Iran Attacks Israel : ആക്രമണം ഹിസ്ബുള്ള നേതാവിനെ കൊലപ്പെടുത്തിയതിനുള്ള മറുപടി: പ്രതികരണവുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ്
Attack On Israel Iran Response : ഇസ്രയേലിലേക്കുള്ള മിസൈൽ ആക്രമണത്തിൽ വിശദീകരണവുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ്. ഹിസ്ബുള്ള, ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണമെന്ന് ഗാർഡ് പറഞ്ഞു.
ഇസ്രയേലിലേക്കുണ്ടായ മിസൈൽ ആക്രമണം ഹിസ്ബുള്ള നേതാവിനെ കൊലപ്പെടുത്തിയതിനുള്ള മറുപടിയെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ്. കഴിഞ്ഞ ആഴ്ച ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുള്ളയെയും ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയെയും കൊലപ്പെടുത്തിയതിന് മറുപടി ആയാണ് ആക്രമണമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിലേക്ക് 250ലധികം മിസൈലുകൾ വർഷിച്ചു എന്നാണ് റിപ്പോർട്ടുകൾ.
‘ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെയും ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുള്ളയുടെയും രക്തസാക്ഷിത്വത്തിന് മറുപടിയായി ഞങ്ങൾ ഇസ്രയേലിൻ്റെ ഹൃദയഭാഗത്ത് ആക്രമണം നടത്തി.’- വാർത്താ കുറിപ്പിൽ ഗാർഡ്സ് പറഞ്ഞതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിലേക്ക് ഇറാന്റെ മിസൈല്‍ ആക്രമണം ഉണ്ടായതായി ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചു. മിസൈലാക്രമണത്തെ തുടർന്ന് ആളുകളെ ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയെന്നും എക്‌സ് പോസ്റ്റിലൂടെ ഐഡിഎഫ് അറിയിച്ചു. മിസൈലാക്രമണത്തിന് പിന്നാലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ഹോം ഫ്രണ്ട് കമാന്‍ഡര്‍മാര്‍ ആളുകൾക്ക് മൊബൈൽ ഫോണിലൂടെ നിർദ്ദേശം നൽകിയിരുന്നു. സൈറൺ മുഴങ്ങുമ്പോൾ തൊട്ടടുത്തുള്ള സുരക്ഷിതമായ ഇടങ്ങളിലേക്ക് ആളുകൾ മാറണം. എന്നിട്ട് മറ്റ് നിർദ്ദേശങ്ങൾക്ക് കാത്തിരിക്കണമെന്നും ജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചു.
രാജ്യത്തെ എയര്‍ ഡിഫന്‍സ് സിസ്റ്റം കാര്യക്ഷമമായി പ്രവർത്തിക്കുന്നു. എങ്കിലും ഹോം ഫ്രണ്ട് കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. പലയിടങ്ങളിൽ നിന്നായി സ്ഫോടന ശബ്ദങ്ങൾ കേൾക്കാനിടയുണ്ട്. ചിലപ്പോൾ സൈറണുകളുടെ പ്രവർത്തനം നിലച്ചേക്കും. എങ്കിലും ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ നിങ്ങൾക്ക് നിർദ്ദേശങ്ങൾ ലഭിക്കും. ആരും പരിഭ്രാന്തരാവാതിരിക്കുക എന്നും അധികൃതർ പറഞ്ഞു.