Union Budget 2025-26: മഖാന ബോർഡ്, ഫുഡ് ഹബ്ബ്, ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ…; നിതീഷിൻ്റെ ബിഹാറിന് വാരിക്കോരി പ്രഖ്യാനങ്ങൾ
Budget Allocation For Bihar: ഇത്തവണത്തേ ബജറ്റ് മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന തരത്തിലാകുമെന്ന് നേരത്തെ തന്നെ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. വികസിത ഭാരതത്തിലേക്കുള്ള യാത്രയിലാണെന്നും അതിനുവേണ്ട, വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഇത്തവണത്തെ ബജറ്റിൽ വികസനത്തിന് തന്നെയാണ് മുൻതൂക്കം നൽകുകയെന്നും ധനമന്ത്രി പറഞ്ഞിരുന്നു.

നിർമ്മല സീതാരാമൻ, നിതീഷ് കുമാർ
മൂന്നാം മോദി സർക്കാരിൻറെ രണ്ടാം ബജറ്റവതരണത്തിൽ നിതീഷ് കുമാറിൻ്റെ ബീഹാറിന് ഇത്തവണയും കൈനിറയെ സമ്മാനങ്ങൾ. ധനമന്ത്രി നിർമ്മല സീതാരാമൻ അവതരപ്പിച്ച 2025-26 ബജറ്റ് അവതരണത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾക്കുള്ള പദ്ധതികളാണ് ബിഹാറിന് വേണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണത്തേ ബജറ്റ് മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന തരത്തിലാകുമെന്ന് നേരത്തെ തന്നെ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. വികസിത ഭാരതത്തിലേക്കുള്ള യാത്രയിലാണെന്നും അതിനുവേണ്ട, വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഇത്തവണത്തെ ബജറ്റിൽ വികസനത്തിന് തന്നെയാണ് മുൻതൂക്കം നൽകുകയെന്നും ധനമന്ത്രി പറഞ്ഞിരുന്നു.
വരാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിനെ ലക്ഷ്യവച്ചുള്ള ബജറ്റ് അവതരണമാണിതെന്നും ആരോപണം ഉയരുന്നുണ്ട്. ബിഹാറിലെ മഖാന കർഷകരുടെ ഉന്നമനത്തിനായി മഖാന ബോർഡ് പ്രഖ്യാപിച്ച് ധനമന്ത്രി. കൂടാതെ മഖാനയുടെ ഉല്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. കാർഷിക മേഖലയെ കേന്ദ്രീകരിച്ചുള്ള ബജറ്റ് പ്രസംഗത്തിൽ, മഖാന ബോർഡ് വഴി കർഷകർക്ക് വേണ്ട സഹായവും പരിശീലനവും നൽകുമെന്നും, പ്രസക്തമായ എല്ലാ സർക്കാർ പദ്ധതികളും ബോർഡ് വഴി അവർക്ക് ലഭ്യമാക്കാൻ സഹായിക്കുമെന്നും ധനമന്ത്രി സീതാരാമൻ പറഞ്ഞു. മഖാന കർഷകരെ ശാക്തീകരിക്കുമെന്നാണ് ഇത്തവൻത്തെ ബജറ്റിലെ പ്രഖ്യാപനം. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്ന നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മഖാന.
പട്നയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ശേഷി വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഐഐടി പറ്റ്ന വികസിപ്പിക്കുമെന്നാണ് പ്രഖ്യാപനം. അഞ്ച് ഐഐടികളിൽ അധിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ 6,500 വിദ്യാർത്ഥികൾക്ക് കൂടി പഠനസൗകര്യം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പട്‌ന വിമാനത്താവളത്തിന്റെ വിപുലീകരണത്തിനു പുറമേ, ബീഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ, ബിഹ്തയിൽ ബ്രൗൺഫീൽഡ് വിമാനത്താവളങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്നായിരുന്നു അടുത്ത പ്രഖ്യാപനം. ബിഹാറിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓൻട്രപ്രനർഷിപ് ആൻ്റ് മാനേജ്മെന്റ് എന്നിവയും ഇതിൻ്റെ ഭാഗമായി സ്ഥാപിക്കും. ബജറ്റിന് മുന്നോടിയായി ധനമന്ത്രി സീതാരാമന് സമർപ്പിച്ച 32 പേജുള്ള മെമ്മോറാണ്ടത്തിൽ, 13,000 കോടി രൂപയുടെ സഹായമാണ് ബിഹാർ ആവശ്യപ്പെട്ടത്. ബിഹാറിനുള്ള തുടർ പ്രഖ്യാപനങ്ങളെ ചോദ്യം ചെയ്ത് പ്രതിപക്ഷ ബഹളം ശക്തമായിരുന്നു.