പാര്‍ട്ടിക്കാരേക്കാള്‍ ആവേശം; ട്രംപ് ജയിക്കണമെന്ന് മസ്‌ക്കിനെന്തിന് ഇത്ര വാശി | US Presidential Election 2024, why Elon Musk is supporting Donald Trump Malayalam news - Malayalam Tv9

US Presidential Election 2024: പാര്‍ട്ടിക്കാരേക്കാള്‍ ആവേശം; ട്രംപ് ജയിക്കണമെന്ന് മസ്‌ക്കിനെന്തിന് ഇത്ര വാശി

Elon Musk's Interest in Donald Trumps' Victory in US Election: അമേരിക്കയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കുകയാണെങ്കില്‍ മസ്‌ക്കിന്റെ പങ്ക് വലുതാണ്. ട്രംപ് അധികാരത്തിലെത്തിയാലും ഇല്ലെങ്കില്‍ മസ്‌ക് എക്കാലത്തും അമേരിക്കയില്‍ ഒരു ചര്‍ച്ചാ വിഷയമാകും. വിമര്‍ശനങ്ങളെയും വരവേല്‍പ്പുകളെയും നേരിടാന്‍ മസ്‌ക്കിന്റെ കയ്യില്‍ സമ്പത്തുണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.

US Presidential Election 2024: പാര്‍ട്ടിക്കാരേക്കാള്‍ ആവേശം; ട്രംപ് ജയിക്കണമെന്ന് മസ്‌ക്കിനെന്തിന് ഇത്ര വാശി
Updated On: 

05 Nov 2024 11:42 AM

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിക്കണമെന്ന് മറ്റാരേക്കാളും ആഗ്രഹിക്കുന്നത് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് തന്നെയാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച നാള്‍ മുതല്‍ മസ്‌ക് ട്രംപിനായി കരുക്കള്‍ നീക്കി തുടങ്ങിയിരുന്നു. സമൂഹ മാധ്യമമായ എക്‌സ് മസ്‌ക് സ്വന്തമാക്കിയതിന് പിന്നാലെ വന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. അതുകൊണ്ട് തന്നെ ഇടതടവില്ലാതെ എക്‌സ് വഴി മസ്‌ക് ട്രംപിനായി പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. തന്റെ 202 മില്യണ്‍ ഫോളോവേഴ്‌സിലേക്കായാണ് മസ്‌ക് പോസ്റ്റിന്റെ രൂപത്തിന്റെ വോട്ടഭ്യര്‍ത്ഥന നടത്തിയിരുന്നത്. ഇരുവരുടെയും ബിസിനസ് തന്ത്രങ്ങളും നന്നായി ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നുണ്ട്.

എക്‌സിലൂടെ മാത്രമായിരുന്നില്ല മസ്‌കിന്റെ വോട്ടുപിടുത്തം, ട്രംപിന്റെ പ്രചാരണ റാലികളില്‍ മസ്‌ക് പ്രത്യക്ഷപ്പെടുന്നതും വോട്ട് ചോദിക്കുന്നതും പതിവായിരുന്നു. ഇതെല്ലാം വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചു. സാന്നിധ്യം കൊണ്ടും വാക്കുകള്‍ കൊണ്ടും മാത്രമല്ല മസ്‌ക് ട്രംപിനെ സഹായിച്ചത് ഏകദേശം 75 മില്യണ്‍ ഡോളറാണ് മസ്‌ക് ട്രംപിനായി ചെലവഴിച്ചത്. സെപ്റ്റംബര്‍ മാസം വരെയുള്ള കണക്കാണിത്.

യുഎസിലെ അംഗീകൃത വോട്ടര്‍മാര്‍ക്ക് മസ്‌ക് 1 മില്യണ്‍ ഡോളര്‍ വെച്ച് നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ട്രംപ് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ടെസ്ല, സ്‌പേസ് എക്‌സ് എന്നിവയുടെ അധിപനായ മസ്‌ക്കിന് പല കാര്യങ്ങളിലും ട്രംപിനോട് യോജിപ്പുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയം. കുടിയേറ്റം നിരോധിക്കല്‍ അവയില്‍ ഒന്നാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മസ്‌ക്കിന്റെ പല കമ്പനികളും നിലവില്‍ യുഎസ് സര്‍ക്കാരുമായും ഫെഡറല്‍ ഏജന്‍സികളുമായും തര്‍ക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ മസ്‌ക് വെറുതെ ഒരു സഹായമല്ല ട്രംപിന് വാഗ്ദാനം ചെയ്തിരിക്കുന്നത്, അതിന് പിന്നില്‍ ഒട്ടനവധി ആവശ്യങ്ങളുണ്ട്.

Also Read: US Presidential Election 2024: അമേരിക്കന്‍ തെരഞ്ഞെടുപ്പ്; ഇന്ത്യന്‍ ഓഹരി വിപണി മാറുമോ? മറിയുമോ?

