World Test Championship Final : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇനി ഇന്ത്യ എങ്ങനെ കയറും ? മെല്‍ബണിലെ തോല്‍വി പണിയാകുമോ ?
WTC Final Qualification Scenario : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശന സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യയ്ക്ക് സിഡ്‌നിയില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല. മാത്രമല്ല, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നഷ്ടപ്പെടാതിരിക്കാനും ഈ മത്സരത്തില്‍ വിജയം അനിവാര്യാണ്. ടൂര്‍ണമെന്റില്‍ 2-1ന് മുന്നിലാണ് ഓസീസ്. സിഡ്‌നിയില്‍ വിജയിച്ചാല്‍ ഓസീസിനൊപ്പം ഇന്ത്യയ്ക്കും കിരീടം പങ്കിടാം. മത്സരം സമനിലയില്‍ കലാശിച്ചാല്‍ പോലും ഓസീസ് കിരീടം കൊണ്ടുപോകും
ഓരോ ടെസ്റ്റ് മത്സരത്തിലും ഇന്ത്യ തോല്‍ക്കുമ്പോള്‍ ഇനി എങ്ങനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുമെന്നാകും ആരാധകര്‍ ചിന്തിക്കുന്നത്. ഇന്ത്യയുടെ ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും സ്ഥിതി സങ്കീര്‍ണമാവുകയാണ്. കൂട്ടിയും കിഴിച്ചും ആരാധകരും കുഴഞ്ഞു. ഒടുവില്‍ മെല്‍ബണിലേറ്റ കനത്ത തോല്‍വി ഇന്ത്യന്‍ സാധ്യതകളെ എങ്ങനെ ബാധിക്കുമെന്നായി പലരുടെയും ചിന്ത. മെല്‍ബണ്‍ ടെസ്റ്റില്‍ 184 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശനം നേടിയ ഏക ടീം ദക്ഷിണാഫ്രിക്കയാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് യോഗ്യതാപട്ടികയില്‍ ഓസ്‌ട്രേലിയ രണ്ടാമതും, ഇന്ത്യ മൂന്നാമതുമാണ്. ജനുവരി മൂന്നിന് സിഡ്‌നിയില്‍ ആരംഭിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഇന്ത്യയ്ക്ക് അവശേഷിക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശന സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യയ്ക്ക് സിഡ്‌നിയില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല. മാത്രമല്ല, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നഷ്ടപ്പെടാതിരിക്കാനും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ടൂര്‍ണമെന്റില്‍ 2-1ന് മുന്നിലാണ് ഓസീസ്. സിഡ്‌നിയില്‍ വിജയിച്ചാല്‍ ഓസീസിനൊപ്പം ഇന്ത്യയ്ക്കും കിരീടം പങ്കിടാം. മത്സരം സമനിലയില്‍ കലാശിച്ചാല്‍ പോലും ഓസീസ് കിരീടം കൊണ്ടുപോകും.
എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ പരമ്പര കഴിഞ്ഞാലും ഓസീസിന് ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പായി അവശേഷിക്കുന്നുണ്ട്. ഓസീസ്-ശ്രീലങ്ക പരമ്പര ഇന്ത്യയ്ക്കും നിര്‍ണായകമാണ്. ഇന്ത്യ സിഡ്‌നിയില്‍ വിജയിക്കുകയും, ഓസ്‌ട്രേലിയക്കെതിരായ പരമ്പര ശ്രീലങ്ക 2-0ന് വിജയിക്കുകയും ചെയ്താല്‍ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ നിലനില്‍ക്കും.
അങ്ങനെയെങ്കില്‍ ഇന്ത്യയുടെ വിജയശതമാനം 55.26 ശതമാനമാകും. ഓസ്‌ട്രേലിയയുടേത് 54.26 ആകും. എന്നാല്‍ ഒരു മത്സരം സമനിലയിലായാല്‍ പോലും ഓസ്‌ട്രേലിയക്ക് 56.48 വിജയശതമാനമുണ്ടാകും. അല്ലെങ്കില്‍ ശ്രീലങ്ക 1-0ന് എങ്കിലും പരമ്പര ജയിക്കണം. ശ്രീലങ്കയ്‌ക്കെതിരായ മത്സരങ്ങളില്‍ ഓസീസ് ജയിക്കരുതെന്ന് ചുരുക്കം.
അതുകൊണ്ട് തന്നെ സിഡ്‌നിയിലെ പ്രകടനവും, ഓസീസ്-ശ്രീലങ്ക പരമ്പരയുമാണ് ഇന്ത്യയുടെ വിധി നിര്‍ണയിക്കുന്നത്. സിഡ്‌നിയില്‍ ഇന്ത്യ തോല്‍ക്കുകയോ, മത്സരം സമനിലയില്‍ കലാശിക്കുകയോ ചെയ്താല്‍ ഇന്ത്യയുടെ സാധ്യതകള്‍ പൂര്‍ണമായും അടയും.
Read Also : മെല്‍ബണില്‍ തരിപ്പണം; ബാറ്റര്‍മാര്‍ കളി മറന്നു, ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി
മെല്‍ബണില്‍ സംഭവിച്ചത്
340 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 184 റണ്‍സിന് പുറത്തായി. 208 പന്തില്‍ 84 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളും, 104 പന്തില്‍ 30 റണ്‍സെടുത്ത ഋഷഭ് പന്തും മാത്രമാണ് രണ്ടക്കം കടന്ന ബാറ്റര്‍മാര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മറ്റ് സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ എന്നിവര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.
രോഹിത്-3, 9, കോഹ്ലി-36, 5, രാഹുല്‍-24, 0 എന്നിങ്ങനെയാണ് മെല്‍ബണ്‍ ടെസ്റ്റിലെ ഈ താരങ്ങളുടെ സംഭാവന. രണ്ട് ഇന്നിംഗ്‌സുകളിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറം, രണ്ട് ഇന്നിംഗ്‌സുകളിലും അര്‍ധ ശതകം തികച്ച യശ്വസി ജയ്‌സ്വാള്‍, ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ നിതീഷ് റെഡ്ഡി തുടങ്ങിയ ഏതാനും താരങ്ങള്‍ മാത്രമാണ് മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.