ എന്നിവയ്ക്കൊപ്പം എബോണി ബ്ലാക്ക്, കരീബിയൻ ബ്ലൂ, സൈബർ വൈറ്റ്, റേസിംഗ് റെഡ്, പ്യൂട്ടർ ഗ്രേ എന്നീ അഞ്ച് നിറങ്ങളിൽ ബൈക്ക് ലഭ്യമാണ്.
ഡ്രം, ഡ്രം എൽഇഡി, ഡിസ്‌ക് എൽഇഡി എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളാണ് ഫ്രീഡം സിഎൻജി ബൈക്കിൽ ഉണ്ടാവുക. ഡ്രം വേരിയൻ്റിന് 95,000 രൂപയാണ് വില. ഡ്രം എൽഇഡിയുടെ വില 1.05 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയൻ്റ് ഡിസ്‌ക് എൽഇഡി 1.10 ലക്ഷം രൂപയുമാണ് വില.