US Presidential Election 2024: കണ്ണുംനട്ട് ലോകം; കമല ഹാരിസ്-ഡൊണാള്‍ഡ് ട്രംപ് വിധിയെഴുത്ത് ഇന്ന്
Kamala Harris VS Donald Trump: ഫലങ്ങളില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാവുന്ന ഏഴ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ട്രംപും കമലയും അവസാന ഘട്ട പ്രചാരണം നടത്തിയത്. പെന്‍സില്‍വാനിയയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു അവസാന ഘട്ടത്തില്‍ ഇരുവരും. പെന്‍സില്‍വാനിയയില്‍ അഞ്ചോളം പൊതുയോഗങ്ങളിലാണ് ഇരു സ്ഥാനാര്‍ഥികളും പങ്കെടുത്തത്.
ന്യൂയോര്‍ക്ക്: തങ്ങളുടെ 47ാം പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനായി അമേരിക്കന്‍ ജനത ഇന്ന് പോളിങ് ബൂത്തുകളിലേക്ക് എത്തുകയാണ്. ഇന്ത്യന്‍ സമയം വൈകീട്ട് നാല് മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. ആരായിരിക്കും അമേരിക്കയുടെ അടുത്ത പ്രസിഡന്റ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും വാശിയേറിയ പോരാട്ടം തന്നെയാണ് കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും കാഴ്ചവെച്ചത്.
ഫലങ്ങളില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാവുന്ന ഏഴ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ട്രംപും കമലയും അവസാന ഘട്ട പ്രചാരണം നടത്തിയത്. പെന്‍സില്‍വാനിയയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു അവസാന ഘട്ടത്തില്‍ ഇരുവരും. പെന്‍സില്‍വാനിയയില്‍ അഞ്ചോളം പൊതുയോഗങ്ങളിലാണ് ഇരു സ്ഥാനാര്‍ഥികളും പങ്കെടുത്തത്. നിര്‍ണായക സംസ്ഥാനങ്ങളിലെല്ലാം കമല ഹാരിസിന് നേരിയ ലീഡ് മാത്രമാണെന്നാണ് പല അഭിപ്രായ സര്‍വ്വേകളും വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയിലാണ് ട്രംപ് ക്യാമ്പ്.
പരസ്പരം വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നടത്തിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണം കമലയും ട്രംപും ചൂടുപിടിപ്പിച്ചത്. ഏഴ് നിര്‍ണായക സംസ്ഥാനങ്ങളില്‍ നാലിടത്ത് മാത്രമാണ് കമല ഹാരിസിന് സ്വാധീനമുള്ളത്. നെവാഡ, നോര്‍ത്ത് കാരലൈന, വിസ്‌കോണ്‍സിന്‍, ജോര്‍ജി എന്നീ സംസ്ഥാനങ്ങളിലാണ് കമലയ്ക്ക് സാധ്യതയുള്ളത്. എന്നാല്‍ മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളില്‍ ട്രംപിനും കമലയ്ക്കും തുല്യ ലീഡാണ് പ്രവചനങ്ങള്‍ വ്യക്തമാക്കുന്നത്. അരിസോണയുടെ കാര്യം പരിശോധിക്കുമ്പോള്‍ അവിടെ ട്രംപ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.
പല സര്‍വ്വേകളിലും കമലയ്ക്ക് ജയ സാധ്യത പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് അവസാന ദിനങ്ങളില്‍ ഇതെല്ലാം മാറി മറിയുകയായിരുന്നു. ആകെ 16 കോടിയിലേറെ വോട്ടര്‍മാരാണ് അമേരിക്കയിലുള്ളത്. ഇതില്‍ പകുതിയോളം ആളുകളും നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ഒക്ടോബര്‍ 6 ബുധനാഴ്ച രാവിലെ മുതല്‍ തന്നെ ഫലം അറിഞ്ഞുതുടങ്ങും.
അതേസമയം, ട്രംപിന് മുന്‍തൂക്കമുണ്ടെന്ന് ഫല സര്‍വ്വേകളും സൂചിപ്പിക്കുന്നുണ്ടെങ്കിലും നിര്‍ണായകമായ മറ്റൊരു സര്‍വ്വേഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുഎസിലെ പ്രശസ്തമായ വാച്ച് വാറ്റ് ഹാപ്പന്‍സ് ലൈവ് ഷോയ്ക്കിടെയാണ് പ്രവചനം ഉണ്ടായത്. 2016ല്‍ ഹിലരി ക്ലിന്റണ്‍ തോല്‍ക്കുമെന്നും ട്രംപ് അധികാരത്തിലേക്ക് എത്തുമെന്നും ഹാപ്പന്‍സ് പ്രവചിച്ചത് വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ വാച്ച് വാറ്റ് ഹാപ്പന്‍സ് ലൈവ് ഷോയുടെ പ്രവചനത്തെ വലിയ പ്രതീക്ഷയോടെയാണ് ആളുകള്‍ നോക്കി കാണുന്നത്.
കമല ഹാരിസിന് വലിയ വിജയമുണ്ടാകുമെന്നാണ് ഷോയ്ക്കിടെയുണ്ടായ പ്രവചനം. വാച്ച് വാറ്റ് ഹാപ്പന്‍സ് ലൈവ് ഷോയുടെ അവതാരകനായ ആന്റി കോഹനമാണ് കമലയുടെ വിജയം പ്രവചിച്ചത്. ഷോയ്ക്കിടെ ആദ്യം കോഹന്‍ കാണികളോട് ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് ചോദിച്ചു. അവരില്‍ ഭൂരിഭാഗം ആളുകളും പിന്തുണയറിയിച്ചത് കമല ഹാരിസിനാണ്. 73 ശതമാനം ആളുകള്‍ കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ 27 ശതമാനം ആളുകള്‍ മാത്രമാണ് ട്രംപ് അധികാരത്തിലെത്തുമെന്ന് പറഞ്ഞത്. ഇതിന് പിന്നാലെ കമലയ്ക്ക് വലിയ വിജയമുണ്ടാകുമെന്ന് കോഹനും പ്രവചിക്കുകയായിരുന്നു.