New Year 2025 in UAE: പുതുവത്സരാഘോഷം; യുഎഇയിൽ ഹോട്ടൽ മുറികളുടെ വാടക വർധിച്ചത് 300 ഇരട്ടിയോളം
New Year 2025 in UAE Hotel Room Rents Rise : പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലെ ഹോട്ടൽ മുറികളുടെ വാടക വർധിച്ചത് 300 ഇരട്ടിയോളം. യുഎഇയിലെ വിവിധ ഇടങ്ങളിൽ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ആളുകൾ ഹോട്ടലുകൾ ബുക്ക് ചെയ്യുന്നുണ്ട്. ഇതാണ് വാടക വർധിക്കാൻ കാരണം.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി യുഎഇയിൽ ഹോട്ടൽ മുറികളുടെ വാടക വർധിച്ചത് 300 ഇരട്ടിയോളം. ബുർജ് ഖലീഫയിലെ വെടിക്കെട്ടടക്കം കാണാൻ ആളുകൾ മുറി ബുക്ക് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇതോടെയാണ് യുഎഇയിൽ ഹോട്ടൽ മുറികളുടെ വാടക കുത്തനെ ഉയർന്നത്. ഇതോടൊപ്പം പുതുവത്സരത്തിൽ യുഎഇയിലെ വിവിധ ഇടങ്ങളിൽ വിവിധ തരത്തിലുള്ള ആകർഷണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഖലീജ് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
പുതുവത്സരത്തോടനുബന്ധിച്ച് ഹോട്ടൽ മുറികൾക്കുള്ള ഡിമാൻഡ് വർധിച്ചതോടെയാണ് വാടക 300 ഇരട്ടിയോളം വർധിച്ചതായി ബുക്കിങ് ഏജൻസികൾ അറിയിച്ചത്. റിസോർട്ടുകളിലെയും ഹോട്ടലുകളിലുമൊക്കെ മുറിവാടക വർധിച്ചിട്ടുണ്ട്. യുഎഇയിലെ വിവിധ ഇടങ്ങളിലായി ഒരുക്കിയിരിക്കുന്ന ആകർഷണങ്ങൾ ആസ്വദിക്കാൻ യുഎഇ സ്വദേശികൾ തന്നെ കൂടുതലായി മുറികൾ ബുക്ക് ചെയ്യുന്നുണ്ട്. ഇതാണ് വാടക വർധിക്കാൻ കാരണം.
ഡോപ്പമിൻ ട്രാവൽസ് സെയിൽസ് ഹെഡ് റാമി ബദർ പറയുന്നതനുസരിച്ച് ദുബായിൽ നിലവിൽ ഹോട്ടലുകളുടെ ഒരു രാത്രി വാടക 800 മുതൽ 2000 ദിർഹം വരെയാണ്. അബുദാബിയിൽ ഇത് 600 മുതൽ 1800 വരെയാണ്. റാസ് അൽ ഖൈമയിലെ ഹോട്ടലുകളാണ് രാജ്യത്തെ തന്നെ ഏറ്റവും വാടക കുറഞ്ഞത്. 500 മുതൽ 1500 ദിർഹം വരെയാണ് റാസ് അൽ ഖൈമയിലെ ഹോട്ടൽ മുറികളുടെ വാടക. ഇത് ഇനിയും വർധിക്കാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ദുബായ് 130 ഇരട്ടിയും അബുദാബി 210 ഇരട്ടിയും റാസ് അൽ ഖൈമ 295 ഇരട്ടിയും പ്രശസ്തമായിട്ടുണ്ട്. ബുർജ് ഖലീഫയിലെ വെടിക്കെട്ടും ജബൽ ജൈസ് പർവതക്കാഴ്ചകളുമാണ് പുതുവത്സരക്കാഴ്ചകളിൽ ഏറെ ഡിമാൻഡുള്ളത്.
Also Read : Saudi Arabia: ‘നിധി’ കുഴിച്ചെടുക്കാൻ സൗദി അറേബ്യ, ഉറ്റ് നോക്കി ലോകം; പ്രതീക്ഷയിൽ മലയാളികൾ
ബുർജ് ഖലീഫയിലെ പുതുവർഷ വെടിക്കെട്ട് ഏറെ പ്രശസ്തമായ ഒരു ആകർഷണമാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പോലും ഇത് കാണാനായി മാത്രം ദുബായിൽ എത്താറുണ്ട്. ഇത് കാണാൻ പല മാർഗങ്ങളുണ്ടെങ്കിലും മുറി വാടകയ്ക്കെടുക്കുക എന്നതാണ് ഏറ്റവും സൗകര്യപ്രദമായ മാർഗം. നാല് മാർഗങ്ങളാണ് വെടിക്കെട്ട് കാണാനുള്ളത്. ഒന്നുകിൽ വെടിക്കെട്ട് കാണാവുന്ന ഏതെങ്കിലും പൊതുസ്ഥലത്ത് നേരത്തെ എത്തി സീറ്റ് പിടിക്കുക. ഇതിന് പണം നൽകേണ്ട. ഇത്തരം വ്യൂവിങ് ഏരിയകൾ ഈ പരിസരങ്ങളിലുണ്ട്. ഇവിടെ വളരെ നേരത്തെ എത്തി ഏറെ നേരം കാത്തിരിക്കേണ്ടിവരും. ബുർജ് പാർക്കിലെ ആഘോഷങ്ങൾ കാണാൻ ടിക്കറ്റെടുത്ത് കയറാമെന്നതാണ് രണ്ടാമത്തെ രീതി. കുറച്ചുകൂടി സൗകര്യപ്രദമായി വെടിക്കെട്ട് ആസ്വദിക്കാൻ ഇതാണ് മാർഗം. മൂന്നാമത്തെ മാർഗം ബുർജ് ഖലീഫ, ദുബായ് ഫൗണ്ടേഷൻ എന്നിവകളുടെ വിശാലമായ കാഴ്ച ലഭിക്കുന്ന റെസ്റ്റോറൻ്റുകളിലോ കഫേകളിലോ ടേബിൾ റിസർവ് ചെയ്യുക എന്നതാണ്. ഇതിലൂടെ ഒരു സ്ഥലത്ത് ഇരുന്ന് വെടിക്കെട്ട് ആസ്വദിക്കാനാവും. നാലാമത്തേതാണ് റൂം ബുക്ക് ചെയ്യുന്ന രീതി. സമീപത്തെ ഏതെങ്കിലും ഹോട്ടലിൽ റൂം ബുക്ക് ചെയ്ത് സൗകര്യപ്രദമായി കരിമരുന്ന് കലാപ്രകടനം ആസ്വദിക്കാം. ഇതിൽ മൂന്ന്, നാല് മാർഗങ്ങൾക്ക് ചെലവേറും. മുറി ബുക്ക് ചെയ്യുന്ന എന്നതാണ് ഏറ്റവും ചെലവേറിയത്.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലും ചില ആകർഷണങ്ങളൊരുക്കിയിട്ടുണ്ട്. അൽ മർമ്മൂം മരുഭൂമിയിൽ ദി അൺകോമൺ എന്ന പേരിൽ പോപ്പിങ് സ്റ്റാളാണ് ഒരുക്കിയിരിക്കുന്നത്. ചുരുങ്ങിയത് 20 ദിർഹം രൂപ ചിലവഴിച്ചാൽ സൗജന്യമായി ഇവിടെ പ്രവേശിക്കാം. ഡിസംബർ 20 മുതൽ ജനുവരി 12 വരെ വൈകുന്നേരം നാല് മണി മുതൽ അർദ്ധരാത്രി ഒരു മണി വരെയാവും ഈ സ്റ്റാൾ പ്രവർത്തിക്കുക. ഔട്ട്ഡോർ സിനിമയും പ്രത്യേക മെനുവും ഉൾപ്പെടെ വിവിധ തരത്തിലുള്ള ആകർഷണങ്ങൾ ഈ പോപ്പപ്പ് സ്റ്റാളിലുണ്ടാവും.