UAE Visa : ഇനി യുഎഇ യാത്ര എളുപ്പം; കൂടുതൽ ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ സൗകര്യം
Visa On Arrival To The UAE : കൂടുതൽ ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ സൗകര്യമേർപ്പെടുത്തി യുഎഇ. ഇന്ത്യക്കാർക്ക് കൂടുതൽ സമയം രാജ്യത്ത് കഴിയാനുള്ള സൗകര്യവുമുണ്ട്.
കൂടുതൽ ഇന്ത്യക്കാർക്ക് ഇനി യുഎഇയിൽ വീസ ഓൺ അറൈവൽ സൗകര്യം. യുകെയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള ടൂറിസ്റ്റ് വീസകൾ കൈവശമുള്ള ഇന്ത്യക്കാർക്ക് ഇനി യുഎഇയിൽ വീസ ഓൺ അറൈവൽ സൗകര്യം ലഭിക്കും. നേരത്തെ അമേരിക്കയിലേക്ക് ടൂറിസ്റ്റ് വീസയുള്ളവർക്കായിരുന്നു ഈ സൗകര്യം ലഭിച്ചിരുന്നത്. ഒപ്പം അമേരിക്കയിലും യുകെയിലും യൂറോപ്യൻ രാജ്യങ്ങളിലും റെസിഡൻസിയുള്ളവർക്കും യുഎഇ വീസ ഓൺ അറൈവൽ സൗകര്യം ലഭിക്കുമായിരുന്നു.
പുതിയ നിബന്ധനകൾ പ്രകാരം വീസയും പാസ്പോർട്ടിനും ആറ് മാസത്തെ കാലാവധിയെങ്കിലും ഉണ്ടാവണം. അർഹതയുള്ള ഇന്ത്യക്കാർക്ക് 250 ദിർഹം നൽകിയാൽ 60 ദിവസത്തെ വീസ ലഭിക്കും. സേവനങ്ങൾക്കുള്ള തുകയും വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാർക്കും കുടുംബക്കാർക്കും 14 ദിവസത്തെ എൻട്രി വീസ ലഭിക്കാൻ 100 ദിർഹമാണ് ഫീസ്. അമേരിക്ക, യുകെ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വീസയും റെസിഡൻസിയുമുള്ളവർക്കും ഈ ഫീസ് തന്നെയാണ്. 14 ദിവസത്തേക്ക് കൂടി വീസ നേട്ടാൻ 250 ദിർഹം നൽകണം. ഇരു രാജ്യങ്ങളും തമ്മിൽ ഏറെക്കാലമായി നിലനിൽക്കുന്ന നയതന്ത്ര ധാരണകളാണ് പുതിയ തീരുമാനങ്ങൾക്ക് പിന്നിലെന്ന് അധികൃതർ അറിയിച്ചു.
Also Read : Dubai : ദുബായിൽ ഇനി ഫൈനടയ്ക്കാനും സർക്കാർ സേവനങ്ങൾക്കും ഇഎംഐ സൗകര്യം; അടുത്തയാഴ്ച നിലവിൽ വരും
പുതിയ തീരുമാനത്തെ ട്രാവൽ ഏജൻസികൾ സ്വാഗതം ചെയ്തിട്ടുണ്ട്. “ഈ തീരുമാനത്തിലൂടെ ബിസിനസ് 15 മുതൽ 17 ശതമാനം വരെ വർധിക്കുമെന്നാണ് തങ്ങൾ കരുതുന്നത്. യുകെയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും സഞ്ചരിക്കുന്നവർ യുഇഇയിലൂടെ ട്രാൻസിറ്റ് സൗകരം ഉപയോഗിച്ചാണ് ഇതുവരെ യാത്ര ചെയ്തിരുന്നത്. ഇപ്പോൾ അവർക്ക് വീസ ഓൺ അറൈവൽ സൗകര്യം ലഭിക്കും. അതുകൊണ്ട് തന്നെ കൂടുതൽ ആളുകളും ഒന്നോ രണ്ടോ ദിവസം ഇവിടെ ചിലവഴിക്കും. അത് മൊത്തത്തിൽ ഗുണം ചെയ്യും. 10 മുതൽ 15 ശതമാനം വരെ വളർച്ച ടൂറിസം മേഖലയിൽ പ്രതീക്ഷിക്കുന്നുണ്ട്. നവംബറിനും മാർച്ചിനും ഇടയിലുള്ള സമയത്താണ് ഈ തീരുമാനം വരുന്നത്. ഈ സമയത്ത് കൂടുതൽ ആളുകൾ യൂറോപ്പിലേക്കും മറ്റും യാത്ര ചെയ്യുന്നതാണ്.”- സാഫ്രോൺ ട്രാവൽ ആൻഡ് ടൂറിസം പ്രതിനിധി പ്രവീൺ ചൗധരി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.