US Presidential Election 2024: ഡൊണാൾഡ് ട്രംപോ കമലാ ഹാരിസോ? തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം; അറിയേണ്ടതെല്ലാം
US Presidential Election 2024 Key Features: അവസാന ഘട്ട സർവേയിലും മുൻതൂക്കം ഡെമോക്രാറ്റിക് പാർട്ടി നേതാവും വൈസ് പ്രസിഡൻ്റുമായ കമലാ ഹാരിസിന് തന്നെയാണെന്നാണ് റിപ്പോർട്ട്. നിലവിലെ സർവേകളിൽ കമല ഹാരിസിൻ്റെ ഭൂരിപക്ഷം 48.5 ശതമാനമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യുഎസ് തിരഞ്ഞെടുപ്പിൽ ജനകീയവോട്ടിനെക്കാൾ ഇലക്ടറൽ കോളജ് വോട്ടാണ് നിർണായകം.
യുഎസ് തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് ഇനി മണിക്കൂറുകൾമാത്രം. നവംബർ അഞ്ചിന് (നാളെ) നടക്കുന്ന യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ഏകദേശം 24.4 കോടി ആളുകൾക്ക് ആണ് വോട്ടുചെയ്യാൻ സാധിക്കുക. പ്രാദേശിക സമയം രാവിലെ ഏഴു മണിക്ക് ആരംഭിച്ച് രാത്രി എട്ടു മണിക്കാണ് വോട്ടെടുപ്പ് അവസാനിക്കുന്നത്. യുഎസിൻ്റെ അടുത്ത പ്രസിഡൻ്റ് ആരായിരിക്കും എന്നതാണ് ലോകം മുഴുവനും ഉറ്റുനോക്കുന്നത്.
അവസാന ഘട്ട സർവേയിലും മുൻതൂക്കം ഡെമോക്രാറ്റിക് പാർട്ടി നേതാവും വൈസ് പ്രസിഡൻ്റുമായ കമലാ ഹാരിസിന് തന്നെയാണെന്നാണ് റിപ്പോർട്ട്. നിലവിലെ സർവേകളിൽ കമല ഹാരിസിൻ്റെ ഭൂരിപക്ഷം 48.5 ശതമാനമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യുഎസ് തിരഞ്ഞെടുപ്പിൽ ജനകീയവോട്ടിനെക്കാൾ ഇലക്ടറൽ കോളജ് വോട്ടാണ് നിർണായകം. 538 അംഗ ഇലക്ടറൽ കോളജിൽ 270 ആണ് കേവലഭൂരിപക്ഷം.
47ാംമത്തെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ്ങിലാണ് അമേരിക്ക ഇപ്പോൾ. 175 വർഷമായി ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 1845 ൽ ചൊവ്വാഴ്ച ദിവസം തിരഞ്ഞെടുപ്പ് എന്നത് നിയമമായി. അതായത് നവംബറിലെ ആദ്യ തിങ്കളാഴ്ചയ്ക്ക് ശേഷം വരുന്ന ചൊവ്വാഴ്ചയായി നിശ്ചയിച്ച രീതിയാണ് ഇന്നും തുടരുന്നത്.
പതിവുപോലെ ഇത്തവണയും ഡൊണൾഡ് ട്രംപിന്റെയും കമല ഹാരിസിന്റെയും വിധി നിർണയിക്കുക യുഎസിലെ സ്വിങ് സ്റ്റേറ്റുകൾ തന്നെയാകും. സ്വിങ് സ്റ്റേറ്റുകളായി അറിയപ്പെടുന്നത് പെൻസിൽവാനിയ(19), വിസ്‌കോൺസിൻ(10), നോർത്ത് കരോലിന(16), ജോർജിയ(16), മിഷിഗൺ(15), അരിസോണ(11), നേവഡ(6) എന്നീ യുഎസ് സംസ്ഥാനങ്ങളാണ്. 93 സീറ്റുകളാണ് ഈ ഏഴ് സംസ്ഥാനങ്ങളിലായുള്ളത്.
നിലവിൽ വോട്ടെടുപ്പ് നടക്കുന്ന നവംബർ 5ന് മുൻപ് തന്നെ നാല് കോടിയോളം വരുന്ന യുഎസ് വോട്ടർമാർ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു കഴിഞ്ഞുവെന്നതാണ് പ്രത്യേകത. എന്നാൽ നാളെ നടക്കാനിരിക്കുന്ന വോട്ടിംഗ് തന്നെയാണ് ഏറ്റവും പ്രധാനം.
ALSO READ: കമലയ്ക്ക് കരുത്തേകി സ്ത്രീ വോട്ടര്‍മാര്‍; അട്ടിമറി വിജയമെന്ന് പ്രവചനം
ഇന്ത്യൻ സമയം
നവംബർ അഞ്ചിനാണ് യുഎസിൽ വോട്ടെടുപ്പ് നടക്കുന്നത്. പ്രാദേശിക സമയം രാവിലെ ആറ് മണി മുതൽ വിവിധ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ആരംഭിക്കുന്നതാണ്. അതായത് ഇന്ത്യൻ സമയം ചൊവ്വാഴ്‌ച രാത്രിയായിരിക്കും യുഎസ് തിരഞ്ഞെടുപ്പ് നടക്കുക. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെ ആയിരിക്കും വോട്ടിംഗ് അവസാനിപ്പിക്കുക. ഇത് ഇന്ത്യയിൽ ബുധനാഴ്‌ച പുലർച്ചെയോടെ ആയിരിക്കും.
വോട്ടെടുപ്പ് ദിവസം രാത്രി മുതൽ തന്നെ വിജയിയെ കുറിച്ചുള്ള ചില സൂചനകൾ യുഎസ് മാധ്യമങ്ങൾ പുറത്തുവിടാറുണ്ട്. അത്തരത്തിലാണെങ്കിൽ ഇന്ത്യയിൽ ബുധനാഴ്‌ച രാവിലെയോടെ ഫലങ്ങൾ അറിവായി തുടങ്ങിയേക്കും. എന്നാൽ നവംബർ ആറ് ബുധനാഴ്‌ച രാത്രിയോടെ മാത്രമെ ഇന്ത്യയിൽ ഫലം ഔദ്യോഗികമായി അറിയാൻ കഴിയുകയുള്ളൂ.
ഇലക്ട്രറൽ വോട്ടെണ്ണൽ
2025 ജനുവരി ആറിന് നടക്കുന്ന കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് രാജ്യത്തെ ഇലക്ട്രറൽ വോട്ടുകളുടെ എണ്ണൽ നടക്കുക. കൂടാതെ തിരഞ്ഞെടുപ്പ് വിജയിയുടെ സർട്ടിഫിക്കേഷനും അന്നേ ദിവസം നടക്കും. ഈ നടപടി ക്രമങ്ങൾക്ക് സിറ്റിങ് വൈസ് പ്രസിഡന്റ് എന്ന നിലയിൽ കമല ഹാരിസാവും അധ്യക്ഷത വഹിക്കുക. ഇത് ഔദ്യോഗികമായി നടത്തുന്ന ചടങ്ങ് മാത്രമാവും, ഇതിനകം തന്നെ വിജയി ആരെന്ന കാര്യത്തിൽ കൃത്യമായ ധാരണ വരും.