Lulu : അടുത്ത അഞ്ച് വർഷത്തിൽ ജിസിസിയിൽ ലുലു തുറക്കുക 100 സ്റ്റോറുകൾ; പ്രഖ്യാപനവുമായി എംഎ യൂസുഫലി
Lulu Plans To Open 100 Stores : അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിസിസി രാജ്യങ്ങളിൽ 100 ലുലു സ്റ്റോറുകൾ തുറക്കുമെന്ന് കമ്പനി ചെയർമാൻ എംഎ യൂസുഫലി. നിലവിൽ 91 എണ്ണം തീരുമാനിച്ചിട്ടുണ്ടെന്നും ബാക്കി കൂടി ഉടൻ എത്തുമെന്നും ലുലു റീട്ടെയിൽ സിഇഒ സൈഫീ രൂപവാല പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിസിസി രാജ്യങ്ങളിൽ 100 ലുലു സ്റ്റോറുകൾ തുറക്കുമെന്ന് കമ്പനി ചെയർമാനും സ്ഥാപകനുമായ എംഎ യൂസുഫലി. ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ലുലു ഐപിഒയുടെ ഓവർസബ്സ്ക്രിപ്ഷനെപ്പറ്റിയുള്ള വാർത്താസമ്മേളനത്തിലാണ് യൂസുഫലിയുടെ പ്രഖ്യാപനം.
“ജിസിസി വളരെ ശക്തമായ ഒരു സാമ്പത്തിക വ്യവസ്ഥിതിയാണ്. ഞങ്ങൾ ജിസിസിയിലാകെയുള്ള റീട്ടെയിൻ ശൃംഖലയുമാണ്. ജനസംഖ്യ വർധിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതൽ ഔട്ട്ലറ്റുകൾ തുറക്കേണ്ടതുണ്ട്.”- യൂസുഫലി പറഞ്ഞു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14ന് ലുലുവിൻ്റെ ഷെയറുകൾ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Also Read : Dubai – Abu Dhabi Taxi : 66 ദിർഹമിന് ദുബായ് – അബുദാബി ടാക്സി; സർക്കാരിൻ്റെ പുതിയ സംവിധാനം സൂപ്പർ ഹിറ്റ്
91 റീട്ടെയിൽ ഷോപ്പുകൾ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ടെന്ന് ലുലു റീട്ടെയിൽ സിഇഒ സൈഫീ രൂപവാല പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഉടൻ തന്നെ ഇത് 100ലെത്തും. ഇതിനായുള്ള ചർച്ചകൾ നടക്കുകയാണ്. നിലവിൽ 240 സ്റ്റോറുകളിലായി 50,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പുതിയ സ്റ്റോറുകൾ കൂടി വരുന്നതോടെ ജോലിസാധ്യത വർധിക്കുമെന്നും അദ്ദേഹം പറഞ്ഞതായി ഖലീജ് ടൈംസ് പറഞ്ഞു.
ഓട്ടോണമസ് സ്റ്റോറുകൾ കൂടി ലുലു ഗ്രൂപ്പിൻ്റെ പരിഗണനയിലുണ്ട്. ചെറിയ സ്റ്റോറുകളിൽ ഓട്ടോണമസ് സേവനമൊരുക്കാനാണ് ശ്രമം. നിലവിൽ ഇതിൻ്റെ ട്രയൽ റൺ നടക്കുകയാണ്. ഈ ട്രയൽ റണ്ണുകളുടെ ഫലം പുറത്തുവരുന്നതിനനുസരിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ജിസിസിയിലെ 240 ഔട്ട്ലെറ്റുകളായി ഒരു ദിവസം ആറ് ലക്ഷത്തിലധികം ആളുകളാണ് എത്തുന്നത്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 85 രാജ്യങ്ങളിലെ സാധനങ്ങൾ ലുലു ഔട്ട്ലറ്റുകളിൽ ഉണ്ട്.