Guinness World Record: ഗിന്നസ് റെക്കോർഡ് എന്തിനെല്ലാം ലഭിക്കും? ആർക്കും നേടാമോ? പിന്നിലെ ചരിത്രം എന്ത്? അറിയാം വിശദമായി
What is Guinness World Records: ഈയൊരു സാഹചര്യത്തിൽ പലരിലും ഉയർന്ന സംശയമാണ് ആർക്കെല്ലാം ഗിന്നസ് റെക്കോർഡ് ലഭിക്കും, ഇതിനായി എന്തെല്ലാം പ്രക്രിയകൾ പൂർത്തിയാക്കണം എന്നതെല്ലാം. ഗിന്നസ് റെക്കോർഡ് എന്താണെന്നും, ഇതിന് പിന്നിലെ ചരിത്രമെന്താണെന്നും വിശദമായി നോക്കാം.
നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയും 12000 പേരും ചേര്‍ന്ന് ഗിന്നസ് റെക്കോർഡിന് വേണ്ടി നടത്തിയ ഭരതനാട്യ പരിപാടിയെ കുറിച്ചുള്ള വിവാദമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ പരിപാടിക്കായി ഒരുക്കിയ സ്റ്റേജിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റതാണ് ആദ്യം വിവാദങ്ങൾക്ക് വഴിവെച്ചത്. പിന്നീട് ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചതിനെ പറ്റിയും, സംഘാടന വീഴ്ചയെക്കുറിച്ചും, കുട്ടികളില്‍ നിന്ന് അമിതമായി പണം വാങ്ങിയതിനെക്കുറിച്ചും അടക്കം പരിപാടി നടത്തുന്നതിൽ ഉണ്ടായ പല വീഴ്ചകളും പുറത്ത് വരുന്നത്.
വിഷയം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ ഈ ഒരു സമയത്ത് ഗിന്നസ് റെക്കോർഡ് ലഭിക്കേണ്ട പെർഫോമൻസ് ആയിരുന്നില്ല ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കൂടാതെ, ആർക്കും ലഭിക്കും എന്ന തരത്തിലേക്ക് ഗിന്നസ് റെക്കോർഡ് അധഃപതിച്ചോ എന്ന രീതിയിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ പലരിലും ഉയർന്ന സംശയമാണ് ആർക്കെല്ലാം ഗിന്നസ് റെക്കോർഡ് ലഭിക്കും, ഇതിനായി എന്തെല്ലാം പ്രക്രിയകൾ പൂർത്തിയാക്കണം എന്നതെല്ലാം. അതിനാൽ, ഗിന്നസ് റെക്കോർഡ് എന്താണെന്നും, ഇതിന് പിന്നിലെ ചരിത്രമെന്താണെന്നും വിശദമായി നോക്കാം.
എന്താണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്?
മനുഷ്യ നേട്ടങ്ങളുടെയും പ്രകൃതിയിലെ മറ്റ് പ്രത്യേക സംഭവങ്ങളെയും സംബന്ധിച്ചുള്ള ലോക റെക്കോര്‍ഡുകള്‍ രേഖപ്പെടുത്തുന്നതിന് വേണ്ടിയുള്ള റഫറന്‍സ് പുസ്തകമാണ് ഗിന്നസ് റെക്കോര്‍ഡ്. അസാധ്യവും അപൂര്‍വവും അതുല്യമായ കാര്യങ്ങള്‍ക്കാണ് ഗിന്നസ് റെക്കോർഡ് ലഭിക്കുക. യുകെയിലാണ് ഇത് പബ്ലിഷ് ചെയ്യുന്നത്. ഓരോ വർഷവും ശരാശരി 3.5 ദശലക്ഷം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് കോപ്പികളാണ് വിറ്റുപോകുന്നത്. ഇംഗ്ലീഷ്, അറബിക്, പോർച്ചുഗീസ്, ചൈനീസ്, ഡച്ച്, ഫിന്നിഷ്, ഫ്രഞ്ച്, ജർമൻ, ഉൾപ്പടെ 40-ലധികം ഭാഷകളിൽ ഗിന്നസ് ബുക്ക് ലഭ്യമാണ്. ഇതുവരെ ഏകദേശം 60,000-ലധികം റെക്കോർഡുകൾ ഗിനസ് ബുക്ക് ഡാറ്റാബേസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2024-ൽ മാത്രം 2,638 റെക്കോർഡുകളാണ് ബുക്കിൽ ഉൾപ്പെടുത്തിയത്.
ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോർഡിന്റെ ചരിത്രം
1954ലാണ് ഗിന്നസ് ബുക്ക് എന്നൊരു ആശയം ആദ്യമായി ഉടലെടുക്കുന്നത്. ഗിന്നസ് ബ്രീവെറിയുടെ മാനേജിങ് ഡയറക്ടറായ സര്‍ ഹൂഗ് ബീവറാണ്
ഇത്തരം ഒരു ആശയം മുന്നോട്ട് കൊണ്ട് വരുന്നത്. യൂറോപ്പിലെ ഏറ്റവും വേഗമേറിയ ഗെയിം പക്ഷിയേതാണ് എന്ന് ഹൂഗ് ബീവറിന് ഉണ്ടായ സംശയമാണ് ഈയൊരു ആശയത്തിലേക്ക് നയിച്ചത്. ഈ സംശയത്തെ തുടർന്ന് അദ്ദേഹം വസ്തുതാന്വേഷണ ഗവേഷകരായ നോറ്‌റിസ്, റോസ്സ് മക്‌വിര്‍ട്ടർ എന്നീ ഇരട്ട സഹോദരങ്ങളെ സമീപിച്ചു. വിഷയത്തിൽ വസ്തുതകളെയും കണക്കുകളെയും സൂചിപ്പിക്കുന്ന ഒരു പുസ്തകം അവതരിപ്പിക്കാനായിരുന്നു ഇവരോട് അദ്ദേഹം ആവശ്യപ്പെട്ടത്. അങ്ങനെ, അവർ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളും വസ്തുതകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആദ്യത്തെ റഫറന്‍സ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഗിന്നസ് സൂപ്പര്‍ലാറ്റീവ്‌സ് രൂപീകരിച്ചു.
1955 ജൂൺ 30-നാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ആദ്യ പകർപ്പ് പൂർത്തിയായത്. തുടർന്ന് 1955 ഒക്ടോബർ 3-ന് ആദ്യ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സ് പ്രസിദ്ധീകരിച്ചു. പിന്നാലെ 1974-ൽ ലോക ചരിത്രത്തിൽ തന്നെ ആദ്യമായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോപ്പിറൈറ്റ് പുസ്തകമെന്ന റെക്കോര്‍ഡ് ഗിന്നസ് ബുക്ക് തന്നെ സ്വന്തമാക്കി. 2.35 കോടി ഗിന്നസ് ബുക്കുകളാണ് അതുവരെ വിറ്റു പോയത്. തുടർന്ന് രണ്ടു വർഷങ്ങൾക്ക് ശേഷം ന്യൂയോർക്ക് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന എമ്പയര്‍ സ്റ്റേറ്റ് ബിൽഡിങ്ങിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് മ്യൂസിയവും ആരംഭിച്ചു. അതുവരെ ഗിന്നസ് പബ്ലിഷിങ് ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പുസ്തകം 1999ല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. പുസ്തകം പബ്ലിഷ് ചെയ്യുക എന്നതിന് പുറമെ ഇപ്പോൾ ഗിന്നസ് റെക്കോര്‍ഡ് ഒരു മള്‍ട്ടി മീഡിയ ബ്രാന്‍ഡ് ഏജന്‍സി കൂടിയായി മാറിയിരിക്കുകയാണ്.
198 പേജുകളോടെയാണ് ആദ്യ പുസ്തകം ഇറങ്ങിയത്. അതായത് ഇപ്പോൾ പുറത്തിറങ്ങുന്ന ഗിന്നസ് ബുക്കുമായി താരതമ്യം ചെയുമ്പോൾ വളരെ ചെറുതായിരുന്നു അന്ന് പബ്ലിഷ് ചെയ്തിരുന്ന പുസ്തകം. 40,000ത്തിലധികം കാറ്റഗറികളുടെ റെക്കോര്‍ഡ് ഗിന്നസ് വേള്‍ഡ് റെക്കോർഡിൽ ഉണ്ടെങ്കിലും, 3000ത്തോളം റെക്കോര്‍ഡുകള്‍ മാത്രമാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാ വർഷവും പുറത്തിറക്കുന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ അതാത് വർഷത്തെ 4000 ലോക റെക്കോര്‍ഡുകളാണ് ഉൾപ്പെടുത്തുക.
ഗിന്നസ് റെക്കോർഡിൽ ഉൾപ്പെടുത്താതെ വിഭാഗങ്ങൾ
സൗന്ദര്യം പോലുള്ള വിഷയങ്ങള്‍ ഗിന്നസ് റെക്കോർഡിനായി പരിഗണിക്കില്ല. മൃഗങ്ങള്‍ക്കോ കാണികള്‍ക്കോ ഉപദ്രവമായി മാറുന്ന പ്രകടനങ്ങള്‍, ക്രൂരകൃത്യങ്ങള്‍, മദ്യം, ടുബാക്കോ, അമിത ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഗിന്നസിനായി പരിഗണിക്കില്ല. കൂടാതെ, പരിസ്ഥിതിയിൽ ദോഷം വരുത്തുന്ന കാര്യങ്ങൾ, രാജ്യങ്ങളുടെ വ്യക്തിഗത നേട്ടങ്ങൾ തുടങ്ങിയവയും പരിഗണിക്കില്ല.