Kerala Budget 2025 : ഇനി ബജറ്റുകളുടെ കാലം; ഇത്തവണ സംസ്ഥാന ബജറ്റ് എന്ന്, എപ്പോൾ?
Kerala Budget 2025 Date : 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് സമ്മേളനത്തിന് ഇന്ന് ജനുവരി 17-ാം തീയതി തുടക്കമായി. ഇത്തവണ തൻ്റെ അഞ്ചാമത്തെ ബജറ്റാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുക
തിരുവനന്തപുരം : രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ 13-ാം നിയമസഭ സമ്മേളനത്തിന് ഇന്ന് ജനുവരി 17-ാം തീയതി തുടക്കമായി. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഗവർണറായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ബജറ്റ് സമ്മേളനമാണിത്. സമ്മേളനത്തിന് മുന്നോടിയായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നയപ്രഖ്യാപനം നടത്തുകയും ചെയ്തു. കേന്ദ്രത്തിൽ നിന്നുള്ള ധനവിഹിതം സംസ്ഥാനത്തിന് വെട്ടിക്കുറച്ചത് കേരളത്തെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്കെത്തിച്ചുയെന്ന് ഗവർണർ തൻ്റെ നയപ്രഖ്യാപനം പ്രസംഗത്തിലൂടെ അറിയിച്ചു.
കൃത്യമായ ഗ്രാൻഡും ജിഎസ്ടി വിഹിതവും സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്നും ലഭിക്കാത്തതാണ് കേരളത്തിന് സാമ്പത്തിക ഞെരുക്കമുണ്ടാകുന്നതെന്ന് ഗവർണർ പറഞ്ഞു. വയനാട് മേപ്പാടി ഉരുൾപ്പൊട്ടലിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായിട്ടുള്ള ടൗൺഷിപ്പ് നിർമാണം എത്രയും വേഗം പൂർത്തിയാക്കുക എന്നതാണ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യം. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മത്സ്യബന്ധനം തുടങ്ങിയ നിരവധി മേഖലയിലെ കേരളത്തിൻ്റെ മികവ് ഗവർണർ തൻ്റെ നയപ്രഖ്യാപനം പ്രസംഗത്തിൽ എടുത്ത് പറയുകയും ചെയ്തു.
സംസ്ഥാന ബജറ്റ് എന്ന്?
ഇന്ന് നടന്ന ഗവർണറിൻ്റെ നയപ്രഖ്യാപനത്തിലൂടെയാണ് ഇത്തവണ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. 27 ദിവസം ബജറ്റിനോട് അനുബന്ധിച്ച് നിയമസഭ സമ്മേളനങ്ങൾ ഒത്തുചേരുക. ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ജനുവരി 20 മുതൽ 22-ാം തീയതി വരെ നടക്കും. തുടർന്ന് ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി ഏഴിനാണ് ധനകാര്യ വകുപ്പ് കെ.എൻ ബാലഗോപാൽ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക. കെ.എൻ ബാലഗോപാലിൻ്റെ അഞ്ചാമത്തെ ബജറ്റ് അവതരണമാകും ഇത്തവണത്തേത്.