India women vs West indies women : പൊരുതാന്‍ പോലുമാകാതെ വെസ്റ്റ് ഇന്‍ഡീസ് കീഴടങ്ങി, വനിതാ ഏകദിന പരമ്പര ഇന്ത്യയ്ക്ക്
IND-W beats WI-W to win series : സെഞ്ചുറി നേടിയ ഹര്‍ലീന്‍ ഡിയോളിന്റെ പ്രകടനം നിര്‍ണായകമായി. 103 പന്തില്‍ 115 റണ്‍സാണ് താരം നേടിയത്. 16 ഫോറുകള്‍ അടങ്ങിയതായിരുന്നു ഇന്നിങ്‌സ്. ക്വിയാന ജോസഫിന്റെ പന്തില്‍ ആലിയ അലെയ്‌നെയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഹര്‍ലീനാണ് കളിയിലെ താരം. ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും പ്രതിക റാവലും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്
വഡോദര: വനിതാ ഏകദിന പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ കീഴടക്കി ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 115 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 358 റണ്‍സ്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് 46.2 ഓവറില്‍ 243 റണ്‍സിന് പുറത്തായി. ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യന്‍ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു. സെഞ്ചുറി നേടിയ ഹര്‍ലീന്‍ ഡിയോളിന്റെ പ്രകടനം നിര്‍ണായകമായി. 103 പന്തില്‍ 115 റണ്‍സാണ് താരം നേടിയത്. 16 ഫോറുകള്‍ അടങ്ങിയതായിരുന്നു ഇന്നിങ്‌സ്. ക്വിയാന ജോസഫിന്റെ പന്തില്‍ ആലിയ അലെയ്‌നെയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഹര്‍ലീനാണ് കളിയിലെ താരം.
ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും പ്രതിക റാവലും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 110 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുക്കെട്ട് ഇരുവരും പടുത്തുയര്‍ത്തി. 47 പന്തില്‍ 53 റണ്‍സെടുത്ത മന്ദാന റണ്ണൗട്ടാവുകയായിരുന്നു. ഏഴ് ഫോറും രണ്ട് സിക്‌സും താരം പായിച്ചു.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ പുതിയ താരോദയമായ പ്രതിക 86 പന്തില്‍ 73 റണ്‍സ് നേടി. 10 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. സെയ്ദ ജെയിംസിന്റെ പന്തില്‍ ക്വിയാന ജോസഫ് ക്യാച്ചെടുത്താണ് പ്രതിക പുറത്തായത്. മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ കൂടി പിഴുത താരം ഓള്‍ റൗണ്ട് മികവ് പുറത്തെടുത്തു. രണ്ടാം വിക്കറ്റില്‍ പ്രതിക-ഹര്‍ലീന്‍ സഖ്യം 62 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.
ജെമിമ റോഡ്രിഗസ് 36 പന്തില്‍ 52 റണ്‍സെടുത്ത് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് വേഗം കൂട്ടി. ദിയേന്ദ്ര ഡോട്ടിന്റെ പന്തില്‍ ഹെയ്‌ലി മാത്യുസ് ക്യാച്ചെടുത്ത് ജെമിമ പുറത്തായി. 18 പന്തില്‍ 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ അഫി ഫ്‌ളെച്ചര്‍ ക്ലീന്‍ ബൗള്‍ഡാക്കി. റിച്ച ഘോഷും (6 പന്തില്‍ 13), ദീപ്തി ശര്‍മയും (അഞ്ച് പന്തില്‍ നാല്) പുറത്താകാതെ നിന്നു. ദിയേന്ദ്ര ഡോട്ടിന്‍, ആഫി ഫ്‌ളെച്ചര്‍, സെയ്ദ ജെയിംസ്, ക്വിയാന ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം പങ്കിട്ടെടുത്തു.
Read Also : സഞ്ജു ഉണ്ടാകുമോ ചാമ്പ്യന്‍സ് ട്രോഫിക്ക് ? പ്രതീക്ഷ വേണോ ?
വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യുസ് സെഞ്ചുറി നേടി. 109 പന്തില്‍ 106 റണ്‍സെടുത്ത താരത്തെ പ്രതികയാണ് പുറത്താക്കിയത്. പ്രതികയുടെ പന്തില്‍ ജെമിമ ക്യാച്ചെടുക്കുകയായിരുന്നു. ഹെയ്‌ലി ഒഴികെയുള്ള മറ്റ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
ക്വിയാന ജോസഫ്-16 പന്തില്‍ 15, നെരിസ ക്രാഫ്റ്റന്‍-17 പന്തില്‍ 13, റഷാദ വില്യംസ്-നാല് പന്തില്‍ പൂജ്യം, ദിയേന്ദ്ര ഡോട്ടിന്‍-21 പന്തില്‍ 10, ഷെമെയ്ന്‍ കാംബെല്ലെ-48 പന്തില്‍ 38, ആലിയ അലെയ്‌നെ-മൂന്ന് പന്തില്‍ പൂജ്യം, സെയ്ദ ജെയിംസ്-39 പന്തില്‍ 25, ആഫി ഫ്‌ളെച്ചര്‍-17 പന്തില്‍ 22, കരിഷ്മ റാംഹറക്ക്-മൂന്ന് പന്തില്‍ മൂന്ന് നോട്ടൗട്ട്, ഷമിലിയ കേന്നല്‍-ഒരു പന്തില്‍ നാല് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ഇന്ത്യയ്ക്ക് വേണ്ടി പ്രിയ മിശ്ര മൂന്ന് വിക്കറ്റും, പ്രതികയും, ടിറ്റസ് സധുവും, ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതവും, രേണുക സിങ് ഒരു വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ അവസാന മത്സരം 27ന് നടക്കും.