8th Pay Commission: അടിസ്ഥാന ശമ്പളം 51000 കടക്കുമോ? 2026-ൽ 62 ശതമാനം ഡിഎ? ശമ്പള വർധന ഞെട്ടിക്കും, എട്ടാം ശമ്പള കമ്മീഷൻ പ്രതീക്ഷകൾ
8th Pay Commission Salary Hike: ഏഴാം ശമ്പള കമ്മിഷൻ വരെയുള്ള ശരാശരി വർധന നോക്കിയാൽ അത് 27 ശതമാനമാണ്. ഏഴാം ശമ്പളക്കമ്മീഷൻ്റെ ആകെ ശമ്പള വർദ്ധനവ് 14.27 ശതമാനമായിരുന്നു

കേന്ദ്രസർക്കാരിൽ ജോലി കിട്ടിയാൽ ഇനി കാത്തിരിക്കുന്നത് വമ്പൻ ശമ്പള സ്കെയിലാണ്. എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ചില വിവരങ്ങൾ കൂടി പുറത്തു വരുന്ന പശ്ചാത്തലിൽ വലിയ ശമ്പള, പെൻഷൻ വർധന തന്നെ പ്രതീക്ഷിക്കാം. എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകളിലെ ഫിറ്റ്മെന്റ് ഫാക്ടറിന് അനുസരിച്ച് ശമ്പളത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് എല്ലാ റിപ്പോർട്ടുകളിലും അവകാശപ്പെടുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം 20% മുതൽ 30% വരെ വർദ്ധിക്കുമെന്ന് അഭ്യൂഹമുണ്ടെ എന്നാൽ ഫിറ്റ്മെന്റ് ഫാക്ടർ 2.86, 2.28, 1.90 ആയിരിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ നിലവിലെ സാഹചര്യങ്ങൾ നോക്കുമ്പോൾ, ഫിറ്റ്മെന്റ് ഫാക്ടർ 1.90 ആയിരിക്കാൻ സാധ്യതയുണ്ടെന്ന് സീ ബിസിനസ് റിപ്പോർട്ട് ചെയ്യുന്നു.
ശമ്പളം എത്ര വർദ്ധിക്കും?
ഏഴാം ശമ്പള കമ്മിഷൻ വരെയുള്ള ശരാശരി വർധന നോക്കിയാൽ അത് 27 ശതമാനമാണ്. ഏഴാം ശമ്പളക്കമ്മീഷൻ്റെ ആകെ ശമ്പള വർദ്ധനവ് 14.27 ശതമാനമായിരുന്നു. ഇപ്പോൾ എട്ടാം ശമ്പള കമ്മിഷൻ രൂപീകരിച്ചതിനാൽ, ഇത്തവണ സർക്കാർ എത്രത്തോളം ശുപാർശ ചെയ്യുന്നുവെന്ന് കാണേണ്ടതാണ്. നിലവിലെ ക്ഷാമബത്ത (ഡിഎ) അനുസരിച്ച്, 2026 ജനുവരി 1 ആകുമ്പോൾ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഡിഎ 60% മുതൽ 62% വരെയാകാം. നിലവിൽ ക്ഷാമബത്ത 55 ശതമാനമാണ്. ഇങ്ങനെ നോക്കിയാൽ എട്ടാം ശമ്പളകമ്മീഷനിൽ കേന്ദ്ര ജീവനക്കാർക്ക് 18 ശതമാനം ശമ്പള വർദ്ധനവ് ലഭിക്കും.
ഫിറ്റ്മെന്റ് ഫാക്ടർ എത്ര
ശമ്പളം കണക്ക് കൂട്ടാൻ ഉപയോഗിക്കുന്ന ഒരു ഗുണിതമാണ് ഫിറ്റ്മെന്റ് ഫാക്ടർ. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഫിറ്റ്മെന്റ് ഉപയോഗിച്ച് ഗുണിച്ചാണ് പുതിയ ശമ്പളം കണക്കാക്കുക. ക്ഷാമബത്ത, അടിസ്ഥാന ശമ്പളം, ഇവയെല്ലാം ഇതിൻ്റെ ഭാഗമായിരിക്കും. പ്രതീക്ഷിക്കുന്ന ഫിറ്റ്മെൻ്റ് ഫാക്ടർ മുകളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഫിറ്റ്മെന്റ് ഘടകം 2.86 ആണെങ്കിൽ കുറഞ്ഞ വേതനം 18,000 ൽ നിന്ന് 51,480 ആയി ഉയരും. മറിച്ച് ഇത് 1.92 ആണ് ഫിറ്റ്മെൻ്റ് ഫാക്ടർ എങ്കിൽ 18000 അടിസ്ഥാന ശമ്പളം 34,560 ആയി ഉയരും 1 ലക്ഷം അടിസ്ഥാന ശമ്പളക്കാർക്ക് ഇത് 1,95000-ന് മുകളിലാകുമെന്ന് സീ ബിസിനസ് കണക്ക് പങ്കു വെക്കുന്നു.
2027 വരെ കാത്തിരിക്കേണ്ടി വരുമോ?
2026 ജനുവരി ഒന്നുമുതലാണ് പുതിയ ശമ്പള കമ്മിഷൻ പ്രാബല്യത്തിൽ വരിക. എന്നിരുന്നാലും, ശുപാർശകൾ വന്ന് നടപ്പിലാക്കാൻ കുറച്ച് സമയമെടുക്കും. അപ്പോൾ മാത്രമേ കേന്ദ്ര ജീവനക്കാർക്ക് ഫിറ്റ്മെന്റ് ഫാക്ടർ എത്രത്തോളം തീരുമാനിച്ചെന്നും ശമ്പള പരിഷ്കരണം എത്രയാകുമെന്നും വ്യക്തമാകൂ. എങ്കിലും 2026 ജനുവരി 1 മുതൽ കണക്കാക്കി മുൻകാല പ്രാബല്യത്തോടെയാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. 15 മുതൽ 18 മാസം വരെ ഇതിന് സമയമെടുക്കുമെന്നാണ് വിവരം. എട്ടാം ശമ്പള കമ്മീഷന് ഫണ്ട് വിഹിതം 2026 ലെ ബജറ്റിലും വകയിരുത്തിയേക്കാം.