H1-B വിസ, നയതന്ത്രം, വ്യാപരം; ട്രംപ് വീണ്ടും അധികാരത്തിലേക്ക് വരുമ്പോൾ ഇന്ത്യയെ എങ്ങനെ ബാധിക്കും? | US Election Result 2024 How Donald Trump Victory Affects India From H1B Visa Rule To International Relations Malayalam news - Malayalam Tv9

US Election 2024: H1-B വിസ, നയതന്ത്രം, വ്യാപരം; ട്രംപ് വീണ്ടും അധികാരത്തിലേക്ക് വരുമ്പോൾ ഇന്ത്യയെ എങ്ങനെ ബാധിക്കും?

How Donald Trumps Victory Affects India : നയതന്ത്രതലത്തിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് അമേരിക്ക. യുഎസിലെ പുതിയ ഭരണമാറ്റത്തിൽ ഇന്ത്യക്ക് ഒരേപോലെ അവസരങ്ങളും ചില പ്രതിസന്ധികളും നേരിടേണ്ടി വരും അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം

US Election 2024: H1-B വിസ, നയതന്ത്രം, വ്യാപരം; ട്രംപ് വീണ്ടും അധികാരത്തിലേക്ക് വരുമ്പോൾ ഇന്ത്യയെ എങ്ങനെ ബാധിക്കും?

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും (Image Courtesy : PTI)

Updated On: 

06 Nov 2024 16:49 PM

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡൊണാൾഡ് ട്രംപ് (Donald Trump) വീണ്ടും അമേരിക്കയുടെ അധികാരത്തിലേക്ക് വരുമ്പോൾ അത് ഇന്ത്യയെ എങ്ങനെ ബാധിക്കും ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം (India-US Relation) ഇനി എങ്ങനെയാകുമെന്നുള്ള ചോദ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്. ‘ഹൗഡി മോഡി’യും ‘നമസ്തെ ട്രംപും’ ഇനി വരാൻ പോകുന്ന നാളുകളിൽ എങ്ങനെയാകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും. എന്നിരുന്നാലും ട്രംപ് വീണ്ടു അധികാരത്തിലേറിയതോടെ തകർച്ചയിലായിരുന്നു ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിന് ഒരു പോസിറ്റീവ് വൈബ് ലഭിച്ചിട്ടുണ്ട്.

നയതന്ത്രതലത്തിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയായ അമേരിക്കയുടെ ഭരണമാറ്റത്തിൽ ഒരേപോലെ അവസരങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വരും. ‘അമേരിക്ക ഫസ്റ്റ്’ എന്ന തൻ്റെ പഴയ നിലപാട് തുടരുമെന്ന് ഡൊണാൾഡ് ട്രംപ് തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അറിയിച്ചിരുന്നു. ഈ വിദേശനയം കൊണ്ട് ഇന്ത്യയെ വ്യാപാരം, കുടിയേറ്റം, സൈനിക മേഖലയിലെ സഹകരണം, നയതന്ത്രം തുടങ്ങി വിവിധ തലങ്ങളിൽ ഏത് വിധത്തിൽ ബാധിക്കുമെന്ന് പരിശോധിക്കാം.

ALSO READ : US Election 2024 : ട്രംപ് അധികാരത്തിലേക്ക്; ഇറാനും സഖ്യകക്ഷികളും ഭയക്കണോ?

ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം

അമേരിക്കയ്ക്ക് മുൻഗണന നൽകുക എന്നതാണ് ട്രംപിൻ്റെ വിദേശനയ സമീപനം. പാരീസ് കാലാവസ്ഥ കരാർ, ഇറാനുമായിട്ടുള്ള ആണവ ഉടമ്പടിയെല്ലാം റദ്ദാക്കിയത് പോലെ ഡെമൊക്രാറ്റുകളുടെ പല നയങ്ങളും ഒന്നടങ്കം തൻ്റെ രണ്ടാം വരവിലും ട്രംപ് ഇല്ലാതാക്കിയേക്കും. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങുമായിട്ടുള്ള അമേരിക്കയുടെ വ്യാപാരം നയത്തിൽ തന്നെ മാറ്റം വന്നേക്കും. തിരഞ്ഞെടുപ്പിൻ്റെ പ്രചാരണവേളയിൽ ട്രംപ് ഇന്ത്യയെ അമിതമായി നികുതി ചുമത്തുന്നു എന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് ബദലായി പരസ്പര നികുതി ഏർപ്പെടുത്താനാണ് തൻ്റെ തീരുമാനമെന്ന് ട്രംപ് അന്ന് അതിനൊടൊപ്പം വ്യക്തമാക്കി. ഈ നയം അമേരിക്കൻ വിപണിയെ ആശ്രയിക്കുന്ന ഇന്ത്യയുടെ ഐടി, ഫാർമ, ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകൾക്ക് തിരിച്ചടിയായേക്കും. എന്നാൽ വ്യാപാര ബന്ധത്തിൽ ചൈനയുമായി പൂർണമായും വേർപിരിയാനുള്ള ട്രംപിൻ്റെ ശ്രമം ഇന്ത്യയിലെ ഉത്പാദന മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിയേക്കും.