അമേരിക്കയില്‍ വേരൂന്നിയ മസ്‌ക്

അമേരിക്കയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കുകയാണെങ്കില്‍ മസ്‌ക്കിന്റെ പങ്ക് വലുതാണ്. ട്രംപ് അധികാരത്തിലെത്തിയാലും ഇല്ലെങ്കില്‍ മസ്‌ക് എക്കാലത്തും അമേരിക്കയില്‍ ഒരു ചര്‍ച്ചാ വിഷയമാകും. വിമര്‍ശനങ്ങളെയും വരവേല്‍പ്പുകളെയും നേരിടാന്‍ മസ്‌ക്കിന്റെ കയ്യില്‍ സമ്പത്തുണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.

മസ്‌ക് നടത്തുന്ന പല അഭിപ്രായ പ്രകടനങ്ങളോടും ഡെമോക്രാറ്റിക് പാര്‍ട്ടി പോലും ശക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. കുടിയേറ്റത്തെ കുറിച്ച് ഉള്‍പ്പെടെയുള്ള മസ്‌ക്കിന്റെ നിലപാടുകള്‍ കാപട്യം നിറഞ്ഞതാണെന്ന് മാത്രമാണ് ഡെമോക്രാറ്റുകള്‍ പറഞ്ഞത്. മസ്‌ക് നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ ജോ ബൈഡനില്‍ കരുതലുണ്ടായിരുന്നു.

മസ്‌ക് അത്രമേല്‍ അമേരിക്കയില്‍ വേരുറപ്പിച്ചു. മസ്‌ക്കിനോടുള്ള ഈ മൃദു സമീപനം സര്‍ക്കാരിന്റെ വലിയ പിഴവാണെന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോഴും ബൈഡന്‍ മൗനം തുടര്‍ന്നു. ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ മസ്‌ക്കിന്റെ മറ്റൊരു വേഷമാകും ജനങ്ങള്‍ കാണുന്നത്. വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ മസ്‌കിനെ തീര്‍ച്ചയായും കാബിനറ്റ് അല്ലെങ്കില്‍ ഉപദേശക റോളിലേക്ക് ഉയര്‍ത്തുമെന്ന് ട്രംപ് തന്നെ വ്യക്തമാക്കിയതാണ്.

എന്നാല്‍ മസ്‌ക് അമേരിക്കക്കാര്‍ക്ക് അത്ര സ്വീകാര്യനല്ല, അതിന് കാരണം അമേരിക്കന്‍ ജീവിതശൈലിയോടുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളും ജീവിതരീതിയും, അതിലുപരി ദക്ഷിണാഫ്രിക്കയിലെ വേരുകളുമാണ്. ദക്ഷിണാഫ്രിക്കയില്‍ വേരുള്ള മസ്‌ക് അമേരിക്കന്‍ സംസ്‌കാരത്തെ വിമര്‍ശിക്കുന്നത് ആ ജനതയെ അസ്വസ്ഥപ്പെടുത്തുന്നു. പുരോഗമന ആശയങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു ലിബറല്‍ കുടിയേറ്റക്കാരനായിരുന്നു മസ്‌ക് എങ്കില്‍ അമേരിക്കന്‍ ജനതയുടെ കാഴ്ചപ്പാടുകളെല്ലാം വ്യത്യസ്തമായേനെ.

മസ്‌ക്കിന് എന്താണിത്ര താത്പര്യം

മസ്‌കിനെ സംബന്ധിച്ച് അയാളുടെ താത്പര്യങ്ങള്‍ക്ക് കുടപിടിക്കുന്ന ഒരു നേതാവ് ഉണ്ടാകുന്നത് വളരെ അനിവാര്യമായ കാര്യമാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ ട്രംപിന്റെ വിജയം, സ്‌പേസ് എക്‌സിന് കൂടുതല്‍ കരാറുകള്‍, സ്റ്റാര്‍ലിങ്കിന് കൂടുതല്‍ ഫെഡറല്‍ കരാറുകള്‍, ടെസ്ലയ്ക്ക് അവസരം, എക്‌സ് പ്ലാറ്റ്‌ഫോമിന് സെക്ഷന്‍ 230ന്റെ സംരക്ഷണം എന്നിവ ലഭിക്കാന്‍ സാധ്യതയുണ്ട്.

എയറോ സ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സ് യുഎസിനെ അവരുടെ ഒരു മുഖ്യ ഉപഭോക്താവായാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തെടുക്കാന്‍ സഹായിക്കുന്ന വാഹനം നിര്‍മിച്ചതിന് കഴിഞ്ഞ ജൂണിലാണ് നാസ സ്‌പേസ് എക്‌സിന് 843 മില്യണ്‍ ഡോളര്‍ നല്‍കിയത്. കൂടാതെ, യുഎസ് പ്രതിരോധ വകുപ്പില്‍ നിന്നും ഗതാഗത വകുപ്പില്‍ നിന്നും ടെസ്ലയ്ക്ക് കൂടുതല്‍ കരാറുകളും ലഭിച്ചിട്ടുണ്ട്. സ്‌പേസ് എക്‌സിനും ടെസ്ലലയ്ക്കും കുറഞ്ഞത് 15.4 ബില്യണ്‍ ഡോളറിന്റെ സര്‍ക്കാര്‍ കരാറുകളാണ് കഴിഞ്ഞ ദശകത്തില്‍ ലഭിച്ചത്.

