Santosh Trophy Kerala Vs Manipur : കപ്പുണ്ട് കയ്യെത്തും ദൂരെ ! സന്തോഷ് ട്രോഫിയില്‍ ഇന്ന് സെമി ആവേശം; കേരളത്തിന്റെ എതിരാളികള്‍ മണിപ്പുര്‍; മത്സരം എങ്ങനെ കാണാം ?
Santosh Trophy Kerala Semi Final Match : ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തമായ പോരാട്ടം അതിജീവിച്ചാണ് കേരളം വിജയിച്ചത്. 73-ാം മിനിറ്റില്‍ നസീബ് റഹ്‌മാന്‍ നേടിയ ഗോളാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. ഗോളിന് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പല തവണയും ജമ്മു കശ്മീര്‍ പ്രതിരോധം അതിജീവിക്കാന്‍ കേരളത്തിന് സാധിച്ചില്ല. എന്നാല്‍ കേരളത്തിന്റെ ഗോള്‍മുഖത്ത് കാര്യമായ ഭീഷണി ചെലുത്താന്‍ ജമ്മു കശ്മീര്‍ മുന്നേറ്റ നിരയ്ക്ക് സാധിച്ചില്ല. ക്വാര്‍ട്ടര്‍ ഫൈനലിന് മുമ്പ് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മാത്രമാണ് കേരളത്തിന് വിജയിക്കാന്‍ സാധിക്കാത്തത്
ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ ഒരിക്കല്‍ കൂടി കേരളത്തിന്റെ മുത്തം പതിയാന്‍ ഇനി കടക്കേണ്ടത് രണ്ട് വിജയങ്ങളുടെ ദൂരം മാത്രം. ഹൈദരാബാദില്‍ നടക്കുന്ന സെമി പോരാട്ടത്തില്‍ കേരളം മണിപ്പുരിനെ നേരിടും. വൈകിട്ട് ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ 7.30നാണ് മത്സരം. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ആദ്യ സെമിയില്‍ സര്‍വീസസാണ് പശ്ചിമ ബംഗാളിന്റെ എതിരാളി. ടൂര്‍ണമെന്റില്‍ ഒരു തോല്‍വി പോലും അറിയാതെയാണ് കേരളവും മണിപ്പുരും സെമിയിലെത്തിയത്. കരുത്തരായ രണ്ട് ടീമുകളുടെ പോരാട്ടം ആവേശകരമാകുമെന്ന് തീര്‍ച്ച. വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കശ്മീരിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് കേരളം സെമിയിലെത്തിയത്. SSEN ആപ്പിലും, ഡിഡി സ്‌പോര്‍ട്‌സിലും സെമി ഫൈനല്‍ പോരാട്ടങ്ങള്‍ കാണാം.
കേരളം ഇതുവരെ
ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തമായ പോരാട്ടം അതിജീവിച്ചാണ് കേരളം വിജയിച്ചത്. 73-ാം മിനിറ്റില്‍ നസീബ് റഹ്‌മാന്‍ നേടിയ ഗോളാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. ഗോളിന് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പല തവണയും ജമ്മു കശ്മീര്‍ പ്രതിരോധം അതിജീവിക്കാന്‍ കേരളത്തിന് സാധിച്ചില്ല. എന്നാല്‍ കേരളത്തിന്റെ ഗോള്‍മുഖത്ത് കാര്യമായ ഭീഷണി ചെലുത്താന്‍ ജമ്മു കശ്മീര്‍ മുന്നേറ്റ നിരയ്ക്ക് സാധിച്ചില്ല.
ക്വാര്‍ട്ടര്‍ ഫൈനലിന് മുമ്പ് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മാത്രമാണ് കേരളത്തിന് വിജയിക്കാന്‍ സാധിക്കാത്തത്. തമിഴ്‌നാടിനെതിരെ നടന്ന മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ റൊമേരിയോ ജസുരാജ് നേടിയ ഗോളിലൂടെ തമിഴ്‌നാടാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ മത്സരത്തിന്റെ അവസാന നിമിഷം നിജോ ഗില്‍ബര്‍ട്ട് നേടിയ ഗോളിലൂടെ കേരളം സമനില പിടിച്ചെടുത്തു.
Read Also : ആദ്യം കോഹ്ലിയെ കോമാളിയെന്ന് വിളിച്ചു, ഇപ്പോള്‍ അതിരുകടന്ന പദപ്രയോഗങ്ങള്‍; അധപതിച്ച് ഓസീസ് മാധ്യമങ്ങള്‍
ഗ്രൂപ്പ് ഘട്ടത്തില്‍ ഡല്‍ഹിയെയും കേരളം കീഴടക്കിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അന്ന് കേരളം വിജയിച്ചത്. നസീബ് റഹ്‌മാന്‍, ജോസഫ് ജസ്റ്റിന്‍, ഷിജിന്‍ എന്നിവരാണ് ഡല്‍ഹി പ്രതിരോധത്തെ നിഷ്പ്രഭമാക്കി ഗോളുകള്‍ അടിച്ചത്.
ഒഡീഷയ്‌ക്കെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തോടെയാണ് കേരളം ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയത്. രണ്ട് ഗോളുകള്‍ക്കാണ് കേരളം ഒഡീഷയെ തോല്‍പിച്ചത്. മുഹമ്മദ് അജ്‌സലും, നസീബ് റഹ്‌മാനുമാണ് ഒഡീഷയ്‌ക്കെതിരെ ഗോളുകള്‍ അടിച്ചുകൂട്ടിയത്.
ഒഡീഷയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് മേഘാലയക്കെതിരെ നടന്ന പോരാട്ടത്തിലും കേരളം തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. മുഹമ്മദ് അജ്‌സല്‍ നേടിയ ഗോളിലായിരുന്നു കേരളത്തിന്റെ ആധികാരിക ജയം. മത്സരത്തില്‍ നിരവധി അവസരങ്ങള്‍ കേരളം സൃഷ്ടിച്ചെങ്കിലും മേഘാലയ ശക്തമായ പ്രതിരോധം പുറത്തെടുത്തു. എന്നാല്‍ 37-ാം മിനിറ്റില്‍ അജ്‌സല്‍ ഗോള്‍ നേടുകയായിരുന്നു.
15ന് നടന്ന മത്സരത്തില്‍ ഗോവയെയും കേരളം പരാജയപ്പെടുത്തിയിരുന്നു. 4-3നായിരുന്നു ജയം. ആദ്യം ലീഡ് നേടിയ ഗോവയായിരുന്നെങ്കിലും കേരളം ശക്തമായി തിരിച്ചെടിച്ച് വിജയം വെട്ടിപ്പിടിച്ചു. 15-ാം മിനിറ്റില്‍ പി.ടി. മുഹമ്മദ് റിയാസ് നേടിയ ഗോളിലൂടെ കേരളം ഒപ്പമെത്തി. മുഹമ്മദ് അജ്‌സല്‍, നസീബ് റഹ്‌മാന്‍, ക്രിസ്റ്റി ഡേവിസ് എന്നിവരും ഗോളുകള്‍ കണ്ടെത്തി.