H-1B വിസയും കുടിയേറ്റവും

2017ലെ തൻ്റെ കടുത്ത നിലപാടുകളെ അൽപം മയപ്പെടുത്തിയാണ് ട്രംപ് തൻ്റെ രണ്ടാം അവസരത്തിനായി ഇത്തവണ കളത്തിലേക്ക് ഇറങ്ങിയത്. എച്ച്-1 ബി വിസ പോലെയുള്ള വിദേശ പ്രൊഫെഷണലുകളെ അമേരിക്കയിലേക്കെത്തിക്കുന്നതിൽ അധിക നിയന്ത്രണമേർപ്പെടുത്താൻ ട്രംപിൻ്റെ ആദ്യ ഭരണകൂടം ശ്രമിച്ചിരുന്നു. ട്രംപ് വീണ്ടും അധികാരത്തിലേക്ക് വരുമ്പോൾ ഈ പ്രതിസന്ധി വീണ്ടുമുണ്ടാകുമെന്ന ആശങ്കയാണ് ഇന്ത്യയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പ്രൊഫെഷണലുകൾക്കുള്ളത്. അധികാത്തിലേക്ക് രണ്ടാം തവണയെത്താൻ വീണ്ടും അവസരം തേടിയപ്പോൾ ട്രംപ് തൻ്റെ ഈ നിലപാട് അൽപം മയപ്പെടുത്തി. കൃത്യമായി ചാനലുകൾ വഴി വരുന്നവരെ ഒരിക്കലും അമേരിക്ക തള്ളി കളയാൻ പാടില്ലയെന്നാണ് പ്രചാരണവേളയിൽ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ട്രംപ് നിലപാട് വ്യക്തമാക്കിയത്. അതേസമയം അനധികൃതമായി യുഎസിലേക്ക് കുടിയേറുന്നവരെ നിയന്ത്രിക്കാനുള്ള ശക്തമായ സുരക്ഷ അതിർത്തികളിൽ ഒരുക്കണമെന്നും അഭിമുഖത്തിൽ വ്യക്തമാക്കിരുന്നു.

പ്രതിരോധ സഹകരണം

ട്രംപ് ചൈനയെ ലക്ഷ്യമിടുമ്പോൾ സൈനിക-പ്രതിരോധ മേഖലയിൽ ഇന്ത്യക്ക് ഗുണം ചെയ്യും. ട്രംപിൻ്റെ ആദ്യ ഭരണകൂടത്തിൽ അവസാനം ടേമിൽ ചൈനയെ നേരിടാൻ അമേരിക്ക ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെ കോർത്തിണക്കി ഒരു ക്വാഡ് ഉയർത്തിയിരുന്നു. ആയുധ വിൽപ്പന, സാങ്കേതികവിദ്യ കൈമാറ്റം, സംയുക്ത സൈനിക അഭ്യാസം തുടങ്ങിയവ ട്രംപിൻ്റെ രണ്ടാം ഭരണകൂടത്തിലും ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ നാറ്റോയുമായി കൂടുതൽ ചേർന്ന് സൈനിക സഹകരണം നടത്താനാകും ട്രംപ് നിലപാടെടുക്കുക. ഇന്തോ-പെസഫിക് മേഖലയിൽ ചൈനയുടെ അപ്രമാദിത്വം ഒഴിവാക്കാൻ വേണ്ടി മാത്രമാകും ട്രംപ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണം പ്രയോജനപ്പെടുത്തുക. ഇത് കൂടാതെ ഡെമൊക്രാറ്റുകളുടെ നയങ്ങളെ അക്ഷരംപ്രതി എതിർക്കുന്ന ട്രംപ്, ജോ ബൈഡൻ്റെ കാലത്ത് കരാറിലേർപ്പെട്ട ഇനിഷ്യേറ്റീവ് ഓൺ ക്രിട്ടിക്കൽ ആൻഡ് എമേർജിങ് ടെക്നോളജി (iCET), ജെറ്റ് വിമാനങ്ങൾ നിർമിക്കാനുള്ള പ്രതിരോധ ഉടമ്പടിയായ ജിഇ-എച്ച്എഎൽ കരാർ തുടങ്ങിയവയുടെ ഭാവി ഇനി എന്താകുമെന്ന് അറിയാൻ കാത്തിരിക്കേണ്ടതാണ്.

ഭക്ഷണത്തിന് ശേഷമുള്ള ചില ദുശ്ശീലങ്ങൾ ഒഴിവാക്കാം
മഴക്കാലത്തും നിർജ്ജലീകരണം, ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക
വൃക്കകളെ സംരക്ഷിക്കാൻ ഇവ കഴിക്കാം
താടിവടിച്ച് സുരേഷ് ഗോപി; നല്ല ബെസ്റ്റ് മാറ്റമെന്ന് ആരാധകര്‍