Anil Ambani : പണ്ട് റോൾസ് റോയ്സും ബെൻസും, ഇപ്പോൾ സഞ്ചാരം ഹണ്ടെയ് ഇവിയിൽ; അനിയൻ അംബാനിയുടെ വീഴ്ച മാരകം
Anil Ambani Traveling In Hyundai EV : ഒരുകാലത്ത് ആഡംബര കാറുകളിൽ സഞ്ചരിച്ചിരുന്ന അനിൽ അംബാനി ഇപ്പോൾ സഞ്ചരിക്കുന്നത് ഹ്യുണ്ടായ് ഇവിയിൽ. ഹ്യുണ്ടായ് അയോണിക് 5 ഇവിയാണ് ഇപ്പോൾ യാത്രകൾക്കായി അനിൽ അംബാനി ഉപയോഗിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ലോകത്തെ അതിസമ്പന്നരിൽ ഒരാളായിരുന്ന അനിൽ അംബാനി ഇന്ന് പാപ്പരാണ്. ബിസിനസ് സംരംഭങ്ങളിലൊക്കെ തിരിച്ചടി നേരിട്ട അനിൽ അംബാനിയെ 2020 ഫെബ്രുവരിയിൽ യുകെ കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു. നേരത്തെ റോൾസ് റോയ്സും ബെൻസും പോലുള്ള ആഡംബര വാഹനങ്ങളിൽ സഞ്ചരിച്ചിരുന്ന അനിൽ അംബാനിയുടെ ഇപ്പോഴത്തെ യാത്ര ഹണ്ടെയ് ഇലക്ട്രിക്ക് കാറിലാണ്.
ഇക്കൊല്ലം ഫെബ്രുവരിയിൽ മുംബൈയിലാണ് അനിൽ അംബാനി ഹണ്ടെയ് കാറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ആദ്യം പുറത്തുവന്നത്. അനിൽ അംബാനിയുടെ കാർ ശേഖരത്തിലെ ഏറ്റവും പുതിയ വാഹനമെന്നതായിരുന്നു ആ സമയത്തെ അഭ്യൂഹങ്ങൾ. എന്നാൽ, അംബാനി ഇപ്പോൾ ഈ വാഹനത്തിലാണ് സഞ്ചരിക്കുന്നതെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹണ്ടെയ് അയോണിക് 5 ഇവിയാണ് ഇപ്പോൾ അനിൽ അംബാനി യാത്രകൾക്കായി ഉപയോഗിക്കുന്നത്. ഇലക്ട്രിക് കാർ ആയതുകൊണ്ട് തന്നെ ഉയർന്ന പെട്രോൾ വിലയിൽ നിന്ന് രക്ഷപ്പെടാനും കഴിയും.
ഹണ്ടെയ് കാറാണെങ്കിലും വില അത്ര കുറവല്ല. 46.05 ലക്ഷം രൂപയാണ് ഇന്ത്യയിൽ കാറിൻ്റെ വില. മുൻപ് അനിൽ അംബാനി സഞ്ചരിച്ചിരുന്ന കാറുകളുടെ വില പരിഗണിക്കുമ്പോൾ ഇത് കുറവാണെങ്കിലും ഈ വില അത്ര കുറവല്ല. ഏതാണ്ട് അരക്കോടിയോളം രൂപ മുടക്കി വാങ്ങിയ കാറാണ് ഇത്. 18 മിനിറ്റിനുള്ളില്‍ 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ വാഹനത്തിന് സാധിക്കും.
ബിവൈഡി സീൽ എന്ന മറ്റൊരു ഇലക്ട്രിക് വാഹനം കൂടി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുണ്ട്. അനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാൻ അനിൽ എത്തിയത് ഈ വാഹനത്തിലായിരുന്നു. ഈ രണ്ട് ഇവികളല്ലാതെ മെഴ്സിഡസ് ബെൻസ് ജിഎൽഎസ് 450, മെഴ്സിഡസ് ബെൻസ് എസ് ക്ലാസ് എസ് S450 എന്നീ രണ്ട് വാഹനങ്ങൾ കൂടി അനിൽ അംബാനിയുടെ ഗാരേജിലുണ്ട്. എന്നാൽ, യാത്രകൾക്കായി കൂടുതൽ ഉപയോഗിക്കുന്നത് ഹ്യുണ്ടായ് ഇവിയാണെന്നാണ് റിപ്പോർട്ടുകൾ.
