Air India Express Flight: പ്രവാസികൾക്കിതാ ഓണസമ്മാനം…; തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്
Air India Express New Flight: കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് ഓണസമ്മാനമായാണ് തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് വിമാന സർവീസ് ആരംഭിച്ചതെന്ന് ടിയാൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ആഴ്ച്ചയിലും തിങ്കളാഴ്ച ദിവസം രാത്രി 7.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 10.40 ന് റിയാദിലെത്തിചേരുന്നതാണ്.
തിരുവനന്തപുരം: എയർ ഇന്ത്യ ഇത്തവണത്തെ ഓണം കളറാക്കാൻ പ്രവാസികൾക്കൊരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്. പ്രവാസികളുടെ ഏറെക്കാലമായുള്ള ആവശ്യത്തിനാണ് എയർ ഇന്ത്യ എക്സ്പ്രസ് (Air India Express New Flight) പച്ചക്കൊടി കാണിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് (Thiruvananthapuram to Riyadh) നേരിട്ടുള്ള വിമാന സർവീസിന് തുടക്കമായിരിക്കുകയാണ്. പ്രവാസികളുടെ ആവശ്യത്തെ തുടർന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസുകൾ തുടങ്ങിയത്. തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡാണ് (ടിയാൽ) ഇക്കാര്യം അറിയിച്ചത്. ആദ്യ സർവീസ് സെപ്റ്റംബർ ഒമ്പതിന് ആരംഭിച്ചു.
കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് ഓണസമ്മാനമായാണ് തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് വിമാന സർവീസ് ആരംഭിച്ചതെന്ന് ടിയാൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ആഴ്ച്ചയിലും തിങ്കളാഴ്ച ദിവസം രാത്രി 7.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 10.40 ന് റിയാദിലെത്തിചേരുന്നതാണ്. എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് നമ്പർ IX 521 ആണ് സർവീസ് നടത്തുന്നത്. അതേ ദിവസം തന്നെ എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് നമ്പർ IX 522 മടക്കയാത്രയും നടത്തുന്നതാണ്. രാത്രി 11:20 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7:30 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
ALSO READ: 932 രൂപയ്ക്ക് വിമാനടിക്കറ്റോ…? പറപറക്കാം ഇത്തവണത്തെ ഓണം; വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്
പുതുതായി ആരംഭിച്ച സർവീസ് കേരളത്തിലെ ജനങ്ങൾക്ക് മാത്രമല്ല, സൗദി അറേബ്യയിൽ താമസിക്കുന്ന തമിഴ്നാട് പ്രവാസികൾ ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ. അതേസമയം ഓണക്കാലത്ത് വമ്പിച്ച ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ് രംഗത്തെത്തിയിട്ടുണ്ട്. 932 രൂപ മുതൽ എയർ ഇന്ത്യയിൽ ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നുണ്ട്. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഫ്‌ളാഷ് സെയിൽ ഓഫറിലാണ് ഇത്രയധികം വിലക്കുറവ് ലഭ്യമാവുക.
2025 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി സെപ്‌റ്റംബർ 16 വരെ എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ airindiaexpress.com എന്ന വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 932 രൂപ മുതലുള്ള എക്‌സ്‌പ്രസ് ലൈറ്റ് നിരക്കിൽ ലഭിക്കുന്നത്. മറ്റ് ബുക്കിംഗ് മാർഗങ്ങളിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 1088 രൂപ മുതലുള്ള എക്‌സ്‌പ്രസ് വാല്യൂ നിരക്കിലാണ് ലഭിക്കുന്നത്. കൊച്ചി- ബാംഗ്ലൂർ, ബാംഗ്ലൂർ- ചെന്നൈ മുതൽ ഡെൽഹി-ഗ്വാളിയർ, ഗുവാഹത്തി- അഗർത്തല തുടങ്ങി നിരവധി റൂട്ടുകളിലാണ് ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുന്നത്.
ഓണക്കാലത്ത് മലയാളികൾ ഏറ്റവുമധികം ആശ്രയിക്കുന്ന റൂട്ടുകൾ കേന്ദ്രീകരിച്ചാണ് ഓഫറുകൾ നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ വെബ്‌സൈറ്റിലൂടെ നേരത്തെ ബുക്ക് ചെയ്‌ത് ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ എക്‌സ്‌പ്രസ് ലൈറ്റ് നിരക്കുകളിൽ യാത്ര ചെയ്യുന്നവർക്ക് മൂന്ന് കിലോ അധിക ക്യാബിൻ ബാഗേജ് സൗജന്യമായി ലഭിക്കുന്നതാണ്. സാധാരണയായി കൂടുതൽ ലഗേജ് ഉള്ളവർക്ക് ആഭ്യന്തര വിമാനങ്ങളിൽ 15 കിലോ ചെക്ക് ഇൻ ബാഗേജിന് 1000 രൂപയും, അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്‌ക്ക് 1300 രൂപയുമാണ് ഈടാക്കുന്നത്.