8th Pay Commission : സർക്കാർ ജീവനക്കാരുടെ കാത്തിരിപ്പിന് വിരാമം, ഇനി ശമ്പളം ഇരട്ടിയാകും; എട്ടാം ശമ്പള കമ്മീഷന് അനുമതി നൽകി കേന്ദ്രം
8th Pay Commission For Central Government Employees: ഈ വർഷം ഡിസംബർ 31 ഓടെ ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി പൂർത്തിയാകും. 2016ലാണ് നരേന്ദ്ര മോദി സർക്കാർ ഏഴാം ശമ്പള കമ്മീഷൻ്റെ നിർദേശങ്ങൾ പ്രാബല്യത്തിൽ കൊണ്ടു വന്നത്.
ന്യൂ ഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെയും ഏറെ നാളത്തെ ചോദ്യത്തിന് ഉത്തരവുമായി കേന്ദ്രം. എട്ടാം ശമ്പള കമ്മീഷൻ (8th Pay Commission) ഉടൻ പ്രാബല്യത്തിൽ വരുമെന്നും നരേന്ദ്ര മോദി സർക്കാർ എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കാനായിട്ടുള്ള നടപടികൾ സ്വീകരിക്കാനായി അനുമതി നൽകിയെന്നും കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 2016ൽ നരേന്ദ്ര മോദി സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന ഏഴാം ശമ്പള കമ്മീഷൻ്റെ (7th Pay Commission) കാലാവധി ഈ ഡിസംബർ 31 ഓടെ പൂർത്തിയാകും. 2026 ജനുവരി ഒന്ന് മുതൽ പുതിയ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വന്നേക്കും.
എട്ടാം ശമ്പള കമ്മീഷൻ വരുന്നതോടെ സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം (ബേസിക് പേ), ക്ഷാമബത്ത (ഡിഎ) ഘടന, പെൻഷൻ ഉപയോക്താക്കൾക്കുള്ള ക്ഷാമാശ്വാസ (ഡിആർ) ഘടന, തുടങ്ങി മറ്റ് അലവൻസുകളിൽ വലിയ മാറ്റമുണ്ടായേക്കും. ഏറെ നാളായി എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ കൊണ്ടു വരണമെന്ന് സർക്കാർ ജീവനക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. നേരത്തെ രണ്ടാം നരേന്ദ്ര മോദി സർക്കാരിൻ്റെ കാലത്ത് എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരില്ലയെന്ന് അന്ന് ധനകാര്യ വകുപ്പ് രാജ്യസഭയിൽ അറിയിച്ചിരുന്നു. എട്ടാം ശമ്പള കമ്മീഷന് പകരം സ്വകാര്യ കമ്പനികളിലെ പോലെ ശമ്പള വർധനവും മറ്റ് അലവൻസുകളും നിർണയിക്കുന്ന ഒരു സംവിധാനം ഏർപ്പെടുത്താനായിരുന്നു ആദ്യം കേന്ദ്രം പദ്ധതിയിട്ടിരുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.
ALSO READ : EPFO Update: പിഎഫിൽ പുത്തൻ സേവനങ്ങൾ നടപ്പാകാൻ പോകുന്നു, ജീവനക്കാർക്ക് പ്രയോജനം
അതേസമയം അടുത്തിടെ ബജറ്റിന് മുന്നോടിയായിട്ടുള്ള ചർച്ചയിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടന എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടപ്പോൾ ധനമന്ത്രി നിർമല സീതാരമാൻ സമ്മതം അറിയിക്കുകയും ചെയ്തിരുന്നു. ബജറ്റിൽ ഈ സുപ്രധാന തീരുമാനം ഉണ്ടാകുമെന്നായിരിന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. അതിന് മുമ്പ് തന്നെ കേന്ദ്രം അപ്രതീക്ഷിതമായി തങ്ങളുെ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും സന്തോഷ വാർത്ത പങ്കുവെക്കുകയായിരുന്നു. 2026ൽ തന്നെ പുതിയ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരും. ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി തീരുന്നതിന് മുമ്പ് എട്ടാം ശമ്പള കമ്മീഷനുള്ള നിർദേശങ്ങൾ ലഭിക്കുമെന്നും മന്ത്രി അശ്വിനി വൈഷ്ണവ അറിയിക്കുകയും ചെയ്തു.
എട്ടാം ശമ്പളം കമ്മീഷന് കേന്ദ്രം അനുമതി നൽകിയെന്ന് അറിയിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
#WATCH | Delhi: Union Minister Ashwini Vaishnaw says, “Prime Minister has approved the 8th Central Pay Commission for all employees of Central Government…” pic.twitter.com/lrVUD25hFu
— ANI (@ANI) January 16, 2025
അടിസ്ഥാന ശമ്പളം വർധിക്കുക എത്ര?
ഏഴാം ശമ്പള കമ്മീഷൻ പ്രകാരം നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. പുതിയ ശമ്പള കമ്മീഷൻ വരുമ്പോൾ സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നിർണയിക്കുന്ന ഫിറ്റ്മെൻ്റ് ഫാക്ടർ 2.57ൽ നിന്നും 2.86 ആയി ഉയരും. അതോടെ അടിസ്ഥാന ശമ്പളം 51,480 രൂപ വരെയായി ഉയർന്നേക്കാം. ഇതുപോലെ പെൻഷൻ ഉപയോക്താക്കൾക്കും ലഭിക്കുന്ന അടിസ്ഥാന ശമ്പളത്തിലും വർധനവുണ്ടാകും
ഏഴാം ശമ്പള കമ്മീഷൻ
രാജ്യത്ത് പത്ത് വർഷത്തെ കാലയളവിലേക്കാണ് ഒരോ കേന്ദ്ര ശമ്പള കമ്മീഷനും പ്രാബല്യത്തിൽ വരിക. 2016ലാണ് ഏഴാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വന്നത്. 18,000 രൂപയായിരുന്നു അടിസ്ഥാന ശമ്പളം. കമ്പനി സെക്രട്ടറി തുടങ്ങിയ ഏറ്റവും ഉയർന്ന പോസ്റ്റിൽ ഉള്ളവർക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ലഭിക്കുന്ന പരമാവധി ശമ്പളം 2.5 ലക്ഷം രൂപയാണ്.