5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Air India Express : യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ‘സമ്മാനം’, കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് അധിക ആനുകൂല്യം; പ്രവാസികളുടെ ശ്രദ്ധയ്ക്ക്‌

Air India Express raises free baggage allowance : 100 വിമാനങ്ങള്‍ എന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് കമ്പനി. ഈ സാമ്പത്തിക വര്‍ഷം തന്നെ ഈ നേട്ടം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള നീക്കത്തിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നാണ് റിപ്പോര്‍ട്ട്. എക്‌സ്പ്രസ് ബിസ്, എക്‌സ്പ്രസ് ലൈറ്റ് തുടങ്ങിയ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു

Air India Express : യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ‘സമ്മാനം’, കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് അധിക ആനുകൂല്യം; പ്രവാസികളുടെ ശ്രദ്ധയ്ക്ക്‌
Air India ExpressImage Credit source: PTI
jayadevan-am
Jayadevan AM | Published: 22 Jan 2025 21:55 PM

നുവദിച്ചിരിക്കുന്ന ചെക്ക് ഇന്‍ ബാഗേജിന്റെ പരിധി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. എയർലൈൻ സ്റ്റാൻഡേർഡ് ബാഗേജ് അലവൻസ് 20 കിലോഗ്രാമിൽ നിന്ന് 30 കിലോഗ്രാമായി ഉയർത്തി. തീരുമാനം ഉടന്‍ പ്രാബല്യത്തിലാകും. കൂടാതെ ഏഴ് കിലോ ക്യാബിന്‍ ബാഗേജും അനുവദിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലേക്കും സിംഗപ്പൂരിലേക്കുമുള്ള യാത്രക്കാര്‍ക്കാണ് പുതിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ഇതിന് പുറമെ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് 10 കിലോഗ്രാം സൗജന്യ ചെക്ക്-ഇൻ ബാഗേജിന്റെ അധിക ആനുകൂല്യം ലഭിക്കും. കുടുംബങ്ങൾക്ക് യാത്ര എളുപ്പമാക്കുക, അന്താരാഷ്ട്ര റൂട്ടുകളിലെ മൊത്തത്തിലുള്ള യാത്രാനുഭവം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ക്ക് പുതിയ നീക്കം സഹായകരമാകുമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രതീക്ഷ.

യാത്രക്കാര്‍ക്ക് രണ്ട് ക്യാബിന്‍ ബാഗേജ് വരെ കൊണ്ടുപോകാമെങ്കിലും ഇതിന്റെ ആകെ ഭാരം ഏഴ് കിലോയില്‍ കൂടരുത്. ഇതോടെ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്ക് എല്ലാം കൂടി ആകെ 47 കിലോവരെ കൊണ്ടുപോകാനാകും.

“അതിഥികൾക്ക് ഇപ്പോൾ 30 കിലോ ചെക്ക്-ഇൻ ബാഗേജിന്റെയും 7 കിലോ ക്യാബിൻ ബാഗേജിന്റെയും ആനുകൂല്യം ആസ്വദിക്കാം. ഇന്ത്യയ്ക്കും മിഡിൽ ഈസ്റ്റിനും അതുപോലെ സിംഗപ്പൂരിനും ഇടയിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഈ പുതിയ ആനുകൂല്യം ബാധകമാണ്‌-പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യയ്ക്കും മിഡില്‍ ഈസ്റ്റിനുമിടയില്‍ ആഴ്ചയില്‍ ഏകദേശം 450 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നത്. സിംഗപ്പൂരുമായി ബന്ധിപ്പിച്ച് ആഴ്ചയില്‍ 26 സര്‍വീസുകളും നടത്തുന്നു. പ്രതിദിനം 400-ലധികം വിമാന സര്‍വീസുകള്‍ എയര്‍ലൈന്‍ നടത്തുന്നു.

Read Also : മഹാരാഷ്ട്ര ജൽഗാവിൽ ട്രെയിൻ തട്ടി പത്തിലധികം പേർ മരിച്ചു

ബിസിനസ് ക്ലാസ് യാത്രക്കാർക്ക് എക്സ്പ്രസ് ബിസ് എന്ന പ്രീമിയം ഓഫറും എയര്‍ലൈനിലുണ്ട്. എക്‌സ്പ്രസ് ബിസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 40 കി.ഗ്രാം വരെ ചെക്ക് ഇന്‍ ബാഗേജ് അനുവദിക്കും. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കായി എക്‌സ്പ്രസ് ലൈറ്റ് സേവനവും എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നു. എക്‌സ്പ്രസ് ലൈറ്റ് തിരഞ്ഞെടുക്കുന്നവര്‍ക്ക് ഏഴ് കിലോ ക്യാബിന്‍ ബാഗേജിന് പുറമെ മൂന്ന് കിലോ ക്യാബിന്‍ ബാഗേജ് അനുവദിക്കും.

അതേസമയം, പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള നീക്കത്തിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നാണ് റിപ്പോര്‍ട്ട്. ഏതാനും ദിവസം മുമ്പ് പട്‌നയില്‍ നിന്ന് മൂന്ന് സ്ഥലങ്ങളിലേക്ക് പ്രതിദിനം നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ബെംഗളൂരു, ഭുവനേശ്വർ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ തുടങ്ങിയത്.

വളര്‍ന്നുവരുന്ന നഗരങ്ങളെ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രധാന ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചത്. 100 വിമാനങ്ങള്‍ എന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് കമ്പനി. ഈ സാമ്പത്തിക വര്‍ഷം തന്നെ ഈ നേട്ടം കൈവരിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അടുത്തിടെ ദിമാപൂർ, ദിബ്രുഗഡ്, പോർട്ട് ബ്ലെയർ, ജമ്മു എന്നിവയെ ആഭ്യന്തര നെറ്റ്‌വര്‍ക്കിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു. ബാങ്കോക്ക്, ഫുക്കറ്റ് തുടങ്ങിയവയെ അന്താരാഷ്ട്ര നെറ്റ്‌വര്‍ക്കിലേക്കും ഉള്‍പ്പെടുത്തി.