Union Budget 2025: കേന്ദ്ര ബജറ്റിൽ കേരളത്തിൻ്റെ പ്രതീക്ഷകളേറെ; പ്രധാന ശ്രദ്ധ റെയിൽവേ വികസനത്തിൽ
Union Budget 2025 Expectations For Kerala : കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെ കേരളത്തിന് ഏറെ പ്രതീക്ഷകളാണുള്ളത്. റെയിൽവേ വികസനവുമായി ബന്ധപ്പെട്ടാണ് കേരളത്തിൻ്റെ പ്രധാന പ്രതീക്ഷകൾ.
കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കേരളം. റെയിൽവേ വികസനത്തിലാണ് പ്രധാന ശ്രദ്ധ. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച പദ്ധതികൾക്ക് ബജറ്റിൽ അംഗീകാരം ലഭിക്കുമെന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നു. നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയും വിഴിഞ്ഞം തുറമുഖത്തേയ്ക്കുള്ള റെയിൽ പാതയും അടക്കമുള്ള പദ്ധതികളാണ് സംസ്ഥാനസർക്കാർ കേന്ദ്ര സർക്കാരിന് മുൻപാകെ സമർപ്പിച്ചിട്ടുള്ളത്. മുൻപ് ബജറ്റുകളിലൊന്നും കേരളത്തിന് അർഹമായ പരിഗണന നൽകിയിരുന്നില്ലെന്ന് ആരോപണമുയർന്നിരുന്നു.
കേന്ദ്ര ബജറ്റ് തയ്യാറാക്കലിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ പങ്കെടുത്തിരുന്നു. യോഗത്തിൽ വച്ച് ബജറ്റിൽ കേരളത്തിൻ്റെ പ്രതീക്ഷകളും റെയിൽവേ വികസനത്തിലടക്കം സംസ്ഥാനത്തിൻ്റെ ആവശ്യങ്ങളും മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളിൽ ചിലതെങ്കിലും കേന്ദ്ര ബജറ്റിൽ പരിഗണിച്ചേക്കുമെന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നു. തലശ്ശേരി-മൈസുരു റെയില്‍പാത, നിലമ്പൂർ – നഞ്ചൻകോട് റെയില്പാത, റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതികള്‍, നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതി തുടങ്ങി വിവിധ പദ്ധതികൾക്ക് ബജറ്റിൽ അർഹമായ പരിഗണന നൽകണമെന്ന് സംസ്ഥാനം യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖത്തേയ്ക്കുള്ള റെയിൽ പാത അടക്കം വിവിധ പദ്ധതികളുണ്ടായെങ്കിലേ സംസ്ഥാനത്ത് തുറമുഖത്തിൻ്റെ പൂർണപ്രയോജനം ലഭിക്കൂ. ഇതിനായി സർക്കാർ മേഖലയിൽ തന്നെ വലിയ നിക്ഷേപമാണെന്നും കേരളം യോഗത്തിൽ അറിയിച്ചു.
എയിംസ് ആവശ്യം, വീണ്ടും
ഇത്തവണയെങ്കിലും സംസ്ഥാനത്ത് എയിംസ് അനുവദിക്കുമോ എന്ന് ചോദ്യമുയരുന്നുണ്ട്. ഓരോ ബജറ്റ് പ്രഖ്യാപനത്തിലും ഈ ചോദ്യം ഉയരാറുണ്ട്. ഇക്കുറിയും പതിവുപോലെ ഈ ചോദ്യം ആവർത്തിക്കപ്പെടുന്നുണ്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ഏതാനും മാസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു. ഇതാണ് കേരളത്തിൻ്റെ പ്രതീക്ഷ.
Also Read: Union Budget 2025: ബജറ്റിൽ ട്രാവൽ ആൻഡ് ടൂറിസത്തിന് എന്ത് ലഭിക്കും?; പ്രതീക്ഷകൾ ഇങ്ങനെ
കോഴിക്കോട് കിനാലൂരിൽ എയിംസിനായി 250 ഏക്കർ ഭൂമിയാണ് ഒരുക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങളും എയിംസിനായി കേരളം മുന്നോട്ടുവെക്കുന്നു. എയിംസ് അനുവദിച്ചാൽ കിനാലൂരിൽ തന്നെയാവും യാഥാർത്ഥ്യമാവുക.
ട്രാവൽ ആൻഡ് ടൂറിസം
ബജറ്റിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയും പ്രതീക്ഷ വെക്കുന്നുണ്ട്. രാജ്യത്തെ വരുമാനത്തിൽ പ്രധാന പങ്കുവഹിക്കുന്ന ട്രാവൽ ആൻഡ് ടൂറിസം മേഖലയ്ക്ക് അർഹിക്കുന്ന പരിഗണന ബജറ്റിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷകൾ. മേഖലയിലെ വിദഗ്ധർ ഇക്കാര്യത്തിൽ പ്രതീക്ഷകൾ പങ്കുവച്ചിരുന്നു.
രാജ്യത്തെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലാകെ 40 ദശലക്ഷം പേരിലധികം പേർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അടുത്ത 10 വർഷത്തിൽ ഇത് 62 ദശലക്ഷമായി വർധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ഹോട്ടൽ നിർമാണം, രാജ്യാന്തര ക്യാമ്പെയിനുകൾ തുടങ്ങി വിവിദ്ജ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിർണായക തീരുമാനമുണ്ടാവുമെന്ന് വിദഗ്ധർ പറയുന്നു. വാടകയിലെ നികുതിനിരക്കുകളിൽ പുനർവിചിന്തനമുണ്ടാവുമെന്ന് കരുതുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് ഹോംസ്റ്റേ മേഖലയിൽ ഉണർവുണ്ടാക്കും. ജിഎടിയുമായി ബന്ധപ്പെട്ട് ഓൺലൈൻ ട്രാവൽ ഏജൻ്റുമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. ഓൺലൈൻ ബുക്കിംഗ് സുഗമമാക്കി ടൂറിസം മേഖലയെ കൂടുതൽ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദഗ്ധർ പറയുന്നു.