South Korea Plane Crash: ദക്ഷിണ കൊറിയ വിമാനാപകടം; മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് ജെജു എയർലൈൻസ് സിഇഒ
South Korea Plane Crash Updates: കഴിഞ്ഞ 15 വർഷങ്ങളായി സർവീസ് നടത്തി വരുന്ന ഈ വിമാനത്തിന് ഇതുവരെ അപകടത്തിന്റെ ചരിത്രമൊന്നും ഉണ്ടായിട്ടില്ലെന്ന് കമ്പനിയെ ഉദ്ദരിച്ച് കൊണ്ട് വാർത്ത ഏജൻസിയായ യോൻഹാപ്പ് റിപ്പോർട്ട് ചെയ്യുന്നു.
സിയോൾ: ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 150 കവിഞ്ഞു. ഇതിനകം 179 പേർ കൊല്ലപ്പെട്ടതായി അനൗദ്യോഗിക കണക്കുകളും വരുന്നുണ്ട്. ഈ ദാരുണമായ സംഭവത്തിൽ മാപ്പ് പറഞ്ഞ് വിമാന കമ്പനിയായ ജെജു എയർലൈൻസ് രംഗത്തെത്തിരയിരുന്നു. ഇപ്പോഴിതാ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചിരിക്കുകയാണ് കമ്പനി സിഇഒ കിം ഈ-ബേ. പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“എങ്ങനെയാണ് ദുരന്തം സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല. എങ്കിലും അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.” കിം പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തിൽ ജെജു എയർലൈൻസും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സാധ്യമായതെന്തും ചെയ്യുമെന്നാണ് വാർത്താക്കുറിപ്പിലൂടെ കമ്പനി അറിയിച്ചത്. അപകടത്തിന് പിന്നിലെ കാരണം എന്താണെന്ന് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ 15 വർഷങ്ങളായി സർവീസ് നടത്തി വരുന്ന ഈ വിമാനത്തിന് ഇതുവരെ അപകടത്തിന്റെ ചരിത്രമൊന്നും ഉണ്ടായിട്ടില്ലെന്ന് കമ്പനിയെ ഉദ്ദരിച്ച് കൊണ്ട് വാർത്ത ഏജൻസിയായ യോൻഹാപ്പ് റിപ്പോർട്ട് ചെയ്യുന്നു.
ALSO READ: ദക്ഷിണ കൊറിയയിലെ വിമാന ദുരന്തം, മരണസംഖ്യ ഉയരുന്നു
അതേസമയം, ജെജു എയർവേസ് സംഭവത്തിൽ മാപ്പ് പറഞ്ഞിട്ടുണ്ട്. “നിർഭാഗ്യകരമായ സംഭവത്തിൽ ഞങ്ങൾ തലതാഴ്ത്തി നിൽക്കുകയാണ്. ദാരുണമായ സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നു. സാധ്യമായതെന്തും ചെയ്യാൻ തയ്യാറാണ്.” – വിമാന കമ്പനി സമൂഹ മാധ്യമങ്ങളിലൂടെയും വെബ്സൈറ്റിലൂടെയും അറിയിച്ചു.
സംഭവത്തിൽ ജെജു എയർ അധികൃതർ മാപ്പ് പറയുന്നു:
JeJu Air boss bows for lives lost and apologizes as death toll of South Korea’s catastrophic plane crash reaches 177
Only 2 survived, 2 still missing as search and rescue mission continues through ruins of jet that carried 181 passengers. pic.twitter.com/pGx6hluKxx
— RT (@RT_com) December 29, 2024
പ്രാദേശിക സമയം രാവിലെ 9 മണിയോടെ ആണ് ജെജു എയറിന്റെ ബോയിംഗ് 737-800 വിമാനം അപകടത്തില്‍പെട്ടത്. ലാൻഡിംഗ് ഗിയറിൽ ഉണ്ടായ തകരാർ മൂലമാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബാങ്കോക്കില്‍ നിന്ന് മുവാനിലേക്ക് പോവുകയായിരുന്ന വിമാനം അപകടത്തിൽപ്പെടുന്നത്, മുസാൻ വിമാനത്താവളത്തിൽ വെച്ചാണ്. ആറു ജീവനക്കാരുള്‍പ്പെടെ 181 പേര്‍ വിമാനത്തിൽ ഉണ്ടായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വിമാനം റൺവേയ്ക്ക് സമീപമുള്ള ഒരു മതിലുമായി കൂട്ടിയിടിച്ചതോടെ യാത്രക്കാർ എല്ലാവരും തെറിച്ചുവീണിരുന്നു. ഇതോടെ വിമാനം പാടെ തകർന്നു പോയി. മരണപ്പെട്ടവരെ തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. അതേസമയം, പക്ഷി ഇടിച്ചതിനെ തുടർന്നാണ് ലാൻഡിംഗ് ഗിയർ തകാറിലായതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ അന്വേഷണം പുരോഗമിച്ചു വരികയാണ്.