8th Pay Commission: കേന്ദ്ര ജീവനക്കാരുടെ കുറഞ്ഞ പെൻഷൻ 25000 കടക്കും? എട്ടാം ശമ്പളക്കമീഷനിലെ കണക്ക്
2016-ലാണ് ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയത്. ഇതനുസരിച്ച്, വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞ പെൻഷൻ പ്രതിമാസം 9,000 രൂപയും പരമാവധി പെൻഷൻ പ്രതിമാസം 1,25,000 രൂപയുമാണ്.
കേന്ദ്ര ജീവനക്കാർക്ക് യഥാർത്ഥത്തിൽ സന്തോഷം നൽകുന്ന വാർത്തയാണ് എട്ടാം ശമ്പള കമ്മീഷൻ്റെ അംഗീകാരം. ശമ്പളം മാത്രമല്ല പെൻഷൻ്റെ കാര്യത്തിലും ജീവനക്കാർക്ക് പ്രതീക്ഷകൾ ഏറെയാണ്. എട്ടാം ശമ്പള കമ്മീഷൻ വന്നാൽ 65 ലക്ഷം പെൻഷൻകാർക്കാണ് അത് വഴിയുള്ള ഗുണം. 2026 ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെൻഷനിൽ വൻ വർദ്ധനവാണ് എട്ടാം ശമ്പളക്കമീഷനിൽ പ്രതീക്ഷിക്കുന്നത്. നിലവിലെ അടിസ്ഥാന പെൻഷൻ 9,000 രൂപയാണ്. ഇത് 25,740 രൂപയായി ഉയരാനാണ് സാധ്യതയെന്ന് വിവിധ ബിസിനസ് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
ഏഴാം ശമ്പള കമ്മീഷൻ പ്രകാരം പെൻഷൻ
2016-ലാണ് ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയത്. ഇതനുസരിച്ച്, വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞ പെൻഷൻ പ്രതിമാസം 9,000 രൂപയും പരമാവധി പെൻഷൻ പ്രതിമാസം 1,25,000 രൂപയുമാണ്. പരമാവധി പെൻഷൻ സർക്കാർ സർവീസിൽ ലഭിക്കുന്ന ഉയർന്ന ശമ്പളത്തിൻ്റെ 50% ആണ്. ഇതുകൂടാതെ, പണപ്പെരുപ്പം മൂലമുള്ള പ്രശ്നങ്ങളിൽ നിന്നും ഒഴിവാകാനായി ഡിയർനസ് റിലീഫും നൽകുന്നുണ്ട്. അടിസ്ഥാന പെൻഷൻ്റെ 53 ശതമാനമാണ് നിലവിലെ ഡിആർ. ഉദാഹരണത്തിന്, വിരമിച്ച ജീവനക്കാരന് 10,000 രൂപ അടിസ്ഥാന പെൻഷൻ ലഭിക്കുന്നുണ്ടെങ്കിൽ, ഡിആർ അടക്കം അത് 15,300 രൂപയാകും
പണപ്പെരുപ്പവും ഉപഭോക്തൃ വില സൂചികയും (സിപിഐ) വർഷത്തിൽ രണ്ടുതവണ ഡിആർ പരിഷ്കരിക്കും.
എട്ടാം ശമ്പള കമ്മീഷനിൽ നിന്നുള്ള പ്രതീക്ഷകൾ
പെൻഷനും ശമ്പള വർദ്ധനവും തീരുമാനിക്കുന്നതിനുള്ള പ്രധാന ഘടകം ഫിറ്റ്‌മെൻ്റ് ഫാക്ടറാണ്, ഇത് പുതിയ ശമ്പളത്തിൻ്റെ കണക്കുകൂട്ടലിൽ ഉപയോഗിക്കുന്നു. ഏഴാം ശമ്പള കമ്മീഷൻ ഫിറ്റ്‌മെൻ്റ് ഫാക്ടർ 2.57 ആണ്, ഇത് ശമ്പളത്തിലും പെൻഷനിലും വലിയ വർദ്ധനവുണ്ടാക്കും.
ഫിറ്റ്‌മെൻ്റ് ഫാക്ടർ നടപ്പിലാക്കിയാൽ
മിനിമം പെൻഷൻ: നിലവിലെ 9,000 രൂപയിൽ നിന്ന് പ്രതിമാസം ഏകദേശം 25,740 രൂപയായി വർധിക്കാം
പരമാവധി പെൻഷൻ: പ്രതിമാസം നിലവിലുള്ള 1,25,000 രൂപയിൽ നിന്ന് പരമാവധി പെൻഷൻ 3,57,500 രൂപയായി ഉയർത്താം.
മറ്റ് അലവൻസുകളിൽ പരിഷ്കരണം ഉണ്ടാകുമോ?
എട്ടാം ശമ്പള കമ്മീഷനിൽ പെൻഷനുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങളും ഡിയർനസ് റിലീഫിന് ആനുപാതികമായി വർധിക്കുമെന്നാണ് പ്രതീക്ഷ. പുതിയ പെൻഷൻ ഘടനയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. ഗ്രാറ്റുവിറ്റിയുടെ പരമാവധി പരിധി വർധിപ്പിക്കാൻ സാധ്യതയുണ്ട്. റിവിഷൻ പെൻഷൻ വർദ്ധനവിന് അനുസൃതമായി കുടുംബ പെൻഷനും വർദ്ധിപ്പിക്കാം. ക്ഷാമബത്തയും മാറാം.