Aadhaar Update : ഇനി സമയം കളയാനില്ല; സൗജന്യ ആധാർ അപ്ഡേറ്റിനുള്ള സമയപരിധി ഇനി ദിവസങ്ങൾ മാത്രം
Aadhaar Update Last Date : പത്ത് വർഷം പഴക്കമുള്ള ആധാർ കാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. സൗജന്യ സമയപരിധി പൂർത്തിയായതിന് ശേഷം ആധാർ അപ്ഡേറ്റിന് പണം ഈടാക്കുന്നതാണ്.
ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് (Aadhaar Update) ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. പത്ത് വർഷം പഴക്കമുള്ള ആധാറിൻ്റെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണ് കേന്ദ്ര സർക്കാരിൻ്റെ നിർദേശം. നിലവിൽ ഈ വിവരങ്ങൾ നിങ്ങളുടെ സമീപത്തെ അക്ഷയ കേന്ദ്രങ്ങളെ സമീപിച്ച് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. നിലവിൽ പൂർണമായും സൗജന്യമായിട്ടാണ് ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത്. എന്നാൽ സൗജന്യമായി ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള കാലാവധി ഈ സെപ്റ്റംബർ 14-ാം തീയതി അവസാനിക്കുകയാണ്. അതിനാൽ ഒട്ടും വൈകിപ്പിക്കാതെ ആധാർ വിവരങ്ങൾ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യൂ.
സെപ്റ്റംബർ 14-ാം തീയതി ശേഷമുള്ള ആധാർ അപ്ഡേറ്റുകൾക്ക് പണം ഈടാക്കുന്നതാണെന്നാണ് യുണീക് ഐഡെൻ്റിഫീക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിക്കുന്നത്. 50 രൂപ വീതമാണ് ആധാർ അപ്ഡേറ്റിനായി ഈടാക്കുക. ആധാർ നമ്പർ, പേര്-വിലാസങ്ങൾ, ബയോമെട്രിക് തുടങ്ങിയ വിവരങ്ങളാണ് യുഐഡിഎഐയുടെ സെൻട്രൽ ഐഡെൻ്റിറ്റിസ് ഡാറ്റ റെപോസിറ്റോറി (സിഐഡിആർ) വേരിഫിക്കേഷനായി അപ്ഡേറ്റ് ചെയ്യുന്നത്.
ALSO READ : EPFO New Rule : പിഎഫിൽ നിന്ന് പൈസ എടുത്താൽ ടാക്സ് കൊടുക്കണോ?
ആധാർ അപ്ഡേറ്റ് ഓൺലൈനിലൂടെ ചെയ്യാം
- myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് നിങ്ങളുടെ ആധാർ നമ്പർ നൽകി ലോഗ് ഇൻ ചെയ്യുക.
- ലോഗ് ഇൻ ചെയ്യുന്നതിനായി നിങ്ങളുടെ രജിസ്റ്റർ മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കുന്നതാണ്.
- വെബ്സൈറ്റിൽ പ്രവേശിച്ച് നിങ്ങളുടെ പേരും മേൽവിലാസങ്ങളും മറ്റ് വിവരങ്ങളും പരിശോധിക്കുക.
- പ്രൊഫൈലിലെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ‘I verify that the above details are correct’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- വേരിഫിക്കേഷനായി നൽകാൻ നിങ്ങൾ ഉദ്ദേശിക്കുന്ന രേഖകൾ ഡ്രോപ്പ് ഡൗൺ പട്ടികയിൽ നിന്നും തിരഞ്ഞെടുക്കുക
- തുടർന്ന് ആ രേഖകൾ പ്രൊഫൈലിൽ അപ്ലോഡ് ചെയ്യുക. 2 എംബി സൈസിൽ കുറഞ്ഞ ഫയലുകൾ വേണം അപ്ലോഡ് ചെയ്യേണ്ടത്. JPEG, PNG അല്ലെങ്കിൽ PDF എന്നീ ഫോർമാറ്റിലുള്ള ഫയലുകൾ വേണം അപ്ലോഡ് ചെയ്യേണ്ടത്.
- ശേഷം നൽകിയ രേഖകളും വിവരങ്ങളും ശരിയാണോ എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
*ബയോമെട്രെക് അപ്ഡേറ്റുകൾക്കായി അക്ഷയ കേന്ദ്രങ്ങളിലോ മറ്റ് ആധാർ സർവീസ് കേന്ദ്രങ്ങളിലോ നേരിട്ട് പോകേണ്ടതാണ്.
2009 ജനുവരി 28നാണ് രാജ്യത്ത് ആധാർ കാർഡ് അവതരിപ്പിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ വിവരശേഖരണത്തിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ ആധാർ കാർഡുമായി എത്തിയത്. നിലവിൽ വോട്ടർ ഐഡി, പാസ്പോർട്ട് പോലെ ഒരു തിരിച്ചറിയൽ രേഖയായി മാറിയിരിക്കുകയാണ് ആധാർ കാർഡ്. ബാങ്കിങ് മേഖലയിൽ കെവൈസി ഉൾപ്പെടെയുള്ളവയ്ക്ക് ആധാർ കാർഡ് നിർബന്ധമാണ്. വിവിധ സർക്കാർ സേവനങ്ങൾക്കും ഇപ്പോൾ ആധാർ കാർഡ് നിർബന്ധമാണ്.