UAE Wheat Production : 19 ശതമാനം പ്രോട്ടീൻ അടങ്ങിയ ഗോതമ്പ് ഉത്പാദിപ്പിക്കാൻ യുഎഇ; ഷാർജയിൽ പ്രത്യേക ലാബ്
UAE Plans to Develop Hybrid Wheat : സങ്കരയിനം ഗോതമ്പ് അവതരിപ്പിക്കാനൊരുങ്ങി യുഎഇ. 19 ശതമാനം പ്രോട്ടീൻ അടങ്ങിയ ലോകത്തെ ആദ്യത്തെ ഗോതമ്പ് ഉത്പാദിപ്പിക്കാൻ ഷാർജയിൽ ലാബ് സ്ഥാപിച്ചുകഴിഞ്ഞു.
പ്രോട്ടീൻ അളവ് കൂടിയ ഗോതമ്പ് ഉത്പാദിപ്പിക്കാനൊരുങ്ങി യുഎഇ. 19 ശതമാനം പ്രോട്ടീൻ അടങ്ങിയ ഗോതമ്പ് ഉത്പാദിപ്പിക്കാനാണ് യുഎഇയുടെ ശ്രമം. ഇതിനായി ഷാർജയിൽ പ്രത്യേക ബയോടെക്നോളജി ലാബ് ആരംഭിച്ചു. ഷാർജ1 എന്ന പേരിലാണ് സങ്കര ഗോതമ്പുത്പാദിപ്പിക്കുക. ഗവേഷകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലാബിൽ ഒരുക്കിയിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
19 ശതമാനം പ്രോട്ടീൻ അടങ്ങുന്ന ഷാർജ1 എന്ന ഗോതമ്പ് ലോകത്തിൽ ഏറ്റവുമധികം പ്രോട്ടീൻ അടങ്ങുന്ന ഗോതമ്പാവും. ചെടി വേഗത്തിൽ വളരുകയും ചെയ്യും. രണ്ട് വ്യത്യസ്ത ഗണത്തിൽ പെട്ട ചെടികളോ ജന്തുക്കളോ പ്രജനനം നടത്തി പുതിയ ഒരു ഗണം ഉണ്ടാക്കുന്ന പ്രക്രിയയാണ് ഹൈബ്രിഡൈസേഷൻ. ഇവിടെ രണ്ട് തരം ഗോതമ്പുകൾ തമ്മിൽ പ്രജനനം നടത്തിയ പുതിയ സങ്കരയിനം ഗോതമ്പുണ്ടാക്കാനാണ് ശ്രമം. ഇതിന് യുഎഇയിലെ കാലാവസ്ഥയിൽ വളരാൻ കഴിയുന്നതിനൊപ്പം 19 ശതമാനം പ്രോട്ടീനും അടങ്ങിയിരിക്കണം. ജലം ഉപയോഗത്തിൻ്റെ 30 ശതമാനം കുറയ്ക്കാവുന്ന രീതിയിലാണ് ഫാം രൂപകല്പന ചെയ്തിരിക്കുന്നത്. പമ്പുകൾക്ക് റിമോട്ട് കൺട്രോൾ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതിലൂടെ വെള്ളം ഉപയോഗിക്കുന്നത് നിയന്ത്രിക്കാനാവുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.
Also Read : Uber App : മരുഭൂമിയിൽ കുടുങ്ങിയതോടെ ഊബർ ആപ്പിലൂടെ ഒട്ടകത്തെ വിളിച്ച് യുവതി; വിഡിയോ വൈറൽ
ഭൗമോപരിതലത്തിൽ നിന്ന് 60 സെൻ്റിമീറ്റർ താഴെ ഗ്രൗണ്ട് സെൻസറുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇത് ജലസേചനവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകും. ഫാം പ്രവർത്തനം, ചെടികളുടെ ആരോഗ്യം, കാലാവസ്ഥ എന്നിവയെപ്പറ്റി സാറ്റലൈറ്റ് ടെക്നോളജിയും അറിയിക്കും. വളരെ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നത്. കൃഷിയ്ക്കുൾപ്പെടെ വ്യത്യസ്ത മെഷീനുകളാണ് ഉപയോഗിക്കുന്നത്. ചെടിയിൽ നിന്ന് ധാന്യമണികളെ വേർതിരിക്കാനും ചെടി മുറിയ്ക്കാനും ഇത് വൈക്കോൽ ആക്കിമാറ്റാനും മൂന്ന് സ്പെഷ്യലൈസ്ഡ് മെഷീനുകളാണ് ഫാമിൽ ഉപയോഗിക്കുന്നത്.
550 വ്യത്യസ്ത ഗോതമ്പ് വിഭാഗങ്ങളെ പരിശോധനകൾക്കും പരിശീലനങ്ങൾക്കും വിധേയമാക്കാനുള്ള സൗകര്യവും ഫാമിൽ ഒരുക്കിയിട്ടുണ്ട്. ഇവയിൽ നിന്ന് യുഎഇയിലെ കാലാവസ്ഥയിൽ വളരുന്ന ഗോതമ്പ് വളർത്തിയെടുക്കുകയാണ് ഗവേഷകരുടെ ജോലി.
കഴിഞ്ഞ വർഷം ആരംഭിച്ച ‘സാബ സനാബൽ’ എന്ന പദ്ധതി പ്രകാരമാണ് ഈ ലാബ് സ്ഥാപിതമായത്. രാജ്യത്ത് കൃഷി വർധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 1900 ഹെക്ടർ ഭൂമിയിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് ശ്രമം. 285 ടൺ ഗോതമ്പ് മണികൾ ഇതിനകം കൃഷി ചെയ്തിട്ടുണ്ട്. ഇതിലൂടെ 15,200 ടൺ ഗോതമ്പ് ഉത്പാദിപ്പിക്കാനാണ് ശ്രമം. രാജ്യത്തെ ആവശ്യങ്ങൾക്കായി ഇത് മതിയാവുമെന്നാണ് കണക്കുകൂട്ടൽ.