5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

New Year Celebrations Dubai: കുടുംബങ്ങൾക്കും അവിവാഹിതർക്കും പ്രത്യേക ഇടങ്ങൾ; പുതുവത്സരാഘോഷത്തിന് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

New Year Celebrations 2025 Dubai Seperate Zones: ദുബായ് പുതുവത്സരാഘോഷങ്ങൾക്കായി പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി അധികൃതർ. അവിവാഹിതർക്കും കുടുംബങ്ങൾക്കും വെടിക്കെട്ട് ആസ്വദിക്കാനായി പ്രത്യേക ഇടങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

New Year Celebrations Dubai: കുടുംബങ്ങൾക്കും അവിവാഹിതർക്കും പ്രത്യേക ഇടങ്ങൾ; പുതുവത്സരാഘോഷത്തിന് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി
ദുബായ് വെടിക്കെട്ട്Image Credit source: Social Media
abdul-basith
Abdul Basith | Published: 27 Dec 2024 14:43 PM

ദുബായിലെ പുതുവത്സരാഘോഷത്തിന് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി അധികൃതർ. വെടിക്കെട്ട് (Dubai New Year) ആസ്വദിക്കാൻ കുടുംബങ്ങൾക്കും അവിവാഹിതർക്കും പ്രത്യേക ഇടങ്ങളാണ് അനുവദിച്ചിരിക്കുന്നത്. ഡൗൺടൗൺ ദുബായ്, ദുബായ് ഹിൽസ് എസ്റ്റേറ്റ് എന്നിവിടങ്ങളിലായാണ് പ്രധാനമായും ആഘോഷങ്ങൾ നടക്കുന്നത്. ബുർജ് ഖലീഫ ഉൾപ്പെടുന്ന ഡൗൺടൗൺ ദുബായിലും ദുബായ് ഹിൽസ് എസ്റ്റേറ്റിലും വിവിധ വ്യൂവിങ് ഏരിയകൾ ഒരുക്കിയിട്ടുണ്ട്.

ഡൗൺടൗൺ ദുബായിൽ വെടിക്കെട്ട്, ലൈറ്റ്, ലേസർ ഷോ, സംഗീതപരിപാടികൾ തുടങ്ങി പലതരം ആകർഷണങ്ങളുണ്ട്. ബുർജ് പാർക്കിലെ വലിയ സ്ക്രീനുകളിലും ഇവ ആസ്വദിക്കാം. ദുബായ് ഹിൽസിലാവട്ടെ ഡിജെ ഷോകൾ, കുട്ടികൾക്കുള്ള ഗെയിമുകൾ, ആർട്ട് ഷോകൾ തുടങ്ങിയവയാണുള്ളത്.

ഡൗൺടൗൺ ദുബായിലെ ആഘോഷം ആസ്വദിക്കാൻ കുടുംബമായി എത്തുന്നവർക്ക് ദി ബുലെവാർഡ്, ആക്ട് 1 ആക്ട് 2, സൗത്ത് റിഡ്ജ്, ഓൾഡ് ടൗൺ, കാസ്കേഡ് ഗാർഡൻ എന്നിവിടങ്ങളിലാണ് വ്യൂവിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. അവിവാഹിതർക്കാവട്ടെ റൂഫ് ഹോട്ടലിനടുത്തുള്ള സ്ഥലം, ബുർജ് വിസ്റ്റയുടെ പിൻഭാഗം, ബുർജ് വ്യൂസിൻ്റെ പരിസരം, സബീൽ മാളിൻ്റെ പരിസരം, വിദ റെസിഡൻസിൻ്റെ പിൻഭാഗം എന്നിവിടങ്ങളിൽ പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കാം.

പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് 10,000ന് മുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. 8000ലധികം പോലീസുകാരും ഇവരിലുണ്ട്. 33 സെക്യൂരിറ്റി ടെൻ്റുകളും ഇവിടെയുണ്ട്. 200 ആംബുലൻസുകളും 1800 മെഡിക്കൽ സ്റ്റാഫുകളും എപ്പോഴും തയ്യാറാണ്. 10 ആശുപത്രികളിലും വേണ്ടത്ര സൗകര്യമൊരുക്കിയിട്ടുണ്ട്.

