Air India Express: 932 രൂപയ്ക്ക് വിമാനടിക്കറ്റോ…? പറപറക്കാം ഇത്തവണത്തെ ഓണം; വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്
Air India Express Offer: മറ്റ് ബുക്കിംഗ് മാർഗങ്ങളിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 1088 രൂപ മുതലുള്ള എക്‌സ്‌പ്രസ് വാല്യൂ നിരക്കിലാണ് ലഭിക്കുന്നത്. കൊച്ചി- ബാംഗ്ലൂർ, ബാംഗ്ലൂർ- ചെന്നൈ മുതൽ ഡെൽഹി-ഗ്വാളിയർ, ഗുവാഹത്തി- അഗർത്തല തുടങ്ങി നിരവധി റൂട്ടുകളിലാണ് ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുന്നത്.
കൊച്ചി: ഓണക്കാലത്ത് വമ്പിച്ച ഓഫറുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്. 932 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഫ്‌ളാഷ് സെയിൽ (Air India Express starts flash sale) ഓഫറിലാണ് ഇത്രയധികം വിലക്കുറവ് ലഭ്യമാവുക. 2025 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി സെപ്‌റ്റംബർ 16 വരെ എയർ ഇന്ത്യ എക്‌സ്‌പ്രസ് വെബ്‌സൈറ്റിലൂടെയും (airindiaexpress.com) മൊബൈൽ ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 932 രൂപ മുതലുള്ള എക്‌സ്‌പ്രസ് ലൈറ്റ് നിരക്കിൽ ലഭിക്കുന്നത്.
മറ്റ് ബുക്കിംഗ് മാർഗങ്ങളിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 1088 രൂപ മുതലുള്ള എക്‌സ്‌പ്രസ് വാല്യൂ നിരക്കിലാണ് ലഭിക്കുന്നത്. കൊച്ചി- ബാംഗ്ലൂർ, ബാംഗ്ലൂർ- ചെന്നൈ മുതൽ ഡെൽഹി-ഗ്വാളിയർ, ഗുവാഹത്തി- അഗർത്തല തുടങ്ങി നിരവധി റൂട്ടുകളിലാണ് ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുന്നത്. ഓണക്കാലത്ത് മലയാളികൾ ഏറ്റവുമധികം ആശ്രയിക്കുന്ന റൂട്ടുകളാണ് ഇവ. കൂടാതെ വെബ്‌സൈറ്റിലൂടെ നേരത്തെ ബുക്ക് ചെയ്‌ത് ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ എക്‌സ്‌പ്രസ് ലൈറ്റ് നിരക്കുകളിൽ യാത്ര ചെയ്യുന്നവർക്ക് മൂന്ന് കിലോ അധിക ക്യാബിൻ ബാഗേജ് സൗജന്യമായി ലഭിക്കുന്നതാണ്.
ALSO READ: ഓണം ഓടിതീർക്കേണ്ട… ഓണത്തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു റൂട്ടിൽ ഒരു സ്പെഷൽ ട്രെയിൻ കൂടി
സാധാരണയായി കൂടുതൽ ലഗേജ് ഉള്ളവർക്ക് ആഭ്യന്തര വിമാനങ്ങളിൽ 15 കിലോ ചെക്ക് ഇൻ ബാഗേജിന് 1000 രൂപയും, അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്‌ക്ക് 1300 രൂപയുമാണ് ഈടാക്കുന്നത്. ഇതെല്ലാം കൂടാതെ വെബ്‌സൈറ്റിലൂടെ ടിക്കറ്റെടുക്കുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് ലോയൽറ്റി അംഗങ്ങൾക്ക് എട്ട് ശതമാനം വരെ ന്യൂ കോയിനുകൾ ലഭ്യമാകും. ഒപ്പം തന്നെ 40 ശതമാനം കിഴിവിൽ ഗോർമേർ ഭക്ഷണം, പാനീയങ്ങൾ, ബിസ്, പ്രൈം സീറ്റുകൾ, മുൻഗണന സേവനങ്ങൾ എന്നിവയും ലഭിക്കുന്നതാണ്.
വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ഡോക്ടർ, നഴ്‌സ്, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ, ചെറുകിട ഇടത്തരം സംരംഭകർ എന്നിവർക്കും വെബ്‌സൈറ്റിലൂടെ പ്രത്യേക കിഴിവിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം ഉണ്ട്. എയർ ഇന്ത്യ എക്‌സ്‌പ്രസിൻറെ എല്ലാ പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ബിസിനസ് ക്ലാസിന് തുല്യമായ എക്‌സ്‌പ്രസ് ബിസ് നിരക്കുകൾ ലഭ്യമാണ്.
അതേസമയം മികച്ച യാത്രാ അനുഭവത്തിനായി 58 ഇഞ്ച് വരെ സീറ്റുകൾ തമ്മിൽ അകലമുള്ള എക്‌സ്‌പ്രസ് ബിസ് വിഭാഗത്തിലേക്ക് യാത്രക്കാർക്ക് ടിക്കറ്റ് മാറ്റിയെടുക്കുന്നതിനും അവസരമുണ്ട്. ഓരോ മാസവും പുതിയ നാല് വിമാനങ്ങളാണ് അതിവേഗ വികസനത്തിൻറെ ഭാഗമായി എയർ ഇന്ത്യ എക്‌സ്‌പ്രസിൻറെ ഫ്ളീറ്റിലേക്ക് ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. 2023 ഒക്ടോബറിന് ശേഷം എയർ ഇന്ത്യ ഉൾപ്പെടുത്തിയ 30 ലധികം പുതിയ വിമാനങ്ങളിൽ നാല് മുതൽ എട്ട് വരെ ബിസ് ക്ലാസ് സീറ്റുകളാണുള്ളത്.