എന്നാല്‍ മസ്‌ക്കിന്റെ കമ്പനികള്‍ക്കെതിരെ ഫെഡറല്‍ ഏജന്‍സികളും റെഗുലേറ്റര്‍മാരും രംഗത്തെത്തിയത് വലിയ വെല്ലുവിളി സൃഷ്ടിച്ചു. നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ ടെസ്ലയുടെ സ്വയം ഡ്രൈവിങ് സംവിധാനവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ, മസ്‌ക്കിനെ വിമര്‍ശിച്ച് കത്തെഴുതിയ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. സ്‌പേസ് എക്‌സ് യുഎസ് ഭരണഘടന ലംഘിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. പ്രതിഷേധ ജീവനക്കാരെ പിരിച്ചുവിട്ട സാഹചര്യത്തിലായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്.

Also Read: US Election Process: കൂടുതൽ വോട്ടു കിട്ടിയാലും ജയിക്കുമെന്ന് ഉറപ്പില്ല; അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇങ്ങനെ

എന്നാല്‍, പണിമുടക്കുന്ന തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനം കൈക്കൊള്ളുമെന്ന് ട്രംപ് മസ്‌ക്കിനെ അറിയിച്ചിട്ടുണ്ട്. ഫെഡറല്‍ സംവിധാനങ്ങള്‍ കാര്യമായ തീരുമാനങ്ങള്‍ എടുക്കുന്നത് പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരം ആയതിനാല്‍ തന്നെ ട്രംപ് അധികാരത്തിലേക്ക് എത്തുന്നത് മസ്‌ക്കിന് ഗുണം ചെയ്യും.

എടുത്തുപറയേണ്ട മറ്റൊരു കാര്യം മസ്‌ക്കിന് ലഭിക്കാന്‍ പോകുന്ന നികുതി ഇളവുകളാണ്. ട്രംപിന്റെ സര്‍ക്കാരില്‍ മസ്‌ക്കിന് കൃത്യമായ പ്രാധാന്യമുണ്ടായാല്‍ നികുതി ലാഭിക്കാനാകും. മസ്‌ക്കിന്റെ വിവിധ കമ്പനികള്‍ ഫെഡറല്‍ ഗവണ്‍മെന്റുമായി ബിസിനസിലേര്‍പ്പെട്ടിരിക്കുന്നതിനാല്‍ മസ്‌ക്കിന് ഓഹരികള്‍ വില്‍ക്കേണ്ടതായി വരും. ഈ സാഹചര്യങ്ങളില്‍ ഫെഡറല്‍ ടാക്‌സ് കോഡിന്റെ സെക്ഷന്‍ 1043 മസ്‌ക് സ്വയം പ്രയോജനപ്പെടുത്താനിടയുണ്ട്. ഇങ്ങനെ ചെയ്യുന്നത് മസ്‌ക്കിന് നികുതി ലാഭിക്കുന്നതിനും മൂലധന നേട്ടത്തിനും സഹായിക്കും.

1992ല്‍ പ്രാബല്യത്തില്‍ വന്ന നികുതി നിയമം ഫെഡറല്‍ ഗവണ്‍മെന്റില്‍ ചേരാനാഗ്രഹിക്കുന്ന സമ്പന്നരെ ലക്ഷ്യമിട്ടുള്ളതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മസ്‌ക് ട്രംപ് സര്‍ക്കാരിന്റെ ഭാഗമാവുകയാണെങ്കില്‍ അദ്ദേഹത്തിന് ഈ നിയമം ഉപയോഗിക്കാവുന്നതാണ്. ഈ നിയമം ഉപയോഗിക്കുന്ന ലോകത്തെ ആദ്യത്തെ സമ്പന്നനും മസ്‌ക് ആകും. നികുതി ഇനത്തില്‍ മാത്രം ഏകേദശം പത്ത് ബില്യണ്‍ ഡോളറോളം മസ്‌ക്കിന് ലാഭിക്കാന്‍ സാധിക്കും.

ഒരുപക്ഷം ടാക്‌സ് ലാഭിക്കുന്നതിന് അവസരമുണ്ടെങ്കിലും മസ്‌ക് സര്‍ക്കാരിന്റെ ഭാഗമാകാന്‍ വിസമ്മതിച്ചേക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. തന്റെ കമ്പനികളുടെ ഹോള്‍ഡിങ്‌സുകള്‍ വില്‍ക്കാന്‍ മസ്‌ക് താത്പര്യപ്പെടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ദിവസവും വാള്‍നട്ട് കുതിര്‍ത്ത് കഴിക്കാം; ഗുണങ്ങളേറേ
മാളവികയ്ക്കും തേജസിനും കുഞ്ഞ് പിറന്നു
ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണം; സാമന്ത
കടുകിന്റെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?