Sunita Williams : ഒന്നും രണ്ടുമല്ല, സുനിത വില്യംസ് ബഹിരാകാശത്ത് പുതുവത്സരം ആഘോഷിക്കുന്നത് 16 തവണ; കാരണം ഇതാണ്
Sunita Williams Unique New Year 2025 : ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന് 2025 പുതുപ്രതീക്ഷകള്‍ക്കൊപ്പം പുതു അനുഭവങ്ങളാണ് നല്‍കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) എക്‌സ്‌പെഡിഷന്‍ 72 ക്രൂവിലെ സുനിത വില്യംസ് ഉള്‍പ്പെടുന്ന സംഘം 400 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ചുറ്റുമ്പോള്‍ 16 വ്യത്യസ്ത സൂര്യോദയങ്ങള്‍ക്കും, സൂര്യാസ്തമയങ്ങള്‍ക്കും സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. 2025ന്റെ പ്രഭാതം ഒന്നിലേറെ തവണ ആഘോഷിക്കാന്‍ കിട്ടുന്ന അപൂര്‍വ അവസരമാണിത്. ഈ വര്‍ഷം ജൂണിലാണ് സുനിത വില്യംസും ബുഷ് വില്‍മോറും ബഹിരാകാശത്ത് എത്തിയത്
2024ന് വിട നല്‍കി 2025നെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലോകം. ന്യൂസിലന്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഇതിനകം പുതുവത്സരമെത്തി. പുതുവര്‍ഷം പുതുപ്രതീക്ഷകള്‍ സമ്മാനിക്കുമെന്ന പ്രത്യാശയിലാണ് നാം. എന്നാല്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന് 2025 പുതുപ്രതീക്ഷകള്‍ക്കൊപ്പം പുതു അനുഭവങ്ങളാണ് നല്‍കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) എക്‌സ്‌പെഡിഷന്‍ 72 ക്രൂവിലെ സുനിത വില്യംസ് ഉള്‍പ്പെടുന്ന സംഘം 400 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ചുറ്റുമ്പോള്‍ 16 വ്യത്യസ്ത സൂര്യോദയങ്ങള്‍ക്കും, സൂര്യാസ്തമയങ്ങള്‍ക്കും സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. 2025ന്റെ പ്രഭാതം ഒന്നിലേറെ തവണ ആഘോഷിക്കാന്‍ കിട്ടുന്ന അപൂര്‍വ അവസരമാണിത്.
ഈ വര്‍ഷം ജൂണിലാണ് സുനിത വില്യംസും ബുഷ് വില്‍മോറും ബഹിരാകാശത്ത് എത്തിയത്. ഏതാനും ദിവസത്തെ ദൗത്യത്തിനാണ് ഇവര്‍ ബഹിരാകാശത്ത് എത്തിയത്. എന്നാല്‍ ഇവര്‍ സഞ്ചരിച്ച സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാര്‍ മൂലം ഇരുവരും ബഹിരാകാശത്ത് കുടുങ്ങി. നേരത്തെ ഇരുവരെയും ഫെബ്രുവരിയില്‍ തിരിച്ചെത്തിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മാര്‍ച്ച് അവസാനം വരെയെങ്കിലും ദൗത്യം നീളുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചിലപ്പോള്‍ ഏപ്രില്‍ വരെ നീണ്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്ക് പകരമുള്ള സംഘം തയ്യാറെടുപ്പ് പൂര്‍ത്തിയാക്കാത്തതാണ് ഒരു കാരണം. സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ തയ്യാറാകാത്തത് മറ്റൊരു കാരണമാണ്.
As 2024 comes to a close today, the Exp 72 crew will see 16 sunrises and sunsets while soaring into the New Year. Seen here are several sunsets pictured over the years from the orbital outpost. pic.twitter.com/DdlvSCoKo1
— International Space Station (@Space_Station) December 31, 2024
ഇതോടെ സുനിത വില്യംസിന്റെ പുതുവര്‍ഷം ബഹിരാകാശത്താവുകയായിരുന്നു. ഏകദേശം ഓരോ 90 മിനിറ്റിലുമാണ് ഐഎസ്എസ് ഒരു ഓര്‍ബിറ്റ് പൂര്‍ത്തിയാക്കുന്നത്. സുനിതയും സംഘവും ഓരോ 90 മിനിറ്റിലും ഭൂമിയെ ചുറ്റുമ്പോള്‍ ഒന്നിലധികം പുതുവത്സര ആഘോഷങ്ങളുടെ അപൂർവ അനുഭവം ഇവര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും.
Read Also : കിരിബാത്തിയില്‍ പുതുവര്‍ഷമെത്തി; 2025ന് സ്വാഗതമരുളി ലോകം
ഭൂമിയില്‍ നിന്ന് അയച്ച പ്രത്യേക ഭക്ഷണം കഴിച്ചും, വീഡിയോ കോളുകളിലൂടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായും ബന്ധപ്പെട്ടും ഇവര്‍ പുതുവര്‍ഷം ആഘോഷിക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂമിയില്‍ നിന്ന് ഏറെ ദൂരെയാണെങ്കിലും എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ സുനിതയും സംഘവും നേര്‍ന്നിരുന്നു.
ഇതിന് മുമ്പ് ബഹിരാകാശത്തെ സന്തോഷകരമായ ഇടമെന്നാണ് സുനിത വിശേഷിപ്പിച്ചിട്ടുള്ളത്. ഒപ്പം തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ശാസ്ത്രീയ ഗവേഷണങ്ങളുടെ തിരക്കിലാണ് അവര്‍. പ്രചോദനാത്മകമാണ് സുനിതയുടെയും സംഘത്തിന്റെയും യാത്ര. ബഹിരാകാശ ഗവേഷണത്തിന്റെ പുതിയ അധ്യായത്തിനാണ് ഇവര്‍ തുടക്കമിട്ടത്.
നേരത്തെ സുനിതയുടെ ആരോഗ്യം മോശമായെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും ആശങ്ക വേണ്ടെന്ന് നാസ വ്യക്തമാക്കിയിരുന്നു. ആവശ്യത്തിന് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് നാസയുടെ വിശദീകരണം. എല്ലാ ദിവസവും പരിശോധന നടക്കുന്നുണ്ടെന്നും, ആരോഗ്യനില നിരീക്ഷിക്കുന്നുണ്ടെന്നും നാസ അറിയിച്ചിരുന്നു.