Kazakhstan Plane Crash: അസര്‍ബൈജാനോട് മാപ്പ് പറഞ്ഞ് പുടിന്‍; പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു
Vladimir Putin Apologizes to Azerbaijan: അടിയന്തരമായ ലാന്‍ഡിനിങ്ങിനിടെ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 38 പേര്‍ മരിക്കുകയും 29 പേര്‍ പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു. വിമാനാപകടത്തിന് പിന്നില്‍ റഷ്യയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെയെല്ലാം റഷ്യ തള്ളുകയായിരുന്നു.
മോസ്‌കോ: കസാഖിസ്ഥാനിലുണ്ടായ വിമാനാപകടത്തില്‍ അസര്‍ബൈജാനോട് ഖേദം പ്രകടിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവുമായി ഫോണില്‍ സംസാരിച്ചാണ് പുടിന്‍ മാപ്പ് പറഞ്ഞത്. റഷ്യയുടെ വ്യോമമേഖലയില്‍ വിമാനാപകടം നടന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പുടിന്‍ പറഞ്ഞു.
എന്നാല്‍ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഉള്ളതായിരുന്നു പുടിന്റെ ക്ഷമാപണം. അപകടത്തില്‍ ഇരകളായവരുടെ കുടുംബത്തോട് ആത്മാര്‍ഥമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും പുടിന്‍ പറഞ്ഞു.
അടിയന്തരമായ ലാന്‍ഡിനിങ്ങിനിടെ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 38 പേര്‍ മരിക്കുകയും 29 പേര്‍ പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു. വിമാനാപകടത്തിന് പിന്നില്‍ റഷ്യയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെയെല്ലാം റഷ്യ തള്ളുകയായിരുന്നു. വിമാനാപകടവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവും പ്രതികരിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കണം. അപകടത്തെ കുറിച്ച് മുന്‍കൂട്ടി അനുമാനിക്കുന്നത് തെറ്റാണെന്നുമാണ് ക്രെംലിന്‍ പറഞ്ഞത്.
അതേസമയം, വിമാനാപകടത്തില്‍ പ്രതികരിച്ച് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് രംഗത്തെത്തിയിരുന്നു. ബാഹ്യ ഇടപെടല്‍ ഉണ്ടായതായാണ് എയര്‍ലൈന്‍സിന്റെ വാദം. ബാഹ്യ ഇടപെടലും സാങ്കേതിക തകരാറുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായാതാണ് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് അറിയിച്ചത്.
ഡിസംബര്‍ 25നാണ് യാത്രാ വിമാനം തകര്‍ന്നുവീണത്. അസര്‍ബൈജാന്റെ തലസ്ഥാനമായ ബാക്കുവില്‍ നിന്നും റഷ്യയിലെ ചെച്‌നിയയിലെ ഗ്രോസ്‌നിയയിലേക്ക് പോവുകയായിരുന്നു വിമാനം. എംബ്രയര്‍ 190 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
67 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 29 പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. 38 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഗ്രോസ്‌നിയയിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വഴി തിരിച്ചുവിടുന്നത് വിമാനത്തിന് നിര്‍ദേശം ലഭിച്ചിരുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പായാണ് അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെട്ടത്.
അക്തോ വിമാനത്താവളത്തിന് ചുറ്റും വിമാനം ഏറെ നേരം വട്ടമിട്ട് പറന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെ റഷ്യയ്ക്ക് അപകടത്തില്‍ പങ്കുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയായിരുന്നു. റഷ്യയ്‌ക്കെതിരെ ആരോപണം നിലനില്‍ക്കുന്നതിനിടെയായിരുന്നു അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ അപകടത്തെ കുറിച്ചുള്ള വിശദീകരണം.
വിമാനം അപകടത്തില്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിമാനം താഴേക്ക് പതിക്കുന്നതിനിടയില്‍ സീറ്റ് ബെല്‍റ്റ് ഇടുന്നതിനായി വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നത് വീഡിയോകളില്‍ വ്യക്തമാണ്.
റഷ്യന്‍ വ്യോമപ്രതിരോധ മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്ന് വീണതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുക്രൈനിന്റെ ഡ്രോണുകള്‍ പതിക്കുന്ന മേഖലയായതിനാല്‍ തന്നെ ശത്രുവാണെന്ന് കരുതി വിമാനത്തിന് നേരെ റഷ്യ മിസൈല്‍ അയച്ചിരിക്കാം എന്ന് സൈനിക വിദഗ്ധര്‍ ആരോപിച്ചിരുന്നു.