മുകേഷ് അംബാനി ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ മുന്നോട്ടുകുതിക്കുമ്പോഴാണ് അനിയൻ അനിൽ അംബാനി ചെലവ് ചുരുക്കലുമായി ഒതുങ്ങുന്നത്. ഒരിക്കൽ ലോകത്തെ അതിസമ്പന്നരിൽ ആറാം സ്ഥാനത്തായിരുന്നു അനിൽ അംബാനി. 42 ബില്ല്യൺ ഡോളർ ആസ്തിയുണ്ടായിരുന്ന അദ്ദേഹത്തിൻ്റെ തകർച്ച അവിശ്വസനീയമായിരുന്നു. 2019ൽ സ്വീഡിഷ് കമ്പനിയായ എറിക്സണ് നൽകാനുള്ള കുടിശ്ശികയുടെ പേരിൽ മുംബൈയിലെ കോടതി അനിൽ അംബാനിയെ ശിക്ഷിച്ചു. ചേട്ടൻ മുകേഷ് അംബാനിയാണ് അനിലിനെ ജാമ്യത്തിലെടുത്തത്. ഈ സംഭവത്തോടെ റിലയൻസ് കമ്മ്യൂണിക്കേഷൻസിൻ്റെ തകർച്ച പൂർണമായി. ഒരുകാലത്ത് ഇന്ത്യൻ ടെലികോം രംഗത്ത് വിപ്ലവമുണ്ടാക്കിയ കമ്പനിയായിരുന്നു റിലയൻസ് കമ്മ്യൂണിക്കേഷൻസ്. നിരക്കുകൾ കുറച്ച് കളം പിടിച്ച ആർകോം ക്ഷീണിച്ചതോടെ ചേട്ടൻ മുകേഷ് അംബാനിയുടെ ജിയോ കളം പിടിച്ചു. ഇതോടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് അടച്ചുപൂട്ടി. കമ്പനി 47,000 കോടതിയുടെ കടത്തിലുമായി.
2020 മൂന്ന് ചൈനീസ് ബാങ്കുകളുമായുള്ള സാമ്പത്തികത്തർക്കം അംബാനിയുടെ തകർച്ച പൂർണമായി. ഈ തുക കൊടുക്കാനില്ലാത്തതോടെയാണ് അനിലിനെ യുകെ കോടതി പാപ്പരായി പ്രഖ്യാപിച്ചത്. നേരത്തെ, ലാൻഡ് റോവർ, റേഞ്ച് റോവർ, മെഴ്സിഡസ് ബെൻസ് എസ് ക്ലാസ്, റോൾസ് റോയ്സ് ഫാൻ്റം, ലംബോർഗിനി ഗല്ലാർഡോ തുടങ്ങിയ ആഡംബര കാറുകൾ സ്വന്തമായുണ്ടായിരുന്ന അദ്ദേഹം പിന്നീട് ഇതെല്ലാം വിൽക്കുകയായിരുന്നു.
ഇപ്പോൾ അനിൽ അംബാനി തിരിച്ചുവരവിൻ്റെ പാതയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇലക്ട്രിക്ക് കാറുകളിൽ സഞ്ചരിച്ച് ഒടുവിൽ ഇലക്ട്രിക് കാർ നിമാണത്തിലേക്ക് കടക്കുകയാണെന്നാണ് വിവരം. അനിലിൻ്റെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഇലക്ട്രിക് കാർ നിർമാണത്തിലേക്ക് കടക്കുകയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് അഥവാ ബിവൈഡിയുടെ മുൻ ജീവനക്കാരനാണ് പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്. ഈ കമ്പനിയുടെ തന്നെ കാറാണ് അനിൽ അംബാനിയുടെ ശേഖരത്തിലുള്ളതും. നിലവിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഇവി ഫാക്ടറി നിർമിച്ചുകൊണ്ടിരിക്കുകയാണ്.