UAE Crime News : യുഎഇയിൽ കൊലനടത്തി രാജ്യം വിട്ട മൂന്നംഗ സംഘം ഒമാനിൽ പിടിയിൽ; സംഘത്തിലുള്ളത് പാകിസ്താൻ സ്വദേശികളെന്ന് വിവരം
Three Pakistani Men Held After Fleeing UAE : രാജ്യം വിട്ട കൊലപാതകക്കേസ് പ്രതികൾ ഒമാനിൽ പിടിയിലായി. യുഎഇ അധികൃതരെ കബളിപ്പിച്ചാണ് സംഘം രാജ്യം വിട്ടത്. ഇവരെ ഒമാൻ പോലീസ് അറസ്റ്റ് ചെയ്ത് യുഎഇയ്ക്ക് കൈമാറി.
യുഎഇയിൽ കൊലനടത്തി രാജ്യം വിട്ട മൂന്നംഗ സംഘം ഒമാനിൽ പിടിയിലായി. യുഎഇ അധികൃതരെ കബളിപ്പിച്ച് ഒമാനിലെത്തിയ സംഘത്തെ ഒമാൻ പോലീസ് പിടികൂടുകയായിരുന്നു. സംഘത്തിലുള്ളത് പാകിസ്താൻ സ്വദേശികളാണെന്നാണ് വിവരം. ഇവരെ തിരികെ യുഎഇ അധികൃതർക്ക് കൈമാറി. കേസിലെ ആദ്യ വാദം 2025 ജനുവരി എട്ടിന് നടക്കും. ശിക്ഷ അനുഭവിച്ചതിന് ശേഷം ഇവരെ നാടുകടത്തും.
2024 മാർച്ച് 26നാണ് ഇവർ കൊലക്കുറ്റത്തിൽ ഏർപ്പെടുന്നത്. ദുബായിലെ ഉമ്മൽ റമൂൽ ഭാഗത്ത് കൊല നടത്തിയ ശേഷം ഔദ്യോഗിക ചെക്ക്പോയിൻ്റുകളൊക്കെ വെട്ടിച്ച് ഇവർ നാടുവിട്ടു. മറ്റൊരു പാകിസ്താൻ സ്വദേശി ഓടിച്ചിരുന്ന ട്രക്കിൽ ഒളിച്ചിരുന്നാണ് ഇവർ നാടുവിട്ടത്. ഒമാനിലേക്കായിരുന്നു യാത്ര. മാർച്ച് 27ന് തന്നെ ഇവർ യുഎഇയിൽ നിന്ന് കടന്നു. ഒമാനിലെത്തിയ ഇവർ അവിടെ കഴിയുകയായിരുന്നു. ഇതിനിടെ കൊലപാതകക്കേസിൽ ദുബായ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഒമാൻ അടക്കമുള്ള സമീപ രാജ്യങ്ങളിലേക്കും വിവരം കൈമാറി. ഇതാണ് നിർണ്ണായകമായത്.
ദുബായ് പോലീസിൽ നിന്ന് വിവരം ലഭിച്ചതിന് പിന്നാലെ ഈ പ്രതികൾ രാജ്യത്തുണ്ടെന്ന് ഒമാൻ പോലീസ് കണ്ടെത്തി. കൊലക്കേസിലെ പ്രതികളായ ഇവർ രാജ്യത്തേക്ക് അതിക്രമിച്ചുകയറുകയായിരുന്നു എന്നും ഒമാൻ പോലീസിൻ്റെ അന്വേഷണത്തിൽ തെളിഞ്ഞു. പിന്നാലെ ഒമാൻ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. 2024 ഏപ്രിൽ എട്ടിന് പ്രതികളെ ഒമാൻ പോലീസ് ദുബായ് പോലീസിന് കൈമാറി. 25നും 35നും വയസിനിടയ്ക്ക് പ്രായമുള്ളവരാണ് പ്രതികൾ. കൊലപാതകം, രാജ്യത്തുനിന്ന് അനധികൃതമായി പുറത്തുപോകൽ തുടങ്ങി വിവിധ കുറ്റങ്ങളാണ് ഇവർക്കെതിരെ ദുബായ് പോലീസ് ചുമത്തിയിരിക്കുന്നത്. ഔദ്യോഗിക സംവിധാനങ്ങളെയൊക്കെ വെട്ടിച്ചാണ് തങ്ങൾ രാജ്യത്തുനിന്ന് കടന്നതെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു. തങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളൊക്കെ പ്രതികൾ സമ്മതിക്കുകയും ചെയ്തു.
അനുമതിയില്ലാതെ, അനധികൃതമായി രാജ്യം വിട്ടതിന് ഇവർക്ക് ജയിൽ ശിക്ഷ നൽകിയിരിക്കുകയാണ്. ഇതിന് ശേഷം ഇവരെ നാടുകടത്തും. എന്നാൽ, കൊലക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൊലക്കേസിലെ ശിക്ഷ കൂടി തീരുമാനിച്ചിട്ടേ പ്രതികളെ നാടുകടത്തൂ.
മയക്കുമരുന്ന് കടത്ത്
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ദമ്പതിമാർക്ക് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. യുഎഇയിലേക്ക് 4.2 കിലോഗ്രാം കഞ്ചാവ് കടത്തിയതിനാണ് ദമ്പതിമാരെ കോടതി ശിക്ഷിച്ചത്. തടവിനൊപ്പം ഇവർ രണ്ട് പേരും അഞ്ച് ലക്ഷം ദിർഹം വീതം പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. ഈ വർഷം ജനുവരി രണ്ടിന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് നടന്ന ഒരു പതിവ് കസ്റ്റംസ് പരിശോധനയാണ് വൻ മയക്കുമരുന്ന് വേട്ടയിലേക്ക് നയിച്ചത്.
35കാരനായ നൈജീരിയൻ യുവാവും 27കാരിയായ ഗാംബിയൻ യുവതിയുമാണ് പിടിയിലായത്. വിമാനത്താവളത്തിലെത്തിയ യുവതിയുടെ ബാഗിന് ബാഗിന് സാധാരണയിലധികം ഭാരം തോന്നിയയിരുന്നു. ഇതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗ് വിശദമായി പരിശോധിക്കുകയും ബാഗിൽ ഒളിപ്പിച്ചിരുന്ന മയക്കുമരുന്ന് പിടികൂടുകയുമായിരുന്നു.