7th Pay Commission : ക്ഷാമബത്ത 2% ഉയർത്തിയതോടെ അടുത്ത മാസം അക്കൗണ്ടിൽ എത്ര രൂപ വരും? പിഎഫിലെയും ഗ്രാറ്റുവിറ്റിയും എത്രായാകും?
7th Pay Commission DA Hike And Salary Calculation : ജനുവരി ഒന്നാം തീയതി മുതൽ മുൻകാലപ്രാബല്യത്തിലാണ് ക്ഷാമബത്ത വർധനവ് ലഭിക്കുക. ഏപ്രിൽ മാസത്തെ ശമ്പളത്തിനൊപ്പമാണ് പുതുക്കിയ ഡിഎ ലഭിക്കുക

Dearness Allowance Hike And Salary Calculation : 49 ലക്ഷത്തോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പായിരുന്നു രണ്ട് ശതമാനം ക്ഷാമബത്ത വർധന. കഴിഞ്ഞ മാസം മാർച്ച് അവസാനത്തോടെയാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം ഉയർത്താൻ തീരുമാനമെടുക്കുന്നത്. ഇതോടെ ഡിഎ 53 ശതമാനത്തിൽ നിന്നും 55 ആയി ഉയർന്നു. ഏപ്രിൽ മാസത്തെ ശമ്പളത്തിനൊപ്പമാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും വർധിച്ച ഡിഎ ലഭിക്കുക. ജനുവരി ഒന്നാം തീയതി മുതൽ മുൻകാലപ്രാബല്യത്തിൽ ഡിഎ വർധനവ് ശമ്പളത്തിനൊപ്പം ലഭിക്കുക. അതേസമയം കൈയ്യിൽ ലഭിക്കാൻ പോകുന്ന ശമ്പളവും പിഎഫിലേക്ക് വകമാറ്റുന്നത്, ഗ്രാറ്റുവിറ്റിയും എത്രയാകും വർധിക്കുക എന്ന പരിശോധിച്ച് നോക്കാം.
ശമ്പളം വർധിക്കുക എത്രയാണ്?
18,000 രൂപ അടിസ്ഥാന ശമ്പളമുള്ള കേന്ദ്ര സർക്കാർ ജീവനക്കാരന് നിലവിൽ 53 ശതമാനം ഡിഎയിൽ 9,540 രൂപയാണ് ക്ഷാമബത്തയായി ലഭിക്കുക. ഇവ രണ്ട് ചേർന്ന ആകെ ശമ്പളമായി ലഭിക്കുക 27,540 രൂപയാണ്. ഈ ഡിഎ 55 ശതമാനമായി ഉയരുമ്പോൾ ക്ഷാമബത്ത 9,900 രൂപയാകും. അക്കൗണ്ടിലേക്കെത്തുന്ന ശമ്പളം 27,900 രൂപയാകും. അതായത് 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് അധികമായി ലഭിക്കുക 360 രൂപയാണ്. ജനുവരി മാസം മുതലുള്ള കുടിശ്ശികയും കൂടിയാകുമ്പോൾ ഏപ്രിൽ മാസത്തിലെ ശമ്പളത്തിൽ 1,080 രൂപയാണ് അധികമായി ലഭിക്കുക.
പിഎഫ് എത്ര വർധിക്കും?
ഡിഎ വർധിക്കുമ്പോൾ സർക്കാരുടെ പിഎഫിലും ക്രമാതീതമായി വർധനവുണ്ടാകുന്നതാണ്. എന്നാൽ ഇതിൻ്റെ ഗുണഫലം പഴയ പെൻഷൻ സ്കീമിലുള്ള (ഒപിഎസ്) ജീവനക്കാർക്ക് മാത്രമാണ്. എൻപിഎസ് ജീവനക്കാർക്ക് ആ ആനുകൂല്യം ലഭിക്കില്ല. ഒപിഎസ് ജീവനക്കാർക്ക് ലഭിക്കുന്ന പിഎഫ് വർധനവ് ഇങ്ങനെ- 30,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് 53 ശതമാനം ഡിഎയും കൂടി ചേരുമ്പോൾ അക്കൗണ്ടിൽ വരുന്ന ശമ്പളം 45,900 രൂപയാകും. ഇത് കൂടാതെ ആറ് ശതമാനം പിഎഫിലേക്ക് പോകും, 2,754 രൂപ. ഇനി ക്ഷാമബത്ത 55 ശതമാനമാകുമ്പോൾ പിഎഫിലേക്ക് ചേർക്കപ്പെടുന്ന തുക 2,790 രൂപയാകും. ഒരു മാസം 36 രൂപയുടെ വർധനവാണ് ഉണ്ടാകുക.
ഗ്രാറ്റുവിറ്റി ആനുകൂല്യം വർധിക്കുന്നത് എത്ര?
ഡിഎ വർധനവ് ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയിലും പ്രതിഫലിക്കുന്നതാണ്. ഇപ്പോൾ ഒരു ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളം 40,000 രൂപയാണെങ്കിൽ 53 ശതമാനം ഡിഎ ചേർത്ത് ആകെ ശമ്പളം 61,200 രൂപയാകും. ആ ജീവനക്കാരന് 35 വർഷത്തെ സർവീസുണ്ടെങ്കിൽ ഗ്രാറ്റുവിറ്റിയായി ലഭിക്കുക 12,35,769 രൂപയാണ്. ഡിഎ 55 ശതമാനമായി വർധച്ച് ആറ് മാസത്തിന് ശേഷം ഇതെ ജീവനക്കാരൻ വിരമിച്ചാൽ ശമ്പളം 62,000 രൂപയാകും, ഗ്രാറ്റുവിറ്റി 12,51,923 രൂപയാകും. കഴിഞ്ഞ വർഷം ജനുവരി ഒന്നാം തീയതി മുതലാണ് ഗ്രാറ്റുവിറ്റിയുടെ പരിധി 20 ലക്ഷത്തിൽ നിന്നും 25 ലക്ഷമായി സർക്കാർ ഉയർത്തിയത്.