Also Read : New Year 2025 Dubai : പുതുവത്സരത്തിൽ ഉറങ്ങാതെ ദുബായ് മെട്രോ; തുടർച്ചയായി സർവീസ് നടത്തുക 43 മണിക്കൂർ

പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ദുബായ് മെട്രോ ഇടവേളകളില്ലാതെ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ദുബായ് മെട്രോ, ട്രാം സർവീസുകൾ ജനുവരി 31 മുതൽ തുടർച്ചയായ 43 മണിക്കൂർ പ്രവർത്തിക്കും. പുതുവത്സര സമയത്ത് റോഡിലുണ്ടാവുന്ന തിരക്കൊഴിവാക്കാനാണ് തീരുമാനം. റോഡുകളിൽ ട്രാഫിക്ക് ബ്ലോക്ക് പരമാവധി ഒഴിവാക്കാനായി പൊതുഗതാഗതം ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ തീരുമാനത്തിൻ്റെ ലക്ഷ്യം.

ഡിസംബർ 31ന് പുലർച്ച അഞ്ച് മണിയ്ക്ക് ദുബായ് മെട്രോ സർവീസ് ആരംഭിക്കും. ജനുവരി 1 അർദ്ധരാത്രി വരെ സർവീസ് തുടരും. ഡിസംബർ 31 പുലർച്ചെ ആറ് മണിക്ക് സർവീസ് ആരംഭിക്കുന്ന ദുബായ് ജനുവരി രണ്ട് അർദ്ധരാത്രി ഒരു മണി വരെ തുടർച്ചയായി പ്രവർത്തിക്കും. ഇതിനോടൊപ്പം പൊതുജനങ്ങൾക്ക് സൗജന്യമായി യാത്ര ചെയ്യാവുന്ന 1400 ബസുകളും ഈ സമയത്ത് സർവീസ് നടത്തും. തിരക്ക് അധികരിച്ചാൽ ദുബായ് മെട്രോ സ്റ്റേഷൻ ജനുവരി 31 വൈകിട്ട് അഞ്ചിന് അടയ്ക്കുമെന്നും അധികൃതർ അറിയിച്ചു. അതുകൊണ്ട് തന്നെ ഈ സമയത്തിന് ശേഷം തൊട്ടടുത്തുള്ള മറ്റ് സ്റ്റേഷനുകളിലാവും യാത്രക്കാർ ഇറങ്ങേണ്ടത്.

ദുബായ് വെടിക്കെട്ട് കാണാൻ വ്യൂവിങ് ഏരിയ ഉൾപ്പെടെ നാല് മാർഗങ്ങളാണ് ഉള്ളത്. വ്യൂവിങ് ഏരിയകളിൽ പണം നൽകേണ്ട. എന്നാൽ, ഇവിടെ വളരെ നേരത്തെ എത്തി ഏറെ നേരം കാത്തിരിക്കേണ്ടിവരും. ബുർജ് പാർക്കിലെ ആഘോഷങ്ങൾ കാണാൻ ടിക്കറ്റെടുത്ത് കയറാമെന്നത് രണ്ടാമത്തെ രീതി. കുറച്ചുകൂടി സൗകര്യപ്രദമായി വെടിക്കെട്ട് ആസ്വദിക്കാൻ ബുർജ് പാർക്കിൽ ടിക്കറ്റെടുത്ത് കയറുന്നതിലൂടെ സാധിക്കും. ബുർജ് ഖലീഫ, ദുബായ് ഫൗണ്ടേഷൻ എന്നിവകളുടെ മികച്ച കാഴ്ച ലഭിക്കുന്ന റെസ്റ്റോറൻ്റുകളിലോ കഫേകളിലോ ടേബിൾ റിസർവ് ചെയ്യുക എന്നതാണ് മൂന്നാമത്തെ മാർഗം. ഇങ്ങനെ ചെയ്താൽ ഒരു സ്ഥലത്ത് ഇരുന്ന് വെടിക്കെട്ട് ആസ്വദിക്കാനാവും. സമീപത്തെ ഏതെങ്കിലും ഹോട്ടലിൽ റൂം ബുക്ക് ചെയ്യുകയാണ് അടുത്ത രീതി.

 

Latest News