ATM Transaction: എടിഎം ഉപയോഗിക്കാറുണ്ടോ; ഇനി അൽപ്പം ചെലവേറും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…
ATM Transaction: ഒരു ബാങ്കിന്റെ ഉപഭോക്താവ് പണം പിൻവലിക്കാൻ മറ്റൊരു ബാങ്കിന്റെ എടിഎം ഉപയോഗിക്കുമ്പോൾ കാർഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക് മറ്റേ ബാങ്കിലേക്ക് ഫീസ് അടയ്ക്കേണ്ടി വരും. ഈ ചാർജാണ് എടിഎം ഇൻ്റർചേഞ്ച്. സാധാരണയായി ഇടപാടിന്റെ ഒരു ശതമാനമാണ് ഫീസ് വരിക.

മെയ് 1 മുതൽ എടിഎം ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ അംഗീകാരം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). സാമ്പത്തിക ഇടപാടുകൾക്ക് 2 രൂപ, സാമ്പത്തികേതര ഇടപാടുകൾക്ക് 1 രൂപ എന്ന നിരക്കിലാണ് ആർ ബിഐ തുക വർധിപ്പിച്ചിരിക്കുന്നത്.
എന്താണ് എടിഎം ഇൻ്റർചേഞ്ച്?
ഒരു ബാങ്കിന്റെ ഉപഭോക്താവ് പണം പിൻവലിക്കാൻ മറ്റൊരു ബാങ്കിന്റെ എടിഎം ഉപയോഗിക്കുമ്പോൾ കാർഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക് മറ്റേ ബാങ്കിലേക്ക് ഫീസ് അടയ്ക്കേണ്ടി വരും. ഈ ചാർജാണ് എടിഎം ഇൻ്റർചേഞ്ച്. സാധാരണയായി ഇടപാടിന്റെ ഒരു ശതമാനമാണ് ഫീസ് വരിക.
വർധിപ്പിച്ച ഫീസ് എത്ര?
പണം പിൻവലിക്കുന്നതിനുള്ള ഫീസ് 2 രൂപയായി വർധിപ്പിച്ചു. ഇനി മുതൽ ഓരോ ഇടപാടിനും 19 രൂപ ഈടാക്കും. നേരത്തെ ഇത് 17 രൂപയായിരുന്നു. ബാലൻസ് അറിയാനുള്ള ഫീസ് 6 രൂപയിൽ നിന്ന് 7 രൂപയായി വർദ്ധിപ്പിച്ചു. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) ശുപാർശയെത്തുടർന്ന് ആർബിഐ അംഗീകരിച്ച വില പരിഷ്കരണത്തിന്റെ ഭാഗമാണ് ഈ ഫീസ് വർധനവ്.
വർധനവ് വരുത്തിയത് എന്തുകൊണ്ട്?
ഫീസ് വർധനവിന്റെ കാരണം ആർബിഐ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാലും, പ്രവർത്തനച്ചെലവ് കാരണം ഫീസ് വർധിപ്പിക്കണമെന്ന് ബാങ്ക് ഇതര സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നടത്തിപ്പിലുമുള്ള വൈറ്റ്-ലേബൽ എടിഎമ്മുകൾ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്.
ബാധിക്കുന്നത് ആരെ?
ബാങ്കുകൾക്ക് മുകളിൽ കൂടുതൽ സാമ്പത്തിക ഭാരം ഉണ്ടാകാൻ ഇന്റർചേഞ്ച് ഫീസ് ചാർജ് വർധിപ്പിച്ചത് കാരണമാകും. എന്നാൽ ഇത് ഉപഭോക്താക്കളിലേക്ക് എത്തുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മുമ്പ് ഇന്റർചേഞ്ച് ഫീസ് പരിഷ്കരിച്ചപ്പോഴെല്ലാം, ബാങ്കിന്റെ സാമ്പത്തിക ബാധ്യത ഉപഭോക്താക്കളിലേക്ക് നൽകിയിരുന്നു. അതുകൊണ്ട് തന്നെ ബാങ്കുകൾ ഉപഭോക്താക്കൾക്കുള്ള ഫീസ് വർധിപ്പിക്കാൻ സാധ്യതയുണ്ട്.
ചെറിയ ബാങ്കുകളിലെ ഉപഭോക്താക്കളെ ഈ നീക്കം വലിയ അളവിൽ ബാധിക്കുമെന്നാണ് കരുതുന്നത്. കാരണം അത്തരം ബാങ്കുകൾ പലപ്പോഴും എടിഎം സേവനങ്ങൾക്കായി വലിയ ബാങ്കുകളെയാണ് ആശ്രയിക്കുന്നത്.