5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഇനി ജിയോ സിനിമയിൽ പരസ്യം വരില്ല; ഈ പ്ലാൻ ഉടൻ ?

പ്രതിവർഷം 4,750 കോടി രൂപയോളം ഇതിനായി ചിലവഴിച്ചിട്ടും ജിയോ സിനിമ സൗജന്യമായാണ് കാണികളിലേയ്ക്ക് ഐപിഎൽ എത്തിക്കുന്നത്.

ഇനി ജിയോ സിനിമയിൽ പരസ്യം വരില്ല; ഈ പ്ലാൻ ഉടൻ ?
aswathy-balachandran
Aswathy Balachandran | Updated On: 24 Apr 2024 11:05 AM

ന്യൂഡൽഹി: പെട്ടെന്നുള്ള പ്രഖ്യാപനങ്ങളിലൂടെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള ശത കോടീശ്വരൻ മുകേഷ് അംബാനി ഇത്തവണയും തന്റെ പ്രഖ്യാപനത്തിലൂടെ ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 25 ന് ജിയോ സിനിമയുമായി ബന്ധപ്പെട്ട് വൻ പ്രഖ്യാപനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷമാണ് മുകേഷ് അംബാനിയുടെ ജിയോ സിനിമ 23,758 കോടി രൂപ നൽകി അഞ്ച് വർഷത്തേക്ക് ഐ.പി.എൽ. ഗെയിമുകൾ ഓൺലൈനിൽ സ്ട്രീം ചെയ്യാനുള്ള അവകാശം നേടിയത്. പ്രതിവർഷം 4,750 കോടി രൂപയോളം ഇതിനായി ചിലവഴിച്ചിട്ടും ജിയോ സിനിമ സൗജന്യമായാണ് കാണികളിലേയ്ക്ക് ഐപിഎൽ എത്തിക്കുന്നത്.
ഐപിഎല്ലിന് പുറമേ മറ്റു ചില കണ്ടന്റുകളും പ്ലാറ്റ്‌ഫോം സൗജന്യമായി ഉപയോക്താക്കളിലേയ്ക്ക് എത്തിക്കുന്നുണ്ട്.

ഇത്രയും തുക മുടക്കി സംപ്രേക്ഷണ അവകാശം നേടിയിട്ട് അബാനിക്ക് എങ്ങനെ സൗജന്യമായി ഇതിനു സാധിക്കുന്നു എന്നത് കാണികളെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഇതിന് പരസ്യ വരുമാനം എന്ന ഉത്തരമാകും പലപ്പോഴും ലഭിക്കുക.
രസിച്ചിരുന്നു ഐപിഎൽ കാണുമ്പോൾ ഇടയിൽ രസം കൊല്ലാൻ പരസ്യമെത്തുന്നത് പലപ്പോഴും പ്രേക്ഷകർകരെ അലട്ടാറുണ്ട്.

ഈ പരസ്യങ്ങളെ ഒഴിവാക്കാൻ ഉള്ള ആ​ഗ്രഹം തോന്നാത്തവരായി ആരുമുണ്ടാവില്ല. ഇതിനു പരിഹാരമായാണ് ഇനി വരാൻ പോകുന്ന പ്രഖ്യാപനമെന്നാണ് പ്രതീ​ക്ഷ.
ഏപ്രിൽ 25 ന് അംബാനി ജിയോ സിനിമയിൽ ഒരു പരസ്യ രഹിത പ്ലാൻ പ്രഖ്യാപിച്ചേക്കുമെന്നാണു വിവരം. ഐപിഎൽ മത്സരങ്ങൾക്കിടെ ജിയോ സിനിമ തന്നെ പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുടെ സൂചനകളും ഇതിനൊപ്പം നൽകുന്നുണ്ട്.

ഈ പ്ലാൻ ഏപ്രിൽ 25 ന് അവതരിപ്പിക്കുമെന്നും ഇതിൽ പറയുന്നു. കുറഞ്ഞ നിരക്കിൽ പരസ്യം നൽകാനുള്ള പ്ലാനുകളും ജിയോ സിനിമയെ വ്യത്യസ്തമാക്കുന്നുണ്ട്. ഇത് കൂടുതൽ കാലത്തേക്ക് പരസ്യ ദാതാക്കളെ പിടിച്ചു നിർത്തുന്നുണ്ട്. വിപണിയിലെ മറ്റു പ്ലാറ്റ്‌ഫോമുകൾ പരിഗണിക്കുമ്പോൾ ജിയോ സിനിമയുടെ നിബന്ധനകൾ ഏറെ ആകർഷകമാണ്.

പരസ്യം കൂടാതെ മുകേഷ് അംബാനിക്ക് ഡാറ്റാ ചെലവിൽ നിന്നും പണമെത്തുന്നു. ടെലികോം സേവനമായ ജിയോ കുറഞ്ഞ നിരക്കിൽ അതിവേഗ 5 ജി സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് മുകേഷ് അംബാനിയുടെ ജിയോ. കൂടുതൽ ഉപയോക്താക്കളും ഐ പി എൽ ഓൺലൈനിൽ സ്ട്രീം ചെയ്യുന്നതിനാൽ, അംബാനിയുടെ ജിയോ അതിൽ നിന്ന് കൂടുതൽ നേട്ടമുണ്ടാക്കുന്നു. ഐപിഎൽ 2024 -ന് മുന്നോടിയായി റിലയൻസ് ജിയോ പ്രത്യേക പ്ലാനുകൾ അവതരിപ്പിച്ചിരുന്നു.

ഇതു കമ്പനിയുടെ വരുമാനം ഗണ്യമായി വർധിപ്പിച്ചെന്ന് ഇന്നലെ പുറത്തുവന്ന വരുമാനകണക്കുകളും വ്യക്തമാക്കുന്നു. റിലയൻസ് ജിയോ വാർഷികാ ടിസ്ഥാനത്തിൽ 13% വരുമാന വളർച്ച നേടി. 28,871 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. ഇതേ കാലയളവിൽ എബിറ്റഡ 12 ശതമാനം ഉയർന്ന് 14,360 കോടി രൂപയിലെത്തി. ഇക്കാലയളവിൽ അറ്റാദായവും 12 ശതമാനം വർധിച്ച് 5,583 കോടി രൂപയിലെത്തി.

നിലവിൽ ജിയോസിനിമ പ്രതിവർഷം 999 രൂപ വിലയുള്ള വാർഷിക സബ്സ്‌ക്രിപ്ഷൻ പ്ലാനാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഉപയോക്താക്കൾക്ക് 99 രൂപയുടെ പ്രതിമാസ പ്ലാനും വാങ്ങാം. ജിയോ സിനിമ അതിന്റെ പ്രധാന എതിരാളിയായ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിനെ അടുത്തിടെ സ്വന്തമാക്കിയിരുന്നു. അതിനാൽ തന്നെ വിപണിയിൽ നിലവിൽ മത്സരം കുറവാണെന്നാണ് കണക്കാക്കുന്നത്. ഇതു കൊണ്ടു തന്നെ അംബാനിക്ക് കൂടുതൽ പ്രഖ്യാപനങ്ങൾക്കും ഇടപെടലുകൾക്കും അവസരം ലഭിക്കുന്നുണ്ടെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. അംബാനിയുടെ ഒാരോ പ്രഖ്യാപനങ്ങളും വ്യത്യസ്ത മാകുന്നതിനൊപ്പം കൂടുതൽ മാർക്കറ്റിനെ സ്വാധീനിക്കുന്നതും കൂടിയാണ് എന്നത് ഏറ്റവും ശ്രദ്ധേയമായ വസ്തുതയാണ്.