5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India Vs Australia Test : ഓസീസ് ബാറ്റിങ് നിരയെ ഭസ്മമാക്കി ബും ബും ബുറ; തലവേദനയായി ലിയോണ്‍-ബോളണ്ട് കൂട്ടുക്കെട്ട്‌

Border Gavaskar Trophy : ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തും ഇന്ത്യയ്ക്ക് വല്യ തലവേദനയായില്ല. 41 പന്തില്‍ 13 റണ്‍സെടുത്ത സ്മിത്ത് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. മെല്‍ബണില്‍ രണ്ടാം ഇന്നിംഗ്‌സിലും ട്രാവിസ് ഹെഡ് പരാജയമായി. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായ മുന്‍ മത്സരങ്ങളിലെ ഓസീസ് ഹിറോയ്ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ നേടാനായത് ഒരു റണ്‍സ് മാത്രം

India Vs Australia Test : ഓസീസ് ബാറ്റിങ് നിരയെ ഭസ്മമാക്കി ബും ബും ബുറ; തലവേദനയായി ലിയോണ്‍-ബോളണ്ട് കൂട്ടുക്കെട്ട്‌
ബോക്‌സിങ് ഡേ ടെസ്റ്റ്‌ Image Credit source: Indian Cricket Team/Facebook
jayadevan-am
Jayadevan AM | Published: 29 Dec 2024 12:55 PM

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയയുടെ ലീഡ് 333 റണ്‍സ്. രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടെയും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെയും പ്രകടനമാണ് ഓസീസിനെ ചുരുട്ടിക്കെട്ടിയത്. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി. 70 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നാണ് രണ്ടാം ഇന്നിംഗ്‌സില്‍ ആതിഥേയരുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 41 റണ്‍സെടുത്തു. മറ്റ് ഓസീസ് ബാറ്റര്‍മാര്‍ വന്നപോലെ മടങ്ങി.

173 റണ്‍സ് എടുക്കുന്നതിനിടെ ഓസീസിന് ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ പത്താം വിക്കറ്റില്‍ നഥാന്‍ ലിയോണും, സ്‌കോട്ടും ബോളണ്ടും നടത്തുന്ന ചെറുത്തുനില്‍പാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 54 പന്തില്‍ 41 റണ്‍സുമായി ലിയോണും, 65 പന്തില്‍ 10 റണ്‍സുമായി സ്‌കോട്ട് ബോളണ്ടും ക്രീസിലുണ്ട്.

ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചത് തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ ഞെട്ടിച്ച 19കാരന്‍ സാം കോണ്‍സ്റ്റസിനെ ബുംറ തുടക്കത്തില്‍ തന്നെ പുറത്താക്കി. 18 പന്തില്‍ 8 റണ്‍സെടുത്ത കോണ്‍സ്റ്റസിനെ ബുംറ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ ഉസ്മാന്‍ ഖവാജയും മടങ്ങി. 65 പന്തില്‍ 21 റണ്‍സായിരുന്നു ഖവാജയുടെ സമ്പാദ്യം. ഖവാജയുടെ കുറ്റി തെറിപ്പിച്ചത് സിറാജാണ്.

ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തും ഇന്ത്യയ്ക്ക് വല്യ തലവേദനയായില്ല. 41 പന്തില്‍ 13 റണ്‍സെടുത്ത സ്മിത്ത് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. മെല്‍ബണില്‍ രണ്ടാം ഇന്നിംഗ്‌സിലും ട്രാവിസ് ഹെഡ് പരാജയമായി. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായ മുന്‍ മത്സരങ്ങളിലെ ഓസീസ് ഹിറോയ്ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ നേടാനായത് ഒരു റണ്‍സ് മാത്രം.

വെറും രണ്ട് പന്തുകള്‍ മാത്രമാണ് ഹെഡ് നേരിട്ടത്. ബുംറയുടെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി ക്യാച്ചെടുത്താണ് താരത്തെ പുറത്താക്കിയത്. തൊട്ടുപിന്നാലെ മിച്ചല്‍ മാര്‍ഷും പുറത്ത്. പരമ്പരയില്‍ ഫോം ഔട്ടിലായിരുന്ന താരത്തിന് രണ്ടാം ഇന്നിംഗ്‌സില്‍ അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല. ബുംറയ്ക്കാണ് മാര്‍ഷിന്റെയും വിക്കറ്റ്.

അധികം വൈകാതെ തന്നെ ഏഴ് പന്തില്‍ രണ്ട് റണ്‍സെടുത്ത ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കുറ്റിയും ബുംറ പിഴുതു. ഓസ്‌ട്രേലിയയ്ക്ക് അല്‍പമെങ്കിലും ആശ്വസിക്കാന്‍ പറ്റിയത് ഏഴാം വിക്കറ്റിലെ ലബുഷെയ്ന്‍-കമ്മിന്‍സ് കൂട്ടുക്കെട്ടാണ്. 57 റണ്‍സാണ് ഈ സഖ്യം പടുത്തുയര്‍ത്തിയത്. ലബുഷെയ്‌നെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി സിറാജാണ് ആ കൂട്ടുക്കെട്ട് പൊളിച്ചത്. 13 പന്തില്‍ അഞ്ച് റണ്‍സെടുത്ത് മിച്ചല്‍ സ്റ്റാര്‍ക്ക് റണ്ണൗട്ടായി. 41 റണ്‍സെടുത്ത കമ്മിന്‍സിനെ രവീന്ദ്ര ജഡേജയും വീഴ്ത്തി. ജഡേജയുടെ പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് കമ്മിന്‍സിന്റെ ക്യാച്ചെടുത്തത്.

Read Also : കപ്പുണ്ട് കയ്യെത്തും ദൂരെ ! സന്തോഷ് ട്രോഫിയില്‍ ഇന്ന് സെമി ആവേശം; കേരളത്തിന്റെ എതിരാളികള്‍ മണിപ്പുര്‍; മത്സരം എങ്ങനെ കാണാം ?

ഒമ്പത് വിക്കറ്റ് നഷ്ടത്തിലായിരുന്നു നാലാം ദിനം ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് അവശേഷിച്ച വിക്കറ്റും നഷ്ടമായി. രാജ്യാന്തര ടെസ്റ്റിലെ കന്നി സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് പത്താമനായി പുറത്തായത്. 189 പന്തില്‍ 114 റണ്‍സാണ് നിതീഷ് നേടിയത്. 118 പന്തില്‍ 82 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളും, 162 പന്തില്‍ 50 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറും പൊരുതി. ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിന്‍സും, സ്‌കോട്ട് ബോളണ്ടും, നഥാന്‍ ലിയോണും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി.

ബുംറയ്ക്ക് 200 വിക്കറ്റ്‌

ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ. ട്രാവിസ് ഹെഡിന്റെ വിക്കറ്റോടെയാണ് ബുംറ 200 തികച്ചത്. പിന്നാലെ മാര്‍ഷിനെയും, കാരിയെയും പുറത്താക്കി ബുംറ ടെസ്റ്റ് കരിയറിലെ വിക്കറ്റ് നേട്ടം 202 ആക്കി ഉയര്‍ത്തി.