Airlines Viral Video : ടേക്ക് ഓഫ് ചെയ്യുന്ന വിമാനത്തിന് തൊട്ടുമുന്നില്‍ മറ്റൊന്ന്, ഒഴിവായത് വന്‍ ദുരന്തം; നെഞ്ചിടിപ്പേറ്റുന്ന ദൃശ്യങ്ങള്‍
Planes Narrowly Escape At Airport : ലോസ് ആഞ്ചല്‍സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്. റണ്‍വേയില്‍ രണ്ട് വിമാനങ്ങളുടെ കൂട്ടിയിടിയാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനവും ഗോണ്‍സാഗ യൂണിവേഴ്‌സിറ്റിയിലെ ബാസ്‌ക്കറ്റ്‌ബോള്‍ ടീമുമായി പോവുകയായിരുന്ന കീ ലൈം എയർ ഫ്ലൈറ്റുമാണ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാണ്
ഡിസംബര്‍ വിമാനാപകടങ്ങളുടെ മാസമായിരുന്നു. ദക്ഷിണ കൊറിയയിലും, കസാഖ്സ്ഥാനിലുമുണ്ടായ അപകടത്തിന്റെ ഞെട്ടലുകള്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇപ്പോഴിതാ യുഎസില്‍ തലനാരിഴയ്ക്കാണ് വിമാനാപകടം ഒഴിവായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാണ്. ലോസ് ആഞ്ചല്‍സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്. റണ്‍വേയില്‍ രണ്ട് വിമാനങ്ങളുടെ കൂട്ടിയിടിയാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനവും ഗോണ്‍സാഗ യൂണിവേഴ്‌സിറ്റിയിലെ ബാസ്‌ക്കറ്റ്‌ബോള്‍ ടീമുമായി പോവുകയായിരുന്ന കീ ലൈം എയർ ഫ്ലൈറ്റുമാണ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഒരു വിമാനം പറന്നുയരുന്നതിനിടെ മറ്റൊരു വിമാനം തൊട്ടുമുന്നിലേക്കായി എത്തുകയായിരുന്നു. ഇത് കണ്ട് ‘നിര്‍ത്തൂ, നിര്‍ത്തൂ’ എന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വിളിച്ചുപറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ‘ഡെൽറ്റ ഫ്ലൈറ്റ് 471’ റണ്‍വേയില്‍ നിന്ന് പറന്നുയരുന്നതിനിടെ മുന്നിലേക്കായി ‘കീ ലൈം എയർ ഫ്ലൈറ്റ് 563’ എത്തുകയായിരുന്നു. എന്തായാലും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പറഞ്ഞതുപോലെ കീ ലൈം എയർ ഫ്ലൈറ്റ് 563 നിര്‍ത്തിയതിനാല്‍ വന്‍ കൂട്ടിയിടി ഒഴിവായി. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം ആരംഭിച്ചു.
വീഡിയോ കാണാം:
🚨 “STOP STOP STOP!” LAX ATC urgently called out to a Key Lime Air jet as a Delta jet took off from runway 24L. Was this a runway incursion? All of it captured live during Friday’s Airline Videos Live broadcast. pic.twitter.com/5vwQfVzggQ
— AIRLINE VIDEOS (@airlinevideos) December 28, 2024
Read Also : സമ്മാനമായി ലഭിച്ചത് ബാങ്കോക്കിലേക്കുള്ള യാത്ര; വിധി കാത്തുവെച്ചത് മരണം
ദക്ഷിണ കൊറിയയില്‍ സംഭവിച്ചത്
ദക്ഷിണ കൊറിയയില്‍ രണ്ട് ദിവസം മുമ്പ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 179 പേരാണ് മരിച്ചത്. 181 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാങ്കോക്കില്‍ നിന്ന് മുവാനിലേക്ക് പോയ ജെജു എയറിന്റെ ബോയിംഗ് 737-800 വിമാനമാണ് മുവാന്‍ വിമാനത്താവളത്തില്‍ വെച്ച് അപകടത്തില്‍പെട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
ലാന്‍ഡിംഗിനിടെയാണ് അപകടമുണ്ടായത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ വിമാനത്തിന് തീപിടിച്ചത് അപകടത്തിന്റെ ആഘാതം കൂട്ടി. പക്ഷിയിടിച്ചതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. മോശം കാലാവസ്ഥയും പ്രതികൂലമായതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അപകടകാരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്.
അപകടത്തില്‍ വിമാനക്കമ്പനിയായ ജെജു എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ചിരുന്നു. തലതാഴ്ത്തി നില്‍ക്കുകയാണെന്നും, സാധ്യമായതെല്ലാം ചെയ്യുമെന്നും കമ്പനി അറിയിച്ചു. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ കമ്പനി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു.
അതിനിടെ, ജെജു എയര്‍ലൈന്‍സിന്റെ മറ്റൊരു വിമാനം ലാന്‍ഡിങ് ഗിയര്‍ പ്രശ്‌നം നേരിട്ടു. ഇതിനെ തുടര്‍ന്ന് പറന്നുയര്‍ന്നയുടന്‍ വിമാനം തിരിച്ചിറക്കി. ജെജു എയറിന്റെ മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ യാത്രക്കാര്‍ റദ്ദാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച ഉച്ചവരെ 68,000-ത്തോളം ടിക്കറ്റുകള്‍ റദ്ദ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഓഹരി വിപണിയിലും ജെജു എയര്‍ലൈന്‍സ് തിരിച്ചടി നേരിട്ടു.
കസഖ്സ്ഥാനിലെ അപകടം
കസഖ്സ്ഥാനില്‍ ചൊവ്വാഴ്ച അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് തകര്‍ന്ന് 38 പേര്‍ മരിച്ചിരുന്നു. 67 പേരുമായി ബക്കുവിൽ നിന്ന് ഗ്രോസ്‌നിയിലേക്ക് പോവുകയായിരുന്ന എംബ്രയര്‍ 190 എന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്ന് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് ആരോപിച്ചിരുന്നു. വിമാനത്തില്‍ റഷ്യന്‍ മിസൈലുകള്‍ ഇടിച്ചതാകാമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ക്രെംലിന്‍ വക്താവ് പ്രതികരിച്ചു.