Man Entered Lion Cage: കാമുകിയെ സന്തോഷിപ്പിക്കാനായി കയറിച്ചെന്നത് സിംഹക്കൂട്ടിലേക്ക്; യുവാവിന് ദാരുണാന്ത്യം
Young Man Died After Entering Lion Cage: യുവാവ് ജോലി ചെയ്തിരുന്ന അതേ മൃഗശാലയിൽ വെച്ചാണ് സംഭവം നടന്നത്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ഇയാൾ, ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷം പുലർച്ചെ അഞ്ച് മണിക്കാണ് സിംഹക്കൂട്ടിൽ കയറുന്നത്.
കാമുകിയെ ‘ഇംപ്രസ്’ ചെയ്യാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ് ഇന്നത്തെ യുവാക്കൾ എന്നൊരാക്ഷേപം പൊതുവിൽ ഉണ്ട്. ഇത്തരം അഭ്യൂങ്ങൾ വരാനുള്ള കാരണം സമാനമായ സംഭവങ്ങൾ പലയിടങ്ങളിലും നടന്നിട്ടുണ്ട്, അല്ലെങ്കിൽ നടക്കുന്നുണ്ട് എന്നത് തന്നെയാണ്. എന്നാൽ, ഇത്തരം കേസുകളിൽ പലതും ദുരന്തത്തിലാണ് കലാശിച്ചിട്ടുള്ളത്. അത്തരം ഒരു സംഭവമാണ് ഇപ്പോൾ ഉസ്ബകിസ്ഥാനിൽ നിന്ന് വരുന്നത്. കാമുകിയെ സന്തോഷിപ്പിക്കാനായി യുവാവ് കയറിയത് സിംഹ കൂട്ടിൽ ആയിരുന്നു. ഇതോടെ സിംഹങ്ങൾ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. യുവാവിന്റെ കൈവശം ഉണ്ടായിരുന്ന ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സംഭവത്തിന്റേതെന്ന പേരിൽ ഒരു വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. എഫ് ഇറിസ്കുലോവ് എന്ന 44 വയസുകാരൻ ആണ് മരണപ്പെട്ടത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന അതേ മൃഗശാലയിൽ വെച്ചാണ് സംഭവം നടന്നത്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ഇയാൾ, ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷം പുലർച്ചെ അഞ്ച് മണിക്കാണ് സിംഹക്കൂട്ടിൽ കയറുന്നത്.
ഇറിസ്കുലോവ് കൂടിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറുന്നത് മുതലുള്ള ദൃശ്യങ്ങൾ വീഡിയോയിൽ ഉണ്ട്. വലിയ മൂന്ന് സിംഹങ്ങൾ ആണ് കൂട്ടിൽ ഉണ്ടായിരുന്നത്. ഇവ അക്രമിക്കില്ലെന്ന ധൈര്യത്തിലാണ് യുവാവ് കൂട്ടിനകത്തേക്ക് കയറിയത്. കൂട്ടിനുള്ളിലേക്ക് കയറുന്ന സമയത്ത് ഇയാൾ സിംഹങ്ങളുടെ പേരും വിളിക്കുന്നുണ്ട്. യുവാവിനെ കണ്ട ഉടൻ തന്നെ സിംഹങ്ങൾ അദ്ദേഹത്തിനടുത്തേക്ക് എത്തി. അപ്പോഴും, പുറത്തേക്ക് പോകാതെ നിന്ന ഇറിസ്കുലോവ് കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു സിംഹത്തെ ‘സിംബാ സിംബാ’ എന്ന് ആവർത്തിച്ച് വിളിക്കുന്നതും അടങ്ങിയിരിക്കാൻ പറയുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
ALSO READ: യുവത്വം എന്നും നിലനില്‍ക്കണം! മകനില്‍ നിന്നും രക്തം സ്വീകരിക്കാനൊരുങ്ങി ‘മനുഷ്യ ബാര്‍ബി’
എന്നിട്ടും ധൈര്യം കൈവിടാതിരുന്ന ഇറിസ്കുലോവ് ക്യാമറ സ്വന്തം മുഖത്തേക്ക് തിരിച്ചും വീഡിയോ പകർത്തി. തുടർന്ന്, ഇയാളുടെ അടുത്തേക്ക് വന്ന ഒരു സിംഹത്തെ തൊടുന്നതും വീഡിയോയിൽ കാണാം. ഇതിന് പിന്നാലെയാണ് ദാരുണമായ സംഭവം നടന്നത്. സിംഹങ്ങൾ ഇയാൾക്ക് നേരെ പാഞ്ഞടുക്കുകയും, അക്രമിക്കുകയുമായിരുന്നു. ഇതോടെ ഇയാളുടെ കൈയിൽ ഉണ്ടായിരുന്ന ക്യാമറ നിലത്തുവീണു. പിന്നീട്, ദൃശ്യങ്ങൾ ലഭ്യമായില്ലെങ്കിലും ഇയാളുടെ കരച്ചിലും, സിംഹങ്ങളുടെ മുരൾച്ചയുമെല്ലാം വീഡിയോയിൽ കേൾക്കാം.
സംഭവവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ഒരു സിംഹത്തെ വെടിവെച്ചു കൊല്ലുകയും, മറ്റ് രണ്ടു സിംഹങ്ങളെ മയക്കുവെടി വെക്കുകയും ചെയ്തുവെന്ന് മൃഗശാല അധികൃതർ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ മറ്റാർക്കും പരിക്കില്ലെന്നും, ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി.