Taliban: അഫ്ഗാന്‍ സ്ത്രീകളുള്ള കെട്ടിടങ്ങളില്‍ ജനലുകള്‍ പാടില്ല; അശ്ലീല പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയെന്ന് താലിബാന്‍
Taliban Bans Windows For Afghan Women: ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് താലിബാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ പെരുമാറുന്ന എല്ലായിടങ്ങളിലും നിന്നും ജനാലകള്‍ നീക്കം ചെയ്യണമെന്നാണ് സബിഹുല്ല മുജാഹിദ് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നത്.
കാബൂള്‍: അഫ്ഗാന്‍ സ്ത്രീകള്‍ കഴിയുന്ന കെട്ടിടങ്ങളില്‍ ജനാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി താലിബാന്‍. കെട്ടിടങ്ങളില്‍ ജനാലകള്‍ നിര്‍മ്മിക്കുന്നത് നിരോധിക്കണെന്ന് താലിബാന്‍ സര്‍ക്കാരിന്റെ വക്താവ് സബിഹുല്ല മുജാഹിദ് എക്‌സില്‍ കുറിച്ചു. ജനാലകള്‍ അശ്ലീല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വഴിവെക്കുമെന്നാണ് താലിബാന്റെ വാദം.
ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് താലിബാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ പെരുമാറുന്ന എല്ലായിടങ്ങളിലും നിന്നും ജനാലകള്‍ നീക്കം ചെയ്യണമെന്നാണ് സബിഹുല്ല മുജാഹിദ് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നത്.
“സ്ത്രീകള്‍ അവരവരുടെ വീടുകളില്‍ അശ്ലീല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. വീട്ടുമുറ്റം, അടുക്കള, അയല്‍വാസികളുടെ കിണര്‍ തുടങ്ങി സ്ത്രീകള്‍ ഉപയോഗിക്കുന്ന എല്ലാ സ്ഥലങ്ങളില്‍ നിന്നും ജനലുകള്‍ ഒഴിവാക്കണം. ഒരു വീട്ടിനുള്ളില്‍ നിന്ന് നോക്കിയാല്‍ തൊട്ടടുത്തുള്ള വീടുകള്‍ കാണില്ലെന്ന് അധികൃതര്‍ ഉറപ്പ് വരുത്തണം. നിലവില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള എല്ലാ ജനാലകളും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണം,” ഉത്തരവില്‍ പറയുന്നു.
2021 ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാന്‍ സര്‍ക്കാരിനെ താഴെയിറക്കി കൊണ്ട് രാജ്യത്ത് അധികാരത്തിലേറുന്നത്. 20 വര്‍ഷത്തിന് ശേഷമാണ് താലിബാന്‍ രാജ്യത്ത് വീണ്ടും അധികാരത്തിലേക്കെത്തുന്നത്. 2001ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ താലിബാനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയത് മുതല്‍ സ്ത്രീകള്‍ കടുത്ത ചൂഷണമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വ്യഭിചാരത്തിന്റെ പേരില്‍ നേരത്തെ അഫ്ഗാന്‍ സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലുന്നത് പുനസ്ഥാപിക്കുമെന്നായിരുന്നു താലിബാന്‍ പ്രഖ്യാപിച്ചത്.
കൂടാതെ സ്ത്രീകളെ പരസ്യമായി ചാട്ടവാര്‍ കൊണ്ട് അടിക്കുമെന്നും താലിബാന്‍ അറിയിച്ചിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ താലിബാന്റെ ഇസ്സാമിക ശരിയത്തിന്റെ വ്യാഖ്യാനത്തിന് എതിരാണെന്നാണ് താലിബാന്റെ വാദം. അതിനാല്‍ തന്നെ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ അഫ്ഗാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി, പൊതുയിടങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതോടൊപ്പം 2022 ഡിസംബര്‍ മുതല്‍ യൂണിവേഴ്‌സിറ്റികളിലേക്കുള്ള പ്രവേശനം നേടുന്നതില്‍ നിന്നും താലിബാന്‍ പെണ്‍കുട്ടികളെ വിലക്കിയിരുന്നു.
താലിബാന്റെ നടപടികളെ ഐക്യരാഷ്ട്രസഭ അപലപിക്കുകയും ചെയ്തു. എന്നാല്‍ അഫ്ഗാന്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും അവകാശങ്ങള്‍ ഇസ്ലാമിക നിയമം ഉറപ്പാക്കുന്നുവെന്നാണ് താലിബാന്‍ മുന്നോട്ടുവെക്കുന്ന വാദം.
അതേസമയം, പാകിസ്താനും താലിബാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുകയാണ്. ഭീകര്‍ക്കെതിരെ എന്ന പേരില്‍ വ്യോമാക്രമണം നടത്തിയ പാകിസ്താനെതിരെ താലിബാന്‍ പ്രത്യാക്രമണം നടത്തിയിരുന്നു. പാക്‌സ്താന്‍ അതിര്‍ത്തിയിലെ നിരവധി കേന്ദ്രങ്ങള്‍ ആക്രമിച്ചതായാണ് താലിബാന്‍ അറിയിച്ചത്. ആക്രമണത്തില്‍ 19 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും സേന അറിയിച്ചിരുന്നു.