US Election 2024: ‘പിന്തുണച്ചതിനും വിശ്വാസമര്‍പ്പിച്ചതിനും നന്ദി’; എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാകൂ, പരാജയം സമ്മതിച്ച് കമല
Kamala Harris Congratulates Donald Trump: ആകെയുള്ള 580 ഇലക്ടറല്‍ വോട്ടുകളില്‍ 280 എണ്ണം സ്വന്തമാക്കിയാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മുപ്പത് ശതമാനം കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ട്രംപിന്റെ വിജയം. കമല ഹാരിസിന് വിജയ സാധ്യത പ്രവചിക്കപ്പെട്ടിരുന്ന പല സ്വങ് സംസ്ഥാനങ്ങളിലും ട്രംപിന് അനായാസമായ വിജയമാണ് ഉണ്ടായത്.
വാഷിങ്ടണ്‍: തന്നെ പിന്തുണച്ചതിനും തന്നില്‍ വിശ്വാസമര്‍പ്പിച്ചതിനും നന്ദിയെന്ന് അമേരിക്കന്‍ ജനതയോടായി വൈസ് പ്രസിഡന്റും ഡൊമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായിരുന്ന കമല ഹാരിസ്. പരാജയത്തില്‍ വിഷമിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരുന്നതിനായി കമല അണികളോട് ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ക്കായുള്ള പോരാട്ടം താന്‍ തുടരുമെന്നും ട്രംപിന്റെ വിജയം അംഗീകരിച്ചുകൊണ്ട് വാഷിങ്ടണില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ കമല പറഞ്ഞു.
ഇന്നെന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. നിങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി. ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് ഫലം ഒരിക്കലും നമ്മള്‍ ആഗ്രഹിച്ചതല്ല. നമ്മള്‍ നടത്തിയ പോരാട്ടങ്ങളും നമ്മള്‍ ചെയ്ത വോട്ടും ഇതിനായിരുന്നില്ല. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും ഫലം അംഗീകരിക്കുകയെന്നതാണ് അമേരിക്കന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്ന് എന്ന് കമല ജനങ്ങളോടായി പറഞ്ഞു.
നിങ്ങള്‍ ഓരോരുത്തരും പല വികാരങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകായണെന്നും തനിക്കറിയാം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും പോരാട്ടം അവസാനിപ്പിക്കില്ല. അമേരിക്കക്കാരുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും കൈവരിക്കാനുള്ള ഭാവിയ്ക്കായുള്ള പോരാട്ടം ഒരിക്കലും ഉപേക്ഷിക്കില്ലെന്നും കമല കൂട്ടിച്ചേര്‍ത്തു.
‘വ്യത്യസ്തമായ ജനവിഭാഗങ്ങളെയും കൂട്ടുക്കെട്ടുകളെയും ഒന്നിപ്പിക്കുന്നതായിരുന്നു എന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. അതില്‍ ഞാനും എന്റെ പാര്‍ട്ടി അണികളും അഭിമാനിക്കുന്നു. അമേരിക്കയുടെ ശോഭനമായ ഭാവിയും രാജ്യത്തോടുള്ള സ്‌നേഹവുമാണ് ഞങ്ങളെ ചേര്‍ത്ത് നിര്‍ത്തിയതും മുന്നോട്ട് നയിച്ചതും. ഈ നിമിഷം നിങ്ങളുടെ മനസിലൂടെ കടന്നുപോകുന്നത് എന്താണെന്ന് എനിക്കറിയാം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം നാം അംഗീകരിച്ചേ മതിയാകൂ.
ഞാന്‍ ട്രംപിനെ വിളിച്ചു, അദ്ദേഹത്തിന് വിജയാശംസകള്‍ നേര്‍ന്നു. തെരഞ്ഞെടുപ്പ് ഫലം എന്ത് തന്നെ ആയാലും അത് അംഗീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. അതാണ് സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തെ വേര്‍തിരിക്കുന്നതും,’ അണികളോടായി കമല പറഞ്ഞു.
Also Read: US Election 2024 : അമേരിക്കൻ വൈസ് പ്രസിഡൻ്റിനുമുണ്ടൊരു ഇന്ത്യൻ ബന്ധം; ഉഷ വാൻസിനെപ്പറ്റി അറിയാം
അതേസമയം, അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ കമല ഹാരിസ് നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. ട്രംപിനെ നേരിട്ട് വിളിച്ചുകൊണ്ടാണ് കമല തന്റെ തെരഞ്ഞെടുപ്പ് പരാജയം സമ്മതിച്ചത്. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കൂവെന്ന് കമല ട്രംപിനോട് പറഞ്ഞു.
അതേസമയം, ആകെയുള്ള 580 ഇലക്ടറല്‍ വോട്ടുകളില്‍ 280 എണ്ണം സ്വന്തമാക്കിയാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മുപ്പത് ശതമാനം കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ട്രംപിന്റെ വിജയം. കമല ഹാരിസിന് വിജയ സാധ്യത പ്രവചിക്കപ്പെട്ടിരുന്ന പല സ്വങ് സംസ്ഥാനങ്ങളിലും ട്രംപിന് അനായാസമായ വിജയമാണ് ഉണ്ടായത്.