Indian Cricketers : ഒരു കാലത്ത് താങ്ങും തണലുമായിരുന്നവര്‍ ! 2025 ഇന്ത്യന്‍ ക്രിക്കറ്റിന് നഷ്ടങ്ങളുടേതാകുമോ ? വിരമിക്കാന്‍ സാധ്യതയുള്ളവരില്‍ ഹിറ്റ്മാനും കിങും ഉള്‍പ്പെടെ നിരവധി പേര്‍
Indian Cricketers Likely To Retire In 2025 : ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാകും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് രോഹിതും വിരാടും കളമൊഴിയുന്നത്. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന് താങ്ങും തണലുമായിരുന്നു ഹിറ്റ്മാനും, കിങ് കളി മതിയാക്കുന്നത് ആരാധകര്‍ക്ക് വേദനയാകും. എങ്കിലും അനിവാര്യമായ പടിയിറക്കത്തിലേക്കാണ് കാലം ഇരുവരെയും ചെന്നെത്തിക്കുന്നത്. 2025ല്‍ വിരമിക്കാന്‍ സാധ്യതയുള്ള മറ്റ് ഇന്ത്യന്‍ താരങ്ങളെ പരിശോധിക്കാം
ലോകം പുതുവര്‍ഷത്തെ വരവേറ്റ് കഴിഞ്ഞു. കായികരംഗത്തും 2025 പ്രധാനമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ചാമ്പ്യന്‍സ് ട്രോഫി തുടങ്ങിയവയാണ് ക്രിക്കറ്റില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റുകള്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. പാകിസ്ഥാനിലും, യുഎഇയിലുമായി ടൂര്‍ണമെന്റ് നടക്കും. ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ ദുബായില്‍ നടക്കും. മറ്റ് മത്സരങ്ങള്‍ പാകിസ്ഥാനിലും. എന്നാല്‍ റെഡ് ബോളിലെ സമീപകാലത്തെ നിരാശജനകമായ പ്രകടനങ്ങള്‍ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശന സാധ്യതകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. സങ്കീര്‍ണമാണ് മുന്നോട്ട് പോക്ക്. സിഡ്‌നി ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ കീഴടക്കണം. ഒപ്പം ഓസ്‌ട്രേലിയ-ശ്രീലങ്ക പരമ്പരയിലെ ഫലത്തിനായും കാത്തിരിക്കണം. അതായത്, മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി ആശ്രയിച്ചാകും മുന്നോട്ടുപോക്ക്. കാരണം അത്രയേറെ മോശമായിരുന്നു ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിലെ പ്രകടനം. ഇതില്‍ തന്നെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും, വിരാട് കോഹ്ലിയുടെയും ഫോം ഔട്ട് എടുത്തുപറയേണ്ടതാണ്.
2025ല്‍ രോഹിതും, വിരാടും അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനാണ് സാധ്യത. ഇതിനകം തന്നെ ഇരുവരും ടി20യില്‍ നിന്ന് വിരമിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാനായില്ലെങ്കില്‍ ഓസീസിനെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇരുവരുടെയും അവസാന അന്താരാഷ്ട്ര ടെസ്റ്റ് മത്സരമായേക്കാം.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ രോഹിതിനും, വിരാടിനും, ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന. പിന്നീട് വരുന്ന ചാമ്പ്യന്‍സ് ട്രോഫിയിലാകും ഇരുവരും ഇന്ത്യന്‍ ജഴ്‌സിയണിയുക. ടൂര്‍ണമെന്റിന് ശേഷമാകും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് രോഹിതും വിരാടും കളമൊഴിയുന്നത്. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന് താങ്ങും തണലുമായിരുന്നു ഹിറ്റ്മാനും, കിങും കളി മതിയാക്കുന്നത് ആരാധകര്‍ക്ക് വേദനയാകും. എങ്കിലും അനിവാര്യമായ പടിയിറക്കത്തിലേക്കാണ് കാലം ഇരുവരെയും ചെന്നെത്തിക്കുന്നത്. 2025ല്‍ വിരമിക്കാന്‍ സാധ്യതയുള്ള മറ്റ് ഇന്ത്യന്‍ താരങ്ങളെ പരിശോധിക്കാം.
