India Vs Australia Test : മെല്‍ബണില്‍ തരിപ്പണം; ബാറ്റര്‍മാര്‍ കളി മറന്നു, ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി
India lost the Melbourne Test : മെല്‍ബണിലെ വിജയത്തോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മുന്നിലെത്തുകയും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ സജീവമാക്കുകയും ചെയ്യാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ് ഈ കനത്ത തോല്‍വി. 340 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. തൊട്ടുപിന്നാലെ കെ.എല്‍. രാഹുല്‍ പൂജ്യത്തിന് പുറത്തായി
മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി. 184 റണ്‍സിനാണ് ഇന്ത്യ തോറ്റത്. 340 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 155 റണ്‍സിന് പുറത്തായി. മെല്‍ബണിലെ വിജയത്തോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മുന്നിലെത്തുകയും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ സജീവമാക്കുകയും ചെയ്യാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ് ഈ കനത്ത തോല്‍വി. സ്‌കോര്‍: ഓസ്‌ട്രേലിയ-ആദ്യ ഇന്നിംഗ്‌സില്‍ 474, രണ്ടാം ഇന്നിംഗ്‌സില്‍ 234. ഇന്ത്യ-ആദ്യ ഇന്നിംഗ്‌സില്‍ 369, രണ്ടാം ഇന്നിംഗ്‌സില്‍ 155. 340 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. 40 പന്തില്‍ ഒമ്പത് റണ്‍സെടുത്ത രോഹിതിനെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. കമ്മിന്‍സിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷ് ക്യാച്ചെടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ കെ.എല്‍. രാഹുല്‍ പൂജ്യത്തിന് പുറത്തായി.
ഇത്തവണയും കമ്മിന്‍സിനായിരുന്നു വിക്കറ്റ്. ക്യാച്ചെടുത്തത് ഉസ്മാന്‍ ഖവാജയാണെന്ന വ്യത്യാസം മാത്രം. 29 പന്തില്‍ അഞ്ച് റണ്‍സെടുത്ത വിരാട് കോഹ്ലിയുടേതായിരുന്നു അടുത്ത ഊഴം. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. 104 പന്തില്‍ 30 റണ്‍സെടുത്ത ഋഷഭ് പന്തിനെ പുറത്താക്കിയത് ട്രാവിസ് ഹെഡായിരുന്നു. പിന്നാലെയെത്തിയ രവീന്ദ്ര ജഡേജ വന്ന പോലെ മടങ്ങി. 14 പന്തില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടി ഇന്ത്യയുടെ മാനം കാത്ത നിതീഷ് കുമാര്‍ റെഡ്ഡിക്ക് രണ്ടാം ഇന്നിംഗ്‌സില്‍ തിളങ്ങാനായില്ല. അഞ്ച് പന്തില്‍ ഒരു റണ്‍സെടുത്ത നിതീഷ് നഥാന്‍ ലിയോണിന്റെ പന്തില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കി പുറത്തായി.
വിക്കറ്റുകള്‍ ഒരു വശത്ത് കൊഴിയുമ്പോഴും ഇന്ത്യന്‍ പോരാട്ടങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി ക്രീസില്‍ ഉറച്ചുനിന്ന യശ്വസി ജയ്‌സ്വാളും പുറത്തായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. 208 പന്തില്‍ 94 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി ക്യാച്ചെടുക്കുകയായികുന്നു. ഓപ്പണറായ താരം ഏഴാമനായാണ് പുറത്തായത്. പിന്നീടെല്ലാം ചടങ്ങ് തീര്‍ക്കുന്നതുപോലെയായി. ആകാശ് ദീപ്-7, ജസ്പ്രീത് ബുംറ-0, മുഹമ്മദ് സിറാജ്-0 എന്നിങ്ങനെ, വാഷിങ്ടണ്‍ സുന്ദര്‍-അഞ്ച് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.
ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ജയ്‌സ്വാളും പന്തും ഒഴികെയുള്ള ഒരു ബാറ്റര്‍ക്ക് പോലും രണ്ടക്കം കടക്കാനായില്ല. ഓസീസിനായി പാറ്റ് കമ്മിന്‍സും, സ്‌കോട്ട് ബോളണ്ടും മൂന്ന് വിക്കറ്റ് വീതവും, നഥാന്‍ ലിയോണ്‍ രണ്ട് വിക്കറ്റും, മിച്ചല്‍ സ്റ്റാര്‍ക്കും, ട്രാവിസ് ഹെഡും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഈ വിജയത്തോടെ പരമ്പരയില്‍ ഓസീസ് 2-1ന് മുന്നിലെത്തി. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരം ജനുവരി മൂന്നിന് സിഡ്‌നിയില്‍ ആരംഭിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി തുടങ്ങിയ സീനിയര്‍ താരങ്ങളുടെ നിരാശജനകമായ പ്രകടനമാണ് ഇന്ത്യയുടെ തലവേദന.