UAE Home Gardens : വീട്ടിലേക്കാവശ്യമായ പഴവും പച്ചക്കറിയും കൃഷി ചെയ്യുകയാണോ?; യുഎഇ സർക്കാർ സഹായിക്കും
UAE Government To Help Residents : സ്വകാര്യ ആവശ്യങ്ങൾക്കായി വീട്ടുപരിസരത്ത് പഴങ്ങളും പച്ചക്കറികളും വളർത്താൻ യുഎഇ സർക്കാർ പൊതുജനങ്ങൾക്ക് സഹായം നൽകും. പ്ലാൻ്റ് ദി എമിറേറ്റ്സ് പദ്ധതി പ്രകാരമാണ് സഹായം നൽകുക.
വീട്ടിലേക്കുള്ള പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യാൻ സഹായം നൽകുമെന്ന് യുഎഇ സർക്കാർ. എല്ലാ വീടുകളിലും സ്കൂളുകളിലും കാർഷിക സംസ്കാരം വളർത്താനാണ് യുഎഎ സർക്കാരിൻ്റെ തീരുമാനം. വീട്ടാവശ്യങ്ങൾക്കുള്ള കൃഷിയ്ക്ക് പ്ലാൻ്റ് ദി എമിറേറ്റ്സ് പദ്ധതി പ്രകാരം സഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു.
പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ കഴിയുന്ന വിവിധ പരിപാടികൾ രാജ്യത്തുടനീളം സംഘടിപ്പിക്കുമെന്ന് കാലാവസ്ഥാ വ്യതിയാന, പാരിസ്ഥിതിക മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് സഈദ് സുൽത്താൻ അൽ നുവൈമി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ പരിപാടികളിൽ വച്ച് പൊതുജനങ്ങൾക്ക് പ്രാദേശിക കൃഷിക്കാരുമായി സംവദിച്ച് നിർദ്ദേശങ്ങൾ തേടാം. ഏതൊക്കെ തരം ഭക്ഷ്യവിളകളാണ് തങ്ങൾക്ക് കൃഷി ചെയ്യാനാവുക എന്നറിയാമെന്നും അദ്ദേഹം പറഞ്ഞു.
Also Read : Diwali In UAE : ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ; അവധി നാല് ദിവസം
തങ്ങളുടെ വീട്ടുപരിസരത്ത് വിവിധ തരം പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യാൻ ആളുകളെ ബോധവത്കരിക്കും. “നാരകം, മാവ്, പേര, ഉള്ളി, സവാള, വെണ്ട, മുള്ളങ്കി, അത്തി തുടങ്ങി വിവിധ ചെടികൾ ആളുകൾക്ക് സ്വന്തം വീട്ടുമുറ്റത്ത് വളർത്താൻ കഴിയും. തുളസി, പുതിന, മല്ലി തുടങ്ങിയ ചെടികളും വളർത്താം. ഏത് ചെടിയാണ് വളർത്താൻ തിരഞ്ഞെടുക്കേണ്ടത്, എങ്ങനെയാണ് മണ്ണ് ക്രമീകരിക്കേണ്ടത്, വീടിനകത്തും പുറത്തും വളർത്തേണ്ട ചെടികൾ എന്നിങ്ങനെ വിവിധ സംശയങ്ങൾക്കുള്ള മറുപടി ഇവർക്ക് ലഭിക്കും.”- മുഹമ്മദ് സഈദ് സുൽത്താൻ അൽ നുവൈമി പ്രതികരിച്ചു.
ഏത് ചെടിയാണ് വളർത്തേണ്ടതെന്ന് തീരുമാനിച്ചാൽ ദേശീയ കാർഷിക സെൻ്റർ ബാക്കിയുള്ള പരിശീലനം നൽകും. ഭക്ഷണം പാഴാക്കുന്നതിനെതിരായ ബോധവത്കരണമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം ഹരിതനിറം പരത്താനുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.