IND vs AUS : പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്; നാലാം ടെസ്റ്റിൽ രോഹിത് ശർമ്മ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്
IND vs AUS Rohit Sharma Left Knee Injury : ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്ക്. നെറ്റ്സിൽ പരിശീലനത്തിനിടെയാണ് രോഹിതിൻ്റെ ഇടത് മാൽ മുട്ടിൻ പരിക്കേറ്റത്. താരം നാലാം ടെസ്റ്റിൽ കളിക്കുമോ എന്ന് സംശയമാണ്.
നെറ്റ്സിൽ പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ നാലാം ടെസ്റ്റിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. മെൽബൺ ടെസ്റ്റിന് മുന്നോടിയായി നടത്തിയ പരിശീലനത്തിലാണ് ഇന്ത്യൻ ക്യാപ്റ്റന് പരിക്കേറ്റത്. ഇടത് കാൽമുട്ടിൽ പരിക്കേറ്റിരിക്കുന്ന രോഹിതിൻ്റെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. താരം നാലാം ടെസ്റ്റിൽ കളിക്കുമെന്ന് പേസർ ആകാശ് ദീപ് മാധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും രോഹിത് പുറത്തിരുന്നേക്കുമെന്നാണ് സൂചന.
ത്രോഡൗൺ സ്പെഷ്യലിസ്റ്റുമായുള്ള സെഷനിടെയാണ് രോഹിതിന് പരിക്കേറ്റത്. പാഡിനിടയിലൂടെ പന്ത് രോഹിതിൻ്റെ കാൽമുട്ടിലിടിക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ഓപ്പണറായെത്തിയ കെഎൽ രാഹുലിനും പരിശീലനത്തിനിടെ പരിക്കേറ്റു. നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ കയ്യിലാണ് രാഹുലിന് പരിക്കേറ്റത്. രണ്ട് പരിക്കിനെപ്പറ്റിയും ഇന്ത്യൻ ടീം മാനേജ്മെൻ്റ് വിശദാംശങ്ങൾ നൽകിയിട്ടില്ല.
അതേസമയം, പേസർ ആകാശ് ദീപ് പറഞ്ഞതനുസരിച്ച് രോഹിതിൻ്റെ പരിക്ക് സാരമുള്ളതല്ല. ഇത്തരം പരിക്കുകളൊക്കെ സാധാരണയാണെന്നും മെൽബണിലെ നാലാം ടെസ്റ്റിൽ രോഹിത് കളിക്കുമെന്നും ആകാശ് ദീപ് പറഞ്ഞു. പരിശീലനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ആകാശ് ദീപിൻ്റെ പ്രതികരണം.
Also Read : Ravindra Jadeja : ഇംഗ്ലീഷിൽ സംസാരിച്ചില്ല, രവീന്ദ്ര ജഡേജയെ വിമർശിച്ച് ഓസ്‌ട്രേലിയൻ മാധ്യമം
പരമ്പരയിലെ മൂന്ന് ടെസ്റ്റ് അവസാനിച്ചപ്പോൾ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിക്കുകയും മൂന്നാം മത്സരം സമനിലയാവുകയുമായിരുന്നു. പെർത്തിലെ ആദ്യ കളിയിൽ ഇന്ത്യയും അഡലെയ്ഡിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയും വിജയിച്ചു. ഗാബയിൽ നടന്ന മത്സരമാണ് സമനിലയായത്. രണ്ട് മത്സരങ്ങൾ കൂടിയാണ് പരമ്പരയിൽ ബാക്കിയുള്ളത്. ഡിസംബർ 26നാണ് പരമ്പരയിലെ നാലാം മത്സരം ആരംഭിക്കുക.
മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ ഒരു അധിക പേസറെ ഇന്ത്യ കളിപ്പിച്ചേക്കുമെന്നാണ് സൂചന. പേസർമാരെ തുണയ്ക്കുന്ന പിച്ചായതുകൊണ്ട് തന്നെ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയ്ക്ക് പകരം ഒരു ഫാസ്റ്റ് ബൗളറെ പരിഗണിച്ചേക്കുമെന്നാണ് സൂചന. പ്രസിദ്ധ് കൃഷ്ണയോ ഹർഷിത് റാണയോ നിതീഷ് കുമാറിന് പകരം ടീമിലെത്തിയേക്കും. മറ്റ് ചില റിപ്പോർട്ടുകളനുസരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ മെൽബണിൽ മൂന്നാം നമ്പരിൽ കളിച്ചേക്കുമെന്നും സൂചനയുണ്ട്. പരമ്പരയിൽ മോശം പ്രകടനം തുടരുന്ന ശുഭ്മൻ ഗില്ലിന് പകരം ധ്രുവ് ജുറേലിനെ പരിഗണിച്ച് രോഹിത് കളിച്ചിരുന്ന ആറാം നമ്പരിൽ ജുറേലും ഗിൽ കളിച്ചിരുന്ന മൂന്നാം നമ്പറിൽ രോഹിതുമാവും കളിക്കുക. ജുറേലിനൊപ്പം സർഫറാസ് ഖാൻ്റെ പേരും സാധ്യതാ പട്ടികയിലുണ്ട്.
ഇതിനിടെ അടുത്ത രണ്ട് ടെസ്റ്റുകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ ജോഷ് ഹേസൽവുഡിന് പകരം ഝേ റിച്ചാർഡ്സണും മോശം പ്രകടനങ്ങൾ തുടർക്കഥയാക്കിയ യുവ ഓപ്പണർ നഥാൻ മക്സ്വീനിയ്ക്ക് പകരം മറ്റൊരു യുവതാരം സാം കോൺസ്റ്റാസും ടീമിലെത്തി. കോൺസ്റ്റാസ് മെൽബൺ ടെസ്റ്റിൽ അരങ്ങേറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയ അണ്ടർ 19 ലോകകപ്പിൽ കളിച്ച കോൺസ്റ്റാസ് ഇന്ത്യക്കെതിരായ സന്നാഹമത്സരത്തിൽ സെഞ്ചുറിയടിച്ചിരുന്നു. 19 വയസുകാരനായ കോൺസ്റ്റാസ് ഓസ്ട്രേലിയൻ ക്രിക്കറ്റിൻ്റെ ഭാവിതാരമായാണ് അറിയപ്പെടുന്നത്. അതേസമയം, മോശം ഫോമിലുള്ള മാർനസ് ലബുഷെയ്നെ പുറത്താക്കാതെ മക്സ്വീനിയെ പുറത്താക്കിയതിനെ വിമർശനവും ശക്തമാണ്.