US Presidential Election 2024: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; കെന്റക്കിയിലും ഇന്ത്യാനയിലും ട്രംപിന് ജയം, വെര്‍മോണ്ടില്‍ കമലാ ഹാരിസ്
US President Election 2024 Results: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും, റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും തമ്മിലാണ് പോരാട്ടം.
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനഘട്ടങ്ങളിലേക്ക് കടക്കുന്നു. പുറത്തുവരുന്ന ആദ്യ ഫല സൂചനകൾ പ്രകാരം ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയായ വെർമോണ്ടിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസ് വിജയിച്ചു. വെർമോഡിലെ മൂന്ന് ഇലക്ടറൽ വോട്ടുകളും ലഭിച്ചത് കമലാ ഹാരിസിനാണ്. കെന്റക്കിയിലും ഇന്ത്യാനയിലും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് മുന്നേറ്റമെന്നാണ് ലഭിക്കുന്ന വിവരം.
ആദ്യം പോളിംഗ് ആരംഭിച്ചത് ന്യൂഹാംപ്ഷെയർ സംസ്ഥാനത്തെ ഡിക്സിവില്ലെ നൊച്ചിലാണ്. ഇവിടെ ആകെയുള്ള ആറ് വോട്ടുകളിൽ മൂന്ന് വീതം വോട്ടുകൾ കമലാ ഹാരിസിനും ഡൊണാൾഡ് ട്രംപിനും ലഭിച്ചു. ശക്തമായ മത്സരം നടക്കുന്നതിന്റെ സൂചനയാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് ഭാര്യ മെലാനിയ ട്രംപിനൊപ്പം ഫ്ലോറിഡയിലെ പാംബീച്ചിലെ പോളിംഗ് ബൂത്തിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ, ജോർജിയയിലെ രണ്ട് പോളിംഗ് സ്റ്റേഷനുകൾക്ക് നേരെ ബോംബ് ഭീഷണി ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. കാംബ്രിയ, പെൻസിൽവേനിയ എന്നിവടങ്ങളിൽ ബാലറ്റ് സ്കാനിങ്ങിൽ സാങ്കേതിക തകരാറുകൾ നേരിട്ടതിനെ തുടർന്ന് പോളിങ് സമയം നീട്ടി നൽകി.
ALSO READ: കണ്ണുംനട്ട് ലോകം; കമല ഹാരിസ്-ഡൊണാള്‍ഡ് ട്രംപ് വിധിയെഴുത്ത് ഇന്ന്
ഇത്തവണത്തെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും തമ്മിലാണ് പോരാട്ടം.
ഡൊണാൾഡ് ട്രംപ് വിജയിക്കുകയാണെങ്കിൽ 130 വർഷത്തിന് ശേഷം തുടർച്ചയല്ലാത്ത രണ്ടു തവണ പ്രസിഡന്റ് ആകുന്ന രണ്ടാമൻ ആയിരിക്കും അദ്ദേഹം. അതെ സമയം കമലാ ഹാരിസ് വിജയിക്കുകയാണെങ്കിൽ, യുഎസ് പ്രസിഡന്റ് ആകുന്ന ആദ്യ വനിതയും, ആദ്യ ആഫ്രിക്കൻ വംശജയും, ആദ്യ ഏഷ്യൻ വംശജയുമാകും അവർ. നിലവിൽ വൈസ് പ്രസിഡന്റായ കമലാ ഹാരിസ് ആണ് ജനുവരി 6-ന് ഫലപ്രഖ്യാപനം നടത്തുക.