Pakistan-Afghanistan Conflict: പാക് വ്യോമാക്രമണത്തിന് താലിബാന്റെ തിരിച്ചടി; പാക്കിസ്ഥാനില്‍ ബോംബിട്ട് അഫ്ഗാന്‍ സേന
Taliban Attack Pakistan: അഫ്ഗാനിസ്ഥാനിൽ ആസൂത്രിത ആക്രമണങ്ങൾ നടത്തിയവരെയും, അവരെ പിന്തുണച്ചവരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ട്വീറ്റിൽ പറയുന്നു.
പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകി താലിബാൻ. ഇരുരാജ്യങ്ങളെയും വേർതിരിക്കുന്ന ‘ഡ്യൂറന്റ്’ ലൈനിനപ്പുറത്ത് നിരവധി പോയിന്റുകളിൽ ആക്രമണം നടത്തിയെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ വകുപ്പ് അറിയിച്ചു. ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് സേന സംഭവ വിവരം സ്ഥിരീകരിച്ചത്. അഫ്ഗാനിസ്ഥാനിൽ ആസൂത്രിത ആക്രമണങ്ങൾ നടത്തിയവരെയും, അവരെ പിന്തുണച്ചവരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ട്വീറ്റിൽ പറയുന്നു.
“വ്യക്തത! രാജ്യത്തിൻ്റെ തെക്ക്-കിഴക്കൻ ദിശയിലുള്ള “ഡ്യൂറന്റ്” എന്ന വെർച്വൽ ലൈനിൻ്റെ മറുവശത്ത് നിരവധി പോയിൻ്റുകൾ ലക്ഷ്യമിട്ട് ഞങ്ങൾ ആക്രമണം നടത്തിയിരുന്നു. അത് അഫ്ഗാനിസ്ഥാനിൽ ആക്രമണങ്ങൾ നടത്തിവരുന്ന ദുഷ്ടശക്തികളെയും അവരെ പിന്തുണയ്ക്കുന്നവരുടെ ഒളിത്താവളങ്ങളും കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു” അഫ്ഗാൻ സേന എക്‌സിൽ കുറിച്ചു.
അഫ്ഗാനിസ്ഥാൻ പ്രതിരോധ വകുപ്പ് പങ്കുവെച്ച ട്വീറ്റ്:
الوضوح!
تم استهداف عدة نقاط على الجانب الآخر من الخط الافتراضي «ډيورنډ» في الاتجاه الجنوبي الشرقي للبلاد، والتي كانت تمثل مخابئ ومراكز للعناصر الشريرة وداعميهم، الذين كانوا ينظمون الهجمات في أفغانستان . pic.twitter.com/ewhoDYbDiD— د ملي دفاع وزارت – وزارت دفاع ملی (@MoDAfghanistan2) December 28, 2024
‘ഡ്യൂറന്റ്’ ലൈനിന് അപ്പുറമുള്ള പല പ്രദേശങ്ങളും തങ്ങളുടേതാണെന്ന നിലപാടിലാണ് അഫ്ഗാനിസ്ഥാൻ. അതുകൊണ്ട് തന്നെ പാകിസ്ഥാനിലാണ് ആക്രമണം നടത്തിയതെന്ന് അവർ നേരിട്ട് പറയാറില്ല. ഡ്യൂറന്റ് ലൈനിന് അപ്പുറമുള്ള പല പ്രദേശങ്ങളിലുമാണ് ഇന്ന് അഫ്ഗാൻ തിരിച്ചടിച്ചത്. അതേസമയം, ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പാക് വ്യോമസേന അഫഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയത്. അഫഗാനിസ്ഥാനിലെ തെഹ്‌രികെ താലിബാൻ പാക്കിസ്ഥാനിന്റെ (ടിഡിപി) കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായത്. പാക് പ്രദേശങ്ങളായ സൗത്ത് വസീരിസ്ഥാൻ ഉൾപ്പടെയുള്ള ഇടങ്ങളിൽ ടിഡിപി ആക്രമണങ്ങൾ വലിയ തോതിൽ ഉയർന്ന സാഹചര്യത്തിലായിലുരുന്നു വ്യോമാക്രമണം നടത്തിയത്.
പാക് വ്യോമസേന ഇത്തരത്തിൽ അഫ്ഗാനിസ്ഥാനിൽ നേരിട്ട് ആക്രമണം നടത്തുന്നത് ഈ വർഷത്തിൽ ഇത് രണ്ടാം തവണയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ 46 സാധാരണക്കാർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി താലിബാൻ അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ പാക് പ്രത്യേക പ്രതിനിധിയായ മുഹമ്മദ് സാദി കാബൂളിൽ എത്തി താലിബാൻ നേതാക്കളുമായി കൂടി കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് പാക് ആക്രമണം ഉണ്ടായത്. ഇതോടെ പാകിസ്ഥാനും അഫഗാനിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി.