7th Pay Commission : ഡിഎ കണക്കുകൂട്ടുന്നതിൽ ജൂലൈ മുതൽ മാറ്റമുണ്ടാകുമോ? സർക്കാർ ജീവനക്കാർ കാത്തിരിക്കുന്ന സന്തോഷവാർത്ത ഇതാ
7th Pay Commission Latest Updates : നിലവിൽ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 50 ശതമാനമാണ്. അത് ഇനി പൂജ്യമായി മാറും
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർധനവ കണക്കുകൂട്ടുന്നതിൽ ജൂലൈ മുതൽ മാറ്റം വരുത്തിയേക്കും. മാർച്ചിലെ വർധനവിന് ശേഷം സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ ലഭിക്കുന്നത് 50 ഡിഎ ആണ്. ജൂലൈ മുതലുള്ള കണക്ക് അനുസരിച്ചാണ് സർക്കാർ ജീവനക്കാർക്കുള്ള അടുത്ത ഡിഎ വർധനവ് നിശ്ചയിക്കുക. തുടർന്ന് കേന്ദ്രം അനുമതി നൽകി സെപ്റ്റംബറിൽ പുതിയ ഡിഎ നിലവിൽ വരും. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ജൂലൈ മുതൽ സർക്കാർ ഡിഎ കണക്കുകൂട്ടന്നതിൽ മാറ്റമുണ്ടാകുമെന്നാണ്.
എഐസിപിഐ സൂചിക (രാജ്യത്തെ പണപ്പെരുപ്പം) കണക്കനുസരിച്ചാണ് സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത എത്ര വർധിപ്പിക്കണമെന്ന് തീരുമാനമെടുക്കുന്നത്. നിലവിൽ ജനുവരി വരെയുള്ള എഐസിപിഐ സൂചികയുടെ കണക്കാണ് പുറത്ത് വിട്ടിട്ടുള്ളത്. ഫെബ്രുവരിയുള്ള കണക്ക് ഇനിയും പുറത്ത് വരാനിരിക്കുകയാണ്. എന്നിരുന്നാലും കുറഞ്ഞപക്ഷം മൂന്ന് മുതൽ നാല് ശതമാനം വരെ ജുലൈയിലെ കണക്കുപ്രകാരം സെപ്റ്റംബറിൽ ഉയരാനാണ് സാധ്യത. എന്നാൽ അത് പൂജ്യം മുതലാകാനാണ് സാധ്യതയെന്നാണ് ലേബർ ബ്യൂറോ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട്.
ALSO READ : Kerala DA Arrears: എത്രയായാലും മതിയാവില്ല; ജീവനക്കാർക്കും പെൻഷൻകാർക്കുമായി സർക്കാർ നൽകാനുള്ളത് 37,500 കോടി
ലേബർ ബ്യൂറോ എല്ലാ മാസത്തിൻ്റെ അവസാന പ്രവർത്തി ദിവസം പുറത്ത് വിടുന്ന എഐസിപിഐ സൂചികയ്ക്ക് അനുസരിച്ചാണ് സർക്കാർ ജീവനക്കാരുടെ ഡിഎ വർധനവ് കണക്കുകൂട്ടുന്നത്. അതേസമയം നിലവിൽ ജനുവരിയുള്ള കണക്ക് മാത്രമെ ഇതുവരെ പുറത്ത് വിട്ടിട്ടുള്ളൂ. അതിനാൽ ക്ഷാമബത്ത പൂജ്യമായി കണക്കാക്കുമോ അതോ 50ന് മുകളിൽ തുടരുമെന്ന് എന്നതിൽ ഇനിയും വ്യക്തതയില്ല.
എന്നാൽ ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം ജീവനക്കാരുടെ ഡിഎ 50 ശതമാനമായാൽ അടുത്ത വർധനവ് പൂജ്യത്തിൽ നിന്നും ആരംഭിക്കണമെന്നാണ്. അതുവരെ ലഭിച്ച ഡിഎ അടിസ്ഥാന ശമ്പളത്തിനൊപ്പം ചേർക്കും. അതോടെ ശമ്പളത്തിൽ ഗണ്യമായ വർധനവുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ ജീവനക്കാർ പ്രതീക്ഷിക്കുന്നത്.
ഡിഎ അടിസ്ഥാന ശമ്പളത്തിനൊപ്പം ചേർക്കുമ്പോൾ 9,000 രൂപ വരെ ജീവനക്കാരുടെ ശമ്പളിത്തിൽ വർധനവുണ്ടായേക്കാം. ഏറ്റവും ഒടുവിൽ 2016ലാണ് ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിലേക്ക് ലയിപ്പിച്ച് ഡിഎ പൂജ്യമാക്കി മാറ്റിയത്.