5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

New Year 2025 Dubai: ജനുവരി ഒന്നിന് സൗജന്യ പബ്ലിക് പാർക്കിംഗ്; പുതുവത്സരാഘോഷത്തിൽ കൂടുതൽ ഇളവുകളനുവദിച്ച് ദുബായ്

Dubai Announced Free Public Parking : പുതുവത്സര ദിനത്തിൽ സൗജന്യ പബ്ലിക്ക് പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ഇളവുകൾക്കൊപ്പമാണ് സൗജന്യ പാർക്കിംഗും അനുവദിച്ചത്. ഒന്നാം തീയതി മാത്രമാണ് ഈ ഇളവ്.

New Year 2025 Dubai: ജനുവരി ഒന്നിന് സൗജന്യ പബ്ലിക് പാർക്കിംഗ്; പുതുവത്സരാഘോഷത്തിൽ കൂടുതൽ ഇളവുകളനുവദിച്ച് ദുബായ്
പ്രതീകാത്മക ചിത്രംImage Credit source: halbergman/Getty Images
abdul-basith
Abdul Basith | Published: 28 Dec 2024 08:34 AM

പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകളനുവദിച്ച് ദുബായ്. ജനുവരി ഒന്നിന് എമിറേറ്റിലെ എല്ലാ പൊതു പാർക്കിംഗ് ഏരിയകളിലും സൗജന്യമായി പാർക്ക് ചെയ്യാമെന്നതാണ് പുതിയ ഇളവ്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, മൾട്ടിസ്റ്റോറി പാർക്കിംഗിന് പണം നൽകണം. ഒന്നാം തീയതി മാത്രമാണ് ഈ ഇളവുള്ളത്. രണ്ടാം തീയതി മുതൽ പാർക്കിംഗിന് പണം നൽകണം.

പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് വിവിധ തരം ഇളവുകളാണ് ഭരണകൂടം അനുവദിച്ചത്. മെട്രോ, ട്രാം എന്നിവ വിശ്രമമില്ലാതെ സർവീസ് നടത്തുന്നതും സൗജന്യ ബസുകൾ സർവീസ് നടത്തുന്നതുമൊക്കെ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഇളവുകളായിരുന്നു. ഇതിനൊപ്പമാണ് പാർക്കിംഗ് ഫ്രീയാക്കിയുള്ള ഇളവും അനുവദിച്ചത്. പുതുവത്സരം ആഘോഷിക്കാൻ കുടുംബങ്ങൾ ഉൾപ്പെടെ ഒരുപാട് ആളുകൾ ജനുവരി ഒന്നിന് നിരത്തിലിറങ്ങും. ഇത് കണക്കിലെടുത്താണ് ഇളവ്.

പുതുവത്സരാഘോഷത്തിന് അധികൃതർ വിവിധ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. വെടിക്കെട്ട് ആസ്വദിക്കാൻ കുടുംബങ്ങൾക്കും അവിവാഹിതർക്കും പ്രത്യേക ഇടങ്ങൾ അനുവദിച്ചതായി അധികൃതർ അറിയിച്ചു. ബുർജ് ഖലീഫ ഉൾപ്പെടുന്ന ഡൗൺടൗൺ ദുബായ്, ദുബായ് ഹിൽസ് എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും പുതുവത്സര ആഘോഷങ്ങൾ നടക്കുന്നത്. ഈ രണ്ടിടങ്ങളിലും വിവിധ വ്യൂവിങ് ഏരിയകൾ ഒരുക്കിയിട്ടുണ്ട്.

Also Read : New Year Celebrations Dubai: കുടുംബങ്ങൾക്കും അവിവാഹിതർക്കും പ്രത്യേക ഇടങ്ങൾ; പുതുവത്സരാഘോഷത്തിന് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ഡൗൺടൗൺ ദുബായിലെ ആഘോഷങ്ങളിൽ വെടിക്കെട്ട്, ലൈറ്റ്, ലേസർ ഷോ, സംഗീതപരിപാടികൾ തുടങ്ങി പലതരം ആകർഷണങ്ങളൊരുക്കിയിരിക്കുന്നു. ബുർജ് പാർക്കിലെ വലിയ സ്ക്രീനുകളിൽ ഇവ ആസ്വദിക്കാനുള്ള സൗകര്യവുമുണ്ട്. ദുബായ് ഹിൽസിലാവട്ടെ ഡിജെ ഷോകൾ, കുട്ടികൾക്കുള്ള ഗെയിമുകൾ, ആർട്ട് ഷോകൾ തുടങ്ങിയ ആകർഷണങ്ങളും ഒരുക്കിയിട്ടുണ്ട്.

ഡൗൺടൗൺ ദുബായിലെ പുതുവത്സരാഘോഷത്തിന് കുടുംബമായി എത്തുന്നവർക്ക് ദി ബുലെവാർഡ്, ആക്ട് 1 ആക്ട് 2, സൗത്ത് റിഡ്ജ്, ഓൾഡ് ടൗൺ, കാസ്കേഡ് ഗാർഡൻ എന്നിവിടങ്ങളിൽ വ്യൂവിങ് ഏരിയ ഒരുക്കിയിട്ടുണ്ട്. നേരത്തെ വന്ന് ഇവിടങ്ങളിൽ ഇടം പിടിയ്ക്കാം. അവിവാഹിതർക്കാവട്ടെ റൂഫ് ഹോട്ടലിനടുത്തുള്ള സ്ഥലം, ബുർജ് വിസ്റ്റയുടെ പിൻഭാഗം, ബുർജ് വ്യൂസിൻ്റെ പരിസരം, സബീൽ മാളിൻ്റെ പരിസരം, വിദ റെസിഡൻസിൻ്റെ പിൻഭാഗം എന്നിവിടങ്ങളിലുള്ള വ്യൂവിങ് ഏരിയകളിൽ പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കാം.

പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ഇവിടങ്ങളിൽ 10,000ന് മുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരെയാ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 8000ലധികം പോലീസുകാർ ഉൾപ്പെടെയാണ് ഈ സുരക്ഷാ ഉദ്യോഗസ്ഥർ. 33 സെക്യൂരിറ്റി ടെൻ്റുകളാണ് ഒരുക്കിയിരിക്കുന്നത്. 200 ആംബുലൻസുകളും 1800 മെഡിക്കൽ സ്റ്റാഫുകളും സേവനത്തിന് തയ്യാറാണ്. 10 ആശുപത്രികളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

പുതുവത്സരാഘോഷങ്ങൾക്കായി ദുബായ് മെട്രോയും തയ്യാറായിക്കഴിഞ്ഞു. ദുബായ് മെട്രോ, ട്രാം സർവീസുകൾ ജനുവരി 31 മുതൽ തുടർച്ചയായ 43 മണിക്കൂർ പ്രവർത്തിക്കും. പുതുവത്സര സമയത്ത് റോഡിലുണ്ടാവുന്ന തിരക്കൊഴിവാക്കി പൊതുഗതാഗതം ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ തീരുമാനത്തിൻ്റെ ലക്ഷ്യം. മെട്രോ ജനുവരി ഒന്ന് അർദ്ധരാത്രി വരെയും ട്രാം ജനുവരി രണ്ട് അർദ്ധരാത്രി വരെയും തുടരെ സർവീസ് നടത്തും.

 

Latest News