Cricketers To Watch Out : അവസരങ്ങള്‍ മുതലാക്കുന്ന നിതീഷും സുന്ദറും; നോക്കിവച്ചോ ഈ ചെക്കന്മാരെ; ഇക്കൊല്ലം പയ്യന്മാര്‍ കലക്കും
Indian Cricketers To Watch Out In 2025 : സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും, വിരാട് കോഹ്ലിയുടെയും ഫോം ഔട്ട് തലവേദനയായി. എന്നാല്‍ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ താരങ്ങള്‍ കിട്ടിയ അവസരങ്ങളില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനം ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്നു. 2025ലും ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ പ്രതീക്ഷിക്കാനുണ്ടെന്ന പ്രത്യാശയാണ് ഈ യുവതാരങ്ങള്‍ നല്‍കുന്നത്. ഇക്കൊല്ലം ഇന്ത്യന്‍ ടീമില്‍ കിടിലം പ്രകടനങ്ങള്‍ പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന യുവതാരങ്ങളെ നോക്കാം
ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് 2024 സംഭവബഹുലമായിരുന്നു. ടി20 ലോകകപ്പിലെ കിരീടനേട്ടത്തിലെ സന്തോഷവും, ടെസ്റ്റ് മത്സരങ്ങളിലെ ദയനീയ പ്രകടനം പകര്‍ന്ന സങ്കടവും എല്ലാം കലര്‍ന്ന സമ്മിശ്രഭാവമായിരുന്നു ഇക്കൊല്ലം ഇന്ത്യന്‍ ക്രിക്കറ്റ് സമ്മാനിച്ചത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും, വിരാട് കോഹ്ലിയുടെയും ഫോം ഔട്ട് തലവേദനയായി. എന്നാല്‍ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ താരങ്ങള്‍ കിട്ടിയ അവസരങ്ങളില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനം ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്നു. 2025ലും ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ പ്രതീക്ഷിക്കാനുണ്ടെന്ന പ്രത്യാശയാണ് ഈ യുവതാരങ്ങള്‍ നല്‍കുന്നത്. ഇക്കൊല്ലം ഇന്ത്യന്‍ ടീമില്‍ കിടിലം പ്രകടനങ്ങള്‍ പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന യുവതാരങ്ങളെ നോക്കാം
1. നിതീഷ് കുമാർ റെഡ്ഡി
ഇക്കൊല്ലം ഏറെ പ്രതീക്ഷിക്കാവുന്ന ഒരു താരമാണ് നിതീഷ് കുമാര്‍ റെഡ്ഡി. കഴിഞ്ഞ ഐപിഎല്‍ സീസണിലടക്കം മികച്ച പ്രകടനം താരം പുറത്തെടുത്തു. സീസണിലെ എമര്‍ജിങ് താരമായിരുന്നു. ദേശീയ ടീമില്‍ ലഭിച്ച അവസരങ്ങളും കൃത്യമായി വിനിയോഗിച്ചു. സിംബാബ്‌വെയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചെങ്കിലും പരിക്ക് തിരിച്ചടിയായി. തുടര്‍ന്ന് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ അരങ്ങേറ്റം. രണ്ടാം മത്സരത്തില്‍ 34 പന്തില്‍ 74 റണ്‍സെടുത്ത് കളിയിലെ താരമായി.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലും ഇടം നേടി. അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സിലും ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു. രണ്ട് ഇന്നിംഗ്‌സിലും നേടിയത് 42 റണ്‍സ് വീതം. മെല്‍ബണില്‍ ടെസ്റ്റിലെ കന്നി സെഞ്ചുറിയും നേടി.
2. വാഷിംഗ്ടൺ സുന്ദർ
2024ല്‍ മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു ഓള്‍ റൗണ്ടറാണ് വാഷിംഗ്ടൺ സുന്ദർ. നിലവില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കളിക്കുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയത്. അടുത്തിടെ വിരമിച്ച ആര്‍. അശ്വിന്റെ പിന്‍ഗാമിയായാണ് സുന്ദറിനെ ക്രിക്കറ്റ് നിരൂപകര്‍ വിലയിരുത്തുന്നത്. രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളിലുമായി വീഴ്ത്തിയത് 11 വിക്കറ്റുകള്‍. ഒടുവില്‍ കഴിഞ്ഞ ഓസീസിനെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ ബാറ്റിംഗിലും താരം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
3. വരുൺ ചക്രവർത്തി
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയകിരീടം അണിഞ്ഞപ്പോള്‍, നിര്‍ണായക പ്രകടനം കാഴ്ചവച്ചവരില്‍ വരുണ്‍ ചക്രവര്‍ത്തിയും ഉണ്ടായിരുന്നു. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും താരം മുമ്പന്തിയിലുണ്ടായിരുന്നു. 21 വിക്കറ്റുകളാണ് കഴിഞ്ഞ സീസണില്‍ വരുണ്‍ സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും താരത്തിന് അവസരം ലഭിച്ചു. പുറത്തെടുത്തത് മികച്ച പ്രകടനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ടി20 പരമ്പരയിലും താരം തിളങ്ങി. ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റും, രണ്ടാമത്തേതില്‍ അഞ്ച് വിക്കറ്റും പിഴുതു. 2025ലും താരത്തില്‍ നിന്ന് ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്നു.