1. രവീന്ദ്ര ജഡേജ
രോഹിതും വിരാടും കഴിഞ്ഞാല്‍ വിരമിക്കല്‍ ലിസ്റ്റിലെ പ്രധാനി രവീന്ദ്ര ജഡേജ തന്നെ. ബാറ്റിംഗിലും, ഫീല്‍ഡിംഗിലും, ബൗളിംഗിലും ഒരുപോലെ തിളങ്ങിയിരുന്ന ഇന്ത്യയുടെ വജ്രായുധം. എന്നാല്‍ പ്രതാകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ ജഡേജയ്ക്കും സാധിക്കുന്നില്ല. ടി20യില്‍ നിന്ന് താരം നേരത്തെ വിരമിച്ചിരുന്നു. ഈ വര്‍ഷം തന്നെ മറ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാനാണ് സാധ്യത. ബാറ്റിംഗില്‍ തിളങ്ങുമ്പോഴുള്ള ‘വാള്‍പ്പയറ്റ്’ സെലിബ്രേഷനും, ഫീല്‍ഡിംഗിലെ മാസ്മരികതയും ആരാധകര്‍ മിസ് ചെയ്യുമെന്ന് തീര്‍ച്ച.
2. അജിങ്ക്യ രഹാനെ
അന്താരാഷ്ട്ര മത്സരം അജിങ്ക്യ രഹാനെ കളിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. സെലക്ടര്‍മാരുടെ റഡാറില്‍ നിന്ന് പോലും ഈ 36കാരന്‍ അപ്രത്യക്ഷനായി. ദേശീയ ടീമിലേക്കുള്ള മടക്കം രഹാനെയുടെ ആരാധകര്‍ പോലും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ തന്നിലെ ‘ചെറുപ്പം’ കെട്ടണഞ്ഞിട്ടില്ലെന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ രഹാനെ വ്യക്തമാക്കി. ടൂര്‍ണമെന്റിലെ താരവും രഹാനെയായിരുന്നു. വരുന്ന ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാകാനും സാധ്യതയേറെ. എങ്കിലും ഈ വര്‍ഷം തന്നെ താരം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പാഡഴിച്ചേക്കാം.
3. ചേതേശ്വര്‍ പൂജാര
രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യ കണ്ട വന്‍മതില്‍. എന്നാല്‍ രഹാനെയുടെ പാതയിലാണ് പൂജാരയും. സെലക്ടര്‍മാര്‍ ഇനി താരത്തെ ദേശീയ ടീമിലേക്ക് പരിഗണിച്ചേക്കില്ലെന്ന് വ്യക്തം. ആഭ്യന്തര ക്രിക്കറ്റിലും താരത്തിന് തിളങ്ങാനാകുന്നില്ല. ചേതേശ്വര്‍ പൂജാരയും ഈ വര്‍ഷം വിരമിക്കാനാണ് സാധ്യത. അതേസമയം, പൂജാരയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കണമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Read Also : സീനിയർ താരങ്ങളുടെ മോശം പ്രകടനം, പൂജാരയെ ടീമിലെത്തിക്കാൻ ഗംഭീർ, ആവശ്യം തള്ളി സെലക്ടർമാർ
4. ഹാര്‍ദ്ദിക് പാണ്ഡ്യ
മികച്ച ഫോമിലാണ് ഹാര്‍ദ്ദിക്. രാജ്യാന്തര ക്രിക്കറ്റിലും, ആഭ്യന്തര മത്സരങ്ങളിലും ഒരേ പോലെ തിളങ്ങുന്നു. റെഡ് ബോള്‍ ഫോര്‍മാറ്റിനോട് അകലം പാലിക്കുന്ന താരത്തിന് നിശ്ചിത ഓവര്‍ മത്സരങ്ങളോടാണ് പഥ്യം. മികച്ച ഫോമിലാണെങ്കിലും പരിക്കിന്റെ പിടിയില്‍ തുടര്‍ച്ചയായി അകപ്പെടുന്നത് തിരിച്ചടിയാണ്. ഹാര്‍ദ്ദിക്കും ഈ വര്‍ഷം വിരമിക്കാന്‍ നേരിയ സാധ്യതകളുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
5. മുഹമ്മദ് ഷമി
ഇന്ത്യയുടെ പേസ് ബൗളിങ് സെന്‍സേഷന്‍. പരിക്കാണ് താരത്തിനെയും വലയ്ക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ഏറെ നാള്‍ വിട്ടുനിന്നെങ്കിലും രഞ്ജി ട്രോഫിയിലൂടെ ക്രിക്കറ്റിലേക്ക് മടക്കം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിച്ചു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലേക്കും താരത്തെ പരിഗണിച്ചെങ്കിലും ഇടങ്കാലിലെ വീക്കം ഇരുട്ടടിയായി. തുടര്‍ച്ചയായ പരിക്കുകളില്‍ വീര്‍പ്പുമുട്ടുന്ന ഷമിയും ഈ വര്‍ഷം വിരമിച്ചേക്കും.