Akash Deep : രവീന്ദ്ര ജഡേജയ്ക്ക് പിന്നാലെ ആകാശ് ദീപും സംസാരിച്ചത് ഹിന്ദിയില്‍; വീണ്ടും ആരോപണമുന്നയിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
Akash Deep Criticized : നേരത്തെ രവീന്ദ്ര ജഡേജയ്‌ക്കെതിരെയും ഇതേ ചാനല്‍ വിമര്‍ശനമുന്നയിച്ചിരുന്നു. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിന് മുന്നോടിയായി ശനിയാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് ജഡേജ പങ്കെടുത്തത്. ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ജഡേജ വിസമ്മതിച്ചുവെന്നും, താരത്തിന്റേത് വിചിത്ര സമീപനമായിരുന്നുവെന്നുമായിരുന്നു ചാനലിന്റെ ആരോപണം
ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലീഷില്‍ സംസാരിക്കാത്തതില്‍ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമമായ 7 ന്യൂസ്. ആദ്യം രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച ചാനല്‍, ഇപ്പോള്‍ പേസര്‍ ആകാശ് ദീപിനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. ആകാശ് ദീപിന് ഇംഗ്ലീഷില്‍ പ്രാവീണ്യമില്ല. അതുകൊണ്ട് തന്നെ മാധ്യമപ്രവര്‍ത്തകരോട് ഹിന്ദിയിലാണ് താരം സംസാരിച്ചത്. എന്നാല്‍ ഇതിലും ആരോപണമുന്നയിക്കുകയാണ് ഓസ്‌ട്രേലിയന്‍ മാധ്യമം.
ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ‘സന്ദേശം’ ആയിരിക്കാം ഇതെന്നാണ് ചാനലിന്റെ വ്യാഖ്യാനം. മനപ്പൂര്‍വമാണ് ഇത് ചെയ്യുന്നതെന്നാണ് ചാനല്‍ ആരോപിക്കുന്നത്. ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലാത്ത ആകാശ് ദീപിനെ ബോധപൂര്‍വമാണ് ഇന്ത്യന്‍ ക്യാമ്പ് അയച്ചതെന്നാണ് ചാനല്‍ ഉന്നയിക്കുന്ന മറ്റൊരു ആരോപണം.
ഇന്ത്യന്‍ റിപ്പോര്‍ട്ടര്‍മാര്‍ ഓസ്‌ട്രേലിയന്‍ റിപ്പോര്‍ട്ടര്‍മാരെ സഹായിച്ചില്ലെന്നും 7 ന്യൂസ് വിമര്‍ശിച്ചു. ഓസ്‌ട്രേലിയന്‍ മീഡിയയുമായി മെല്‍ബണില്‍ നടക്കേണ്ടിയിരുന്ന സൗഹൃദ ക്രിക്കറ്റ് മത്സരം ഇന്ത്യന്‍ മീഡിയ റദ്ദാക്കിയെന്നും ചാനല്‍ ആരോപിച്ചു.
എന്നാല്‍ ഓസ്‌ട്രേലിയന്‍ മാധ്യമത്തിന്റെ ആരോപണം വ്യാജമാണെന്ന് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ സുഭയന്‍ ചക്രവര്‍ത്തി വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ അവഗണിച്ചിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
നേരത്തെ രവീന്ദ്ര ജഡേജയ്‌ക്കെതിരെയും ഇതേ ചാനല്‍ വിമര്‍ശനമുന്നയിച്ചിരുന്നു. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിന് മുന്നോടിയായി ശനിയാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് ജഡേജ പങ്കെടുത്തത്. ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ജഡേജ വിസമ്മതിച്ചുവെന്നും, താരത്തിന്റേത് വിചിത്ര സമീപനമായിരുന്നുവെന്നുമായിരുന്നു ചാനലിന്റെ ആരോപണം.
ചോദ്യങ്ങള്‍ക്ക് ജഡേജ ഹിന്ദിയിലാണ് മറുപടി നല്‍കിയത്. ഇംഗ്ലീഷില്‍ പ്രതികരിക്കാത്തത് ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകരെ അലോസരപ്പെടുത്തി. മാധ്യമ സമ്മേളനത്തില്‍ രവീന്ദ്ര ജഡേജ നേരത്തെ പോയെന്നും ഓസ്‌ട്രേലിയന്‍ മാധ്യമം ആരോപിച്ചിരുന്നു.
പ്രസ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്ന് ഇന്ത്യയില്‍ നിന്നുള്ള മാധ്യമ സംഘം പറഞ്ഞുവെന്നും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളെ കോണ്‍ഫറന്‍സിലേക്ക് ക്ഷണിച്ചിരുന്നുവെന്നും ഓസ്‌ട്രേലിയന്‍ മാധ്യമം അവകാശപ്പെട്ടു.
അതേസമയം, ഓസ്‌ട്രേലിയന്‍ മാധ്യമം ഓവര്‍ റിയാക്ട് ചെയ്യുകയാണെന്ന് ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി. സമയം ലഭിക്കാത്തതിനാലാണ് ജഡേജയ്ക്ക് എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ സാധിക്കാത്തതെന്നും അവര്‍ വിശദീകരിച്ചു.
ഇതാദ്യമായല്ല ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് വിവാദം രൂപപ്പെടുന്നത്. നേരത്തെ വിരാട് കോഹ്ലിയും ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകരും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. തന്റെ സമ്മതമില്ലാതെ കുടുംബത്തിന്റെ ദൃശ്യം ചിത്രീകരിച്ചത് കോഹ്ലി ചോദ്യം ചെയ്യുകയായിരുന്നു.
നാലാം ടെസ്റ്റിനായി കോഹ്ലി ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം മെല്‍ബണിലേക്ക് പുറപ്പെടുമ്പോഴാണ് സംഭവം നടന്നത്. വിമാനത്താവളത്തില്‍ വച്ച് താരത്തിന്റെ കുടുംബത്തിന്റെ ദൃശ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക ചിത്രീകരിക്കുന്നത് കോഹ്ലിയുടെ ശ്രദ്ധയില്‍പെട്ടു. ഉടന്‍ തന്നെ മാധ്യമപ്രവര്‍ത്തകയുടെ അടുത്തെത്തിയ താരം അവരുടെ പ്രവൃത്തിയെ ചോദ്യം ചെയ്തു.
Read Also : പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്; നാലാം ടെസ്റ്റിൽ രോഹിത് ശർമ്മ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്
എന്നാല്‍ കോഹ്ലിയുടെയും കുടുംബത്തിന്റെയും ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും, ഓസീസ് താരം സ്‌കോട്ട് ബോളണ്ടിന്റെ പ്രതികരണം എടുക്കാനാണ് മാധ്യമപ്രവര്‍ത്തക എത്തിയതെന്നുമായിരുന്